മുഖ്യമന്ത്രിയെ കാണാന്‍ ലിഗയുടെ സഹോദരി പലവട്ടം ശ്രമിച്ചെങ്കിലും കാണാന്‍ അനുമതി നല്‍കിയില്ല. നിയമസഭയുടെ മുന്‍പില്‍ കാത്തുനിന്നെങ്കിലും കാണാന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ വിളിച്ചിട്ടും ഫോണെടുത്തില്ല. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാണാന്‍ മൂന്നു മണിക്കൂറുകള്‍ കാത്തിരുന്നു. പോലീസിനെ കുറ്റം പറഞ്ഞാല്‍ ഒരു മിസ്സിംഗ് കേസെടുത്ത് ക്ലോസ് ചെയ്യുമെന്ന് ഡി.ജി.പി ഭീഷണിപ്പെടുത്തിയതായി പ്രമുഖ സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാല.

ലിഗയെ കാണാതായി എട്ടാമത്തെ ദിവസം മുതലാണ് ലിഗയുടെ സഹോദരി ഇല്‍സിക്കൊപ്പം താനും ചേര്‍ന്നതെന്ന് അശ്വതിയുടെ ഫെയ്‌സ്ബുക്കില്‍ പറയുന്നു. തുടക്കം മുതലേ പോലീസിന്റെ അനാസ്ഥയായിരുന്നു. പോത്തന്‍കോട് പോലീസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് പത്താംദിവസം വിഴിഞ്ഞം, കോവളം പോലീസ് സ്‌റ്റേഷനുകളിലെത്തുമ്പോള്‍ അവിടെയൊന്നു ലിഗയെ കാണാതായ വിവരം എത്തിയിട്ടു പോലുമുണ്ടായിരുന്നില്ല. ഇതായിരുന്നു പോലീസിന്റെ കാര്യക്ഷമത.

പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലാത്തതിനാല്‍ ജനപ്രതിനിധികളെ കാണാന്‍ ശ്രമിച്ചു. ആ ശ്രമവും നിരാശാജനകമായിരുന്നു. ഒരു ദിവസം രാവിലെ ഒമ്പതരക്ക് മുഖ്യമന്ത്രിയെ കാണാനുള്ള മുന്‍കൂര്‍ അനുമതിയുമായി നിയമസഭയ്ക്ക് മുന്നില്‍ കാത്തു നിന്നു. അനുമതി നല്‍കിയ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിയെ പലവട്ടം വിളിച്ചിട്ടും ഫോണെടുത്തില്ല. അനുമതിയില്ലാത്തതിനാല്‍ അകത്തേക്ക് കയറ്റിവിട്ടില്ല. ഒടുവില്‍ 11 മണിയോടെ ഞങ്ങളുടെ മുന്നിലൂടെ മുഖ്യമന്ത്രി ചീറിപ്പാഞ്ഞു പോകുമ്പോള്‍ ആ വിദേശികള്‍ ചോദിച്ചു ‘ഈ മുഖ്യമന്ത്രിയെ കാണാനാണോ നമ്മള്‍ ഇവിടെ കാത്തുനിന്നത്’ പിന്നീട് ഫോണെടുത്ത പി.എ പറഞ്ഞു. ഇനി മുഖ്യമന്ത്രിയെ കാണാനാവില്ല.

ഡി.ജി.പിയെ കാണാന്‍ പോയത് മറ്റൊരു ദുരന്തമായിരുന്നു. അധികാരത്തിന്റെ ഗര്‍വ്വും അഹങ്കാരവും മാത്രമായിരുന്നു ബെഹ്‌റയില്‍ കാണാന്‍ കഴിഞ്ഞത്. ഡി.ജി.പിയുടെ അഹങ്കാരത്തിനു മുന്നില്‍ നിസ്സഹായയായ സഹോദരി ഇല്‍സ പൊട്ടിക്കരഞ്ഞു. നാണക്കേട് കൊണ്ട് താന്‍ തലക്കുനിച്ച് ഇരുന്നുവെന്ന് അശ്വതി ഫെയ്‌സ്ബുക്കില്‍ എഴുതിയിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘നിങ്ങളുടെ സ്‌നേഹ സമ്പന്നയായ ഭാര്യയെ പെട്ടെന്ന് ഒരു ദിവസം കടല്‍ത്തീരത്ത് കാണാതായാല്‍ നിങ്ങള്‍ വീട്ടില്‍ പോയി സുഖമായി ഉറങ്ങുമോ ? അതോ കിട്ടാവുന്ന എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് അന്വേഷിച്ചിറങ്ങുമോ ?” ലിഗയുടെ ഭര്‍ത്താവ് ആന്‍ഡ്രൂസ് നിരാശയോടെ ഡി.ജി.പിയോട് ചോദിച്ചു. ഒടുവില്‍ അയാള്‍ ഡി.ജി.പിയോട് പറഞ്ഞു. എനിക്ക് നിങ്ങളുടെ പോലീസിനെ വിശ്വാസമില്ല. ഇതിനൊക്കെ ശേഷമാണ് ഡി.ജി.പി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചതും പാരിതോഷികം പ്രഖ്യാപിച്ചതും.

ഒടുവില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തതിനു ശേഷമാണ് പോലീസും തീരദേശ സേനയും ഒന്നുണര്‍ന്നത്. പോലീസിന്റെ നിര്‍വികാരതക്കെതിരെ പാവം ഭര്‍ത്താവ് ആന്‍ഡ്രൂസ് പ്രതികരിക്കാന്‍ തുടങ്ങിയപ്പോള്‍ പോലീസ് അയാളെ മാനസിക രോഗിയാക്കി അദ്ദേഹത്തെ ആശുപത്രിയിലടച്ചു. ആറു ദിവസം കസ്റ്റഡിയില്‍ വെച്ച് ബലമായി ടിക്കറ്റ് എടുപ്പിച്ച് അയര്‍ലന്റിലേക്ക് കയറ്റിവിട്ടു. ലിഗയുടെ മൃതശരീരം കണ്ടെത്തുന്നതിന് മൂൂന്നു ദിവസം മുന്‍പാണ് അയാള്‍ വീണ്ടും ഇന്ത്യയിലേക്ക് തിരിച്ചു വന്നത്. ലിഗയുടെ സഹോദരി കരഞ്ഞു കൊണ്ട് പറഞ്ഞത് തനിക്ക് ഒരിക്കലും മറക്കാനാകില്ലെന്ന് അശ്വതി എഴുതുന്നു, ‘ഈ ഗതി ആര്‍ക്കും വരരുതെന്നായിരുന്നു’

ഒരു വിദേശിക്ക് ഇത്തരം ഒരു ദുരവസ്ഥയുണ്ടായിട്ട് ആശ്വസിപ്പിക്കാന്‍ ഒരു ജനപ്രതിനിധിയെയും ആ പരിസരത്തെങ്ങും കണ്ടില്ല. മരിച്ചതിനു ശേഷമുള്ള നഷ്ടപരിഹാര പ്രഖ്യാപനത്തേക്കാള്‍ ഒരു ആശ്വാസവാക്കെങ്കിലും ആ സഹോദരിയോട് പറഞ്ഞിരുന്നെങ്കില്‍ ഈ പ്രഖ്യാപനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകുമായിരുന്നു. ജനപ്രതിനിധികളുടെയും പോലീസുകാരുടെയും മനോഭാവത്തില്‍ മാറ്റമുണ്ടാകുന്നില്ലെങ്കില്‍ നമ്മുടെ നാടിന് ഇനി ഒരുപാട് തവണ ഇതുപോലെ തലകുനിക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല പറയുന്നു.