തിരുവനന്തപുരം: കോവളത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ലിഗയുടെ മരണം അസ്വാഭാവികമാണെന്ന് സഹോദരി. ലാത്വിയന്‍ വിനോദസഞ്ചാരിയായ ലിഗയെ കാണാതായി ഒരു മാസത്തനു ശേഷമാണ് ലിഗയുടേതെന്ന് കരുതുന്ന മൃതദേഹം കോവളം ബീച്ചിന് 6 കിലോമീറ്റര്‍ അകലെ കണ്ടെത്തിയത്. ലിഗയുടെ സഹോദരി ഇല്‍സിയും ഭര്‍ത്താവ് ആന്‍ഡ്രൂസും വാര്‍ത്താസമ്മേളനത്തിലാണ് മരണത്തില്‍ അസ്വാഭാവികതയുണ്ടെന്ന് ആവര്‍ത്തിച്ചത്. പോലീസില്‍ നിന്ന് നിരുത്തരവാദപരമായ സമീപനമാണ് ഉണ്ടായതെന്നും ഇവര്‍ പറഞ്ഞു.

ലിഗയ്ക്ക് നേരിടേണ്ടി വന്ന ദുരനുഭവം മറ്റൊരാള്‍ക്കും ഇനി ഉണ്ടാകരുതെന്ന ഉറച്ചവാശിയില്‍ പോരാട്ടത്തിനിറങ്ങുകയാണെന്നും സഹോദരി പറഞ്ഞു. മരണത്തില്‍ ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ട ഡിജിപിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. ലിഗയെ കാണാതായ സമയത്ത് പോലീസില്‍ നിന്നുണ്ടായ സമീപനം ഈ അന്വേഷണത്തില്‍ ആവര്‍ത്തിക്കരുത്. ആത്മഹത്യയാണെന്നാണ് വിധിയെഴുതുന്നതെങ്കില്‍ റീ പോസ്റ്റ്‌മോര്‍ട്ടത്തിന് ആവശ്യപ്പെടും. മൃതദേഹം ലാത്വിയയിലെത്തിച്ച് വിശദ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് അവര്‍ വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലിഗയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തേക്ക് അവള്‍ക്ക് ഒറ്റയ്ക്ക് എത്തിപ്പെടാനാകില്ല. മറ്റാരെങ്കിലും അങ്ങോട്ടേക്ക് എത്തിച്ചതാകും. കോവളം ബീച്ചിനെ കുറിച്ച് കേട്ടുകേള്‍വി പോലുമില്ലാത്ത ഇന്ത്യയില്‍ ആദ്യമായി എത്തിയ അവള്‍ അവിടെ നിന്ന് ആറ് കിലോമീറ്റര്‍ അപ്പുറം എങ്ങനെ എത്തിചേര്‍ന്നു. ഈ പ്രദേശത്ത് മുമ്പും ദുരൂഹ മരണങ്ങള്‍ നടന്നതായി പ്രദേശവാസികളില്‍ നിന്നറിഞ്ഞു. മൃതദേഹത്തില്‍ നിന്ന് കണ്ടെത്തിയ ജാക്കറ്റും അവളുടേതല്ലെന്ന് ആവര്‍ത്തിക്കുന്നു.

മുഖ്യമന്ത്രിയെ കാണാന്‍ തങ്ങള്‍ ശ്രമിച്ചിരുന്നെങ്കിലും കഴിഞ്ഞില്ലെന്ന് ഇല്‍സി പറഞ്ഞു. കാണാതായ സമയത്ത് കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ അവളെ കണ്ടെത്താനാകുമായിരുന്നു. മരണവുമായി ബന്ധപ്പെട്ട് സംശയം ദൂരീകരിക്കുന്നത് വരെ പോരാടും. വിഷയത്തില്‍ എംബസിയുടേയും ലാത്വിയന്‍ സര്‍ക്കാരിന്റേയും സഹായം ഉറപ്പാക്കിയിട്ടുണ്ട്. ആവശ്യത്തിന് പണം കൈയിലില്ലാത്ത അവള്‍ പുതിയ ജാക്കറ്റ് വാങ്ങിയെന്ന വാദം തള്ളിക്കളയുകയാണെന്നും അവര്‍ പറഞ്ഞു.