തിരുവനന്തപുരം: വിദേശവനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണത്തോട് പ്രദേശവാസികള്‍ സഹകരിച്ചിരുന്നില്ലെന്ന് റിപ്പോര്‍ട്ട്. ലിഗയെ കാണാതായി ദിവസങ്ങള്‍ നീണ്ട തെരെച്ചില്‍ നടത്തിയിട്ടും വിവരങ്ങളൊന്നും നല്‍കാന്‍ പ്രദേശവാസികള്‍ തയ്യാറാവാതിരുന്നതാണ് പോലീസിനെ ഏറെ ബുദ്ധിമുട്ടിലാക്കിയത്. ലിഗയെ കാണാതായി ഒരു മാസത്തിന് ശേഷമാണ് തിരുവല്ലത്തിന് സമീപം വാഴമുട്ടത്തെ ആളൊഴിഞ്ഞ പ്രദേശത്തെ മൃതദേഹം കണ്ടെത്തുന്നത്. പ്രദേശത്തെ ചിലരാണ് പോലീസിനെ വിവരമറിയിച്ചത്.
എന്നാല്‍ പ്രദേശവാസികളായ ചിലര്‍ മൃതദേഹം നേരത്തെ കണ്ടിരുന്നുവെന്നും പോലീസിനെ മനഃപൂര്‍വ്വം വിവരമറിയിക്കാതിരുന്നതാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ശരീരം കിടന്നിരുന്നതിന് തൊട്ടടുത്തായി 30 ഓളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ജീര്‍ണിച്ച മൃതശരീരത്തില്‍ നിന്ന് ദുര്‍ഗന്ധമുണ്ടായിട്ട് പോലും ആരും സംഭവ സ്ഥലത്ത് എത്തിയില്ലെന്നത് അവിശ്വസനീയമാണ്. ലിഗയെ പലരും കണ്ടിരുന്നെങ്കിലും പോലീസിനെ അറിയിച്ചില്ല. രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ട് പോലും ആരും തിരിഞ്ഞു നോക്കാതിരുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ വാഴമുട്ടത്തിന് സമീപങ്ങളില്‍ താമസിക്കുന്നവരാണെന്ന് പോലീസിന് സംശയമുണ്ട്. അതേസമയം കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്ന് കരുതുന്ന നാല് പേര്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ശക്തമായ തെളിവുകളുടെ അഭാവമുള്ളതു കൊണ്ടാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താത്തത്. വരും ദിവസങ്ങളില്‍ കേസിന്റെ സത്യാവസ്ഥ പുറത്തുവരുമെന്നാണ് കരുതുന്നത്.
Leave a Reply