തിരുവനന്തപുരം: വിദേശ വനിത ലിഗയെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോത്തന്‍കോട് നിന്നു കാണാതായ ലിഗയുടെ ശരീരം ദിവസങ്ങള്‍ക്ക് ശേഷമാണ് തിരുവല്ലത്ത് നിന്ന് കണ്ടെടുക്കുന്നത്. ആത്മഹത്യയാണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നതോടെ കൊലപാതകമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
ബലപ്രയോഗത്തിനിടെയാണു ലിഗ കൊല്ലപ്പെട്ടത്. കഴുത്തിലെ തരുണാസ്ഥികളില്‍ പൊട്ടലുണ്ടായിട്ടുണ്ട്. തൂങ്ങി മരിച്ചാല്‍ തരുണാസ്ഥികളില്‍ കേടുപാടുകള്‍ ഉണ്ടാവില്ല. കഴുത്ത് ഞെരിച്ചതിന്റെ അടയാളങ്ങളും ശരീരത്തിലുണ്ട്. ഇടുപ്പെല്ലിലും ക്ഷതമേറ്റിട്ടുണ്ട്. ശരീരത്തില്‍ ഇത്രയധികം പരിക്കുകള്‍ പറ്റിയതിനാലാണ് പോലീസ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ലിഗയെ കൊലപ്പെടുത്തിയതാകാന്‍ സാധ്യതയുള്ളതായി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണര്‍ പി. പ്രകാശ് നേരത്തെ സൂചന നല്‍കിയിരുന്നു. അതേസമയം കേസിലെ പ്രതികള്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന. മുഖ്യപ്രതി പൊലീസ് കസ്റ്റഡിയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതികള്‍ക്കെതിരെ ശക്തമായ തെളിവുകള്‍ക്കായി കാത്തിരിക്കുകയാണ് അന്വേഷണ ഏജന്‍സിയെന്നാണ് വിവരം.
Leave a Reply