ഹരികുമാര്‍ ഗോപാലന്‍

കാശ്മീരില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട 8 വയസുകാരി അസിഫക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും സിറിയയില്‍ യുദ്ധകെടുതിയില്‍ ജീവന്‍ ഹോമിക്കപ്പെടുന്ന കുട്ടികള്‍ക്ക് വേണ്ടി സുറിയാനിയില്‍ പാട്ടുപാടിയും ലിവര്‍പൂള്‍ മലയാളി അസോസിയേഷന്‍(ലിമ) നടത്തിയ രണ്ടാമത് ഈസ്റ്റര്‍, വിഷു ആഘോഷം ശ്രദ്ധേയമായി.

ലിവര്‍പൂളില്‍ താമസിക്കുന്ന എല്‍ദോസ് സൗമൃ ദമ്പതികളുടെ മകള്‍ എമിലി എല്‍ദോസും ജോഷുവ എല്‍ദോസും ചേര്‍ന്നാണ് സിറിയയിലെ യുദ്ധത്തില്‍ നരകിക്കുന്ന കുട്ടികള്‍ക്കുവേണ്ടി സുറിയാനിയില്‍ പാട്ടുപാടി പിന്തുണ അറിയിച്ചത്. മുഖ്യഅഥിതിയായി എത്തിയ ഡോക്ടര്‍ സുസന്‍ കുരുവിള, ഡോക്ടര്‍ കുരുവിള എന്നിവരും ലിമ ഭാരവാഹികളും കൂടി നിലവിളക്ക് കൊളുത്തികൊണ്ട് പരിപാടികള്‍ക്കു തുടക്കമിട്ടു. പിന്നിട് കുട്ടികളെ വിഷുക്കണി കാണിച്ചു അതിനുശേഷം വിഷു കൈനീട്ടം ഡോക്ടര്‍ സുസന്‍ കുരുവിളയും, ഡോക്ടര്‍ കുരുവിളയും ചേര്‍ന്നു നല്‍കി.

ആശംസകള്‍ നേര്‍ന്നു കൊണ്ട് ഡോക്ടര്‍ സുസന്‍ കുരുവിള, ടോം ജോസ് തടിയംപാട്, ജോയി അഗസ്തി, തോമസ്‌കുട്ടി ഫ്രാന്‍സിസ് എന്നിവര്‍ സംസാരിച്ചു. കഴിഞ്ഞ ശനിയാഴ്ച്ച വിസ്റ്റന്‍ ടൗണ്‍ ഹാളിലാണ് പരിപാടികള്‍ അരങ്ങേറിയത്.


കുട്ടികളും മുതിര്‍ന്നവരും വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഫസക്കര്‍ലി ലേഡിസ് അവതരിപ്പിച്ച ഡാന്‍സും ഹരികുമാര്‍ ഗോപാലന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച അമ്മന്‍കുടവും കാണികളുടെ നിലക്കാത്ത കൈയടി നേടി. മത സാഹോദര്യത്തിന്റെ പരിസരം പൊതുവേ നഷ്ട്ടമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മതസാഹോദര്യത്തിന്റെ സന്ദേശം പകര്‍ന്നു നല്‍കുക എന്നതാണ് ഇത്തരം പരിപാടികള്‍കൊണ്ട് ഉദേശിക്കുന്നതെന്നു ലിമ ഭാരവാഹികള്‍ പറഞ്ഞു. വൈകുന്നേരം 6 മണിക്ക് ആരംഭിച്ച പരിപാടികള്‍ രാത്രി 10 മണി വരെ തുടര്‍ന്നു. വളരെ രുചികരമായ ഭക്ഷണമാണ് അതിഥികള്‍ക്ക് വേണ്ടി ഒരുക്കിയിരുന്നത്. പരിപാടികള്‍ക്ക് ലിമ സെക്രട്ടറി ബിജു ജോര്‍ജ് നന്ദി പറഞ്ഞു.