തോമസുകുട്ടി ഫ്രാന്‍സിസ് ലിവര്‍പൂള്‍

ലിവര്‍പൂള്‍: വേറിട്ട ആശയാവിഷ്‌കാരങ്ങളിലൂടെ യുകെ മലയാളി സമൂഹത്തിന് സുപരിചിതമായ ലിംകയെന്ന ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന് നവ നേതൃത്വം. ഒന്നര പതിറ്റാണ്ടിന്റെ പ്രവര്‍ത്തന തിളക്കവുമായി ലിംക ജൈത്ര യാത്ര തുടരുമ്പോള്‍ കൂടുതല്‍ ഉണര്‍വ്വോടെ കരുത്തുറ്റ പ്രവര്‍ത്തനങ്ങള്‍ക്കായി പുതിയ ഭരണസമിതിക്ക് രൂപം നല്‍കി. ലിംകയുടെ ചെയര്‍ പേഴ്‌സണ്‍ ആയി ശ്രീ ഫിലിപ്പ് മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ലിംകയുടെ പുതിയ പ്രവര്‍ത്തന വര്‍ഷത്തെ ഈ അമരക്കാരനോടൊപ്പം ശ്രീ റെജി തോമസ്( സെക്രട്ടറി), നോബിള്‍ ജോസ് (ട്രഷറര്‍), ശ്രീമതി മായ ബാബു(വൈസ് ചെയര്‍), ബിനു മൈലപ്ര (ജോയിന്റ് സെക്രട്ടറി), തോമസ് ഫിലിപ്പ് (ജോയിന്റ് ട്രഷറര്‍), ശ്രീ തോമസുകുട്ടി ഫ്രാന്‍സിസ്( പിആര്‍ഒ), മനോജ് വടക്കേടത്ത് (ലെയ്‌സണ്‍ ഓഫീസര്‍) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് കരുത്ത് പകരുവാനും ഒരു കുടുംബമായി ലിവര്‍പൂള്‍ മലയാളികളെ ഒരുമയോട് അണിനിരത്തിക്കൊണ്ട് മികവുറ്റ ഒട്ടനവധി പരിപാടികള്‍ ആവിഷ്‌കരിക്കാനും കര്‍മ്മനിരതരായ 20 കമ്മറ്റി അംഗങ്ങളെയും യോഗം തെരഞ്ഞെടുത്തു.

ഭരണ സാരഥികളായി കടന്നു വന്നവര്‍ ആരും തന്നെ നവാഗതരല്ല. ലിംകയുടെ നാളിതുവരെയുള്ള വളര്‍ച്ചയുടെ പടവുകളില്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുള്ളവരാണിവര്‍. അതുകൊണ്ട് തന്നെ ലിവര്‍പൂളിലെ മലയാളി സമൂഹത്തിന് ഏറെ സുപരിചിതരുമാണ് ലിംകയുടെ അമരക്കാര്‍. ഈ കലാ- സാംസ്‌കാരിക സംഘടനയുടെ മുഖ്യ കള്‍ച്ചറല്‍ പാട്ട്ണറായ Broadgreen International High Schoolല്‍ ഇവിടുത്തെ മലയാളി സമൂഹത്തിനായി ഒരു പിടി നല്ല കര്‍മ്മ പരിപാടികള്‍ ലിംക ആവിഷ്‌കരിച്ചുകൊണ്ടിരിക്കുന്നു. അതില്‍ പ്രധാനമായും നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികള്‍ക്ക് വേണ്ടിയുള്ള മലയാളം ക്ലാസുകള്‍, ഭരതനാട്യം ക്ലാസ്, കരാട്ടെ പരിശീലനം, ബാഡ്മിന്റണ്‍ കോച്ചിംഗ് എന്നിവ വളരെ കാര്യക്ഷമമായി തന്നെ നടത്തപ്പെടുന്നു. വിവിധ ക്ലാസുകളിലും, മറ്റു പരിശീലനങ്ങള്‍ക്കുമായി നൂറിലധികം കുട്ടികളാണ് സജീവമായി
ഇവിടെ പങ്കെടുത്ത് വരുന്നത്. ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 8ന് ശനിയാഴ്ച അതിവിപൂലമായ പരിപാടികളോടെ നടത്തപ്പെടുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതിനായി ശ്രീ തോമസുകുട്ടി ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ ആഘോഷ കമ്മറ്റി രൂപീകരിച്ചു. ബിനു മൈലപ്ര, ശ്രീമതി മായാ ബാബു, ദീപ്തി ബാലകൃഷ്ണന്‍ എന്നിവര്‍ കോര്‍ഡിനേറ്റര്‍മാരാകും. ഓണാഘോഷത്തിന് ലിംകയുടെ മറ്റൊരു കള്‍ച്ചറല്‍ പാട്ട്ണര്‍ കൂടിയായ MERCEY RAIL അവരുടെ സഹകരണം ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ലിംക ചില്‍ഡ്രന്‍സ് ഫെസ്റ്റ് ഒക്ടോബര്‍ 27ന് ശനിയാഴ്ച നടത്തപ്പെടുന്നു. അന്നേദിവസം തന്നെയായിരിക്കും അവാര്‍ഡ് നൈറ്റും നടത്തപ്പെടുക. പരിപാടികളുടെ സുഗമമായ നടത്തിപ്പിന് ശ്രീ തമ്പി ജോസ്, ശ്രീ രാജി മാത്യു എന്നിവരാണ് ഇതിനായി നേതൃത്വം വഹിക്കുന്നത്. കടന്നുപോയ ഓണാഘോഷങ്ങളൊക്കെയും ലിവര്‍പൂളിലും പരിസര പ്രദേശങ്ങളിലുമുള്ള മലയാളി സമൂഹത്തിന് ഏറെ വ്യത്യസ്തങ്ങളായ കലാസൃഷ്ടികളാണ് സമര്‍പ്പിച്ചിട്ടുള്ളത്. അതില്‍ ഏറെ ശ്രദ്ധേയമായി മാറ്റപ്പെട്ട കൂറ്റന്‍ അത്തപ്പൂക്കളവും സാമൂഹൃ സംഗീത നാടകവും, ഫ്‌ളാഷ് മോബും, വള്ളം കളി യും കുടുംബ സദസ്സുമൊക്കെ ഇന്നും ഒളിമങ്ങാതെ ജന ഹൃദയങ്ങളില്‍ നിലകൊള്ളുന്നു.

ഇവിടെ ഭൂതകാലത്തെ ലിംക അയവിറക്കുകയല്ല മറിച്ച് ചവിട്ടി കയറിയ പടവുകളിലെ ചൈതന്യത്തായ വശങ്ങളെ സ്വാംശീകരിച്ച് വര്‍ത്തമാനകാലത്തില്‍ കൂടുതല്‍ കരുത്തോടെ നടന്നു നീങ്ങാനാണ് ഈ സംഘടന യത്‌നിക്കുന്നത്. ഈ ലക്ഷ്യം ലാക്കാക്കിയുള്ള പ്രയാണത്തില്‍ സഹയാത്രികരായി ലിവര്‍പൂളിലെ എല്ലാ മലയാളികളെയും ക്ഷണിക്കുകയാണ് ലിംക. അതിനായി ‘നാം ഒരു കുടുംബം നമുക്ക് ഒരാഘോഷം’ എന്ന ആപ്തവാക്യവുമായി ലിംക മുന്നോട്ട്.