തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചതായി സൂചന. കൃത്യം നടത്തിയത് മൂന്ന് പേരടങ്ങിയ സംഘമാണെന്നാണ് വിവരം. പ്രതികളില്‍ രണ്ടുപേര്‍ ലഹരി സംഘാംഗങ്ങളും ഒരാള്‍ യോഗാ പരിശീലകനുമാണ്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്ത് നിന്ന് മൂന്നുപേര്‍ ഓടിപ്പോകുന്നതു കണ്ടതായി മൊഴി ലഭിച്ചിട്ടുണ്ട്.
വള്ളത്തില്‍ നിന്നും സമീപ പ്രദേശങ്ങളിലും ഫോറന്‍സിക് വിദഗ്ദ്ധര്‍ തെളിവുകള്‍ ശേഖരിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ പ്രതികളായ മുഴുവന്‍ പേരെയും അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അതേസമയം ലിഗയുടെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലം ലഭിച്ചശേഷമായിരിക്കും അറസ്റ്റ് ഉണ്ടാവുകയെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ ശേഖരിക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. നേരത്തെ ലിഗയെ കൊലപ്പെടുത്തിയത് ഒന്നിലേറെ ആളുകള്‍ ഉള്‍പ്പെട്ട സംഘമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കഴുത്ത് ഞെരിച്ചാവാം കൊല നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
നിലവില്‍ അഞ്ചുപേര്‍ കസ്റ്റഡിയിലുണ്ട്. രണ്ടു ദിവസത്തിനുള്ളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും. അതേസമയം പോലീസിനെതിരെ വിമര്‍ശനവുമായി ലിഗയുടെ സഹോദരി ഇലിസ് രംഗത്തെത്തി. കാണാതായപ്പോള്‍ ശക്തമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തന്റെ സഹോദരി കൊല്ലപ്പെടില്ലായിരുന്നുവെന്ന് ഇലിസ് പറഞ്ഞു.
Leave a Reply