ന്യൂസ് ബ്യൂറോ, കേംബ്രിഡ്ജ്

മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങൾ യുകെയിൽ പെരുകുമ്പോൾ കഴിഞ്ഞ വീക്കെൻ്റിൽ മാത്രം സമാന സ്വഭാവമുള്ള അഞ്ച് മോഷണങ്ങളാണ് കേംബ്രിഡ്ജിലും പരിസര പ്രദേശമായ കേംബോണിലും ലണ്ടനുത്തുള്ള കോൾചെസ്റ്ററിലുമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. നൂറ് കണക്കിന് പവൻ സ്വർണ്ണവും പണവുമാണ് ഈ മോഷണങ്ങളിൽ നിന്ന് മലയാളികൾക്ക് നഷ്ടമായത്. വീടുകൾക്ക് കേടുപാടുകൾ വരുത്തിയത് വേറെയും.

നടന്ന മോഷണങ്ങൾക്കെല്ലാം സമാന സ്വഭാവമാണുള്ളത്. വെള്ളിയും ശനിയും ഞായറുമായി നടന്ന മോഷണങ്ങളെല്ലാം വൈകുന്നേരം അഞ്ച് മണിക്കും എട്ട് മണിക്കും ഇടയ്ക്കാണ്.
മൂന്ന് പേർ അടങ്ങിയ ഒരു സംഘമാണ് കേംബ്രിഡ്ജിലെ ഒരു വീട്ടിൽ  മോഷണം നടത്തിയത്. വീട്ടിലുള്ളവർ പുറത്തു പോയ സമയം നോക്കി വീടിൻ്റെ പുറക് വശത്തുള്ള വാതിൽ കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. മൂന്ന് പേരിൽ ഒരാൾ പുറത്ത് ആരെങ്കിലും വരുന്നുണ്ടോ എന്നറിയാൻ കാവലായി നില്ക്കുന്നുണ്ടായിരുന്നു. മറ്റ് രണ്ട് പേർ വീടിനകത്തായിരുന്നു. വീട്ടുടമസ്ഥർ തിരിച്ച് വന്ന വാഹനത്തിൻ്റെ ലൈറ്റ് കണ്ടപ്പോൾ മൂന്ന് പേരും പുറക് വശത്തുള്ള ഗാർഡനിലൂടെ കടന്നുകളഞ്ഞു. മൂന്ന് പേര് ഉണ്ടായിരുന്നു എന്നത്  വ്യക്തമായി കണ്ടെങ്കിലും ഇരുട്ടായിരുന്നതുകൊണ്ട് മോഷ്ടാക്കളുടെ രൂപം വ്യക്തമായി കാണുവാൻ സാധിച്ചില്ല എന്ന് ഗ്രഹനാഥൻ പറഞ്ഞു. ഈ വീട്ടിൽ നിന്ന് സ്വർണ്ണമാണ് നഷ്ടമായിരിക്കുന്നത്. വീടിനുള്ളിൽ ധാരാളം നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അലമാരിയിലിരുന്ന വസ്ത്രങ്ങൾ എല്ലാം വാരിവലിച്ചിട്ടു. കട്ടിലിനും ബെഡ്ഡിനുമൊക്കെ കേടുപാടുകൾ വരുത്തി.

നാല്പത് പവനോളം സ്വർണ്ണമാണ് കോൾചെസ്റ്ററിലെ ഒരു മോഷണത്തിൽ മാത്രം പോയത്. കേംബ്രിഡ്ജിൽ നടന്ന മോഷണത്തിൻ്റെ സമാന സ്വഭാവമാണ് കോൾചെസ്റ്ററിലെയും കേംബോണിലും മോഷണങ്ങളിൽ നടന്നിരിക്കുന്നത്. പക്ഷേ, ഇവിടെ അടുക്കളയിലെ ഒട്ടുമിക്ക ജാറുകളും ഭരണികളും തുറന്ന് പരിശോധിച്ച് മസാലകളും അരിയും തറയിലും മറ്റുമായി വിതറിയിട്ടിട്ടുണ്ടായിരുന്നു. മോഷണത്തിൻ്റെ സ്വഭാവമനുസരിച്ച് സ്വർണ്ണം മാത്രമായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. തെളിവ് നശിപ്പിക്കാൻ ടോയിലറ്റ് ക്ലീനർ, ഡെറ്റോൾ, ഷാമ്പു, മസാലപ്പൊടികൾ, ഓയിലുകൾ മുതലായവ വീടിനുള്ളിലും വാതിലിലുമൊക്കെ വിതറുകയും ഒഴിക്കുകയും ചെയ്തിരുന്നു.

ഇതിന് മുമ്പും കേംബ്രിഡ്ജ് മലയാളികളുടെ വീടുകളിൽ ധാരാളം മോഷണങ്ങൾ നടന്നിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ടെങ്കിലും ഇതു വെരെയും യാതൊരു തുമ്പും ലഭിച്ചിട്ടില്ല. ധാരാളം മോഷണശ്രമങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിൻ്റെ വെളിച്ചത്തിൽ രാത്രി കാലപട്രോളിംഗ് പോലീസ് ആരംഭിച്ചു. അതിന് ശേഷമാണ് മോഷണങ്ങൾക്ക് ശമനം വന്നത്. പോലീസിൻ്റെ നിലപാടിനോട് മലയാളികൾക്ക് അതൃപ്തിയുണ്ട്. സംഭവം നടന്നതിനുശേഷം പോലീസ് എത്തിയാൽ നഷ്ടപ്പെട്ട വസ്തുക്കളുടെ വിവരങ്ങളും ഫിങ്കർ പ്രിൻ്റും ശേഖരിക്കും. എന്തെങ്കിലും വിവരം കിട്ടിയാൽ അറിയ്ക്കാം എന്ന് പറഞ്ഞ് കേസ് നമ്പരും കൊടുക്കും. അതോടൊപ്പം നഷ്ടപ്പെട്ട വസ്തുക്കൾ ഇൻഷ്വറൻസിൽ ക്ലെയിം ചെയ്യാനുള്ള ഒരു നിർദ്ദേശവും. ഇതിൽ കവിഞ്ഞ്  ഒന്നും നടന്നിട്ടില്ലെന്ന് ഇതിന് മുമ്പ് മോഷണത്തിന് ഇരയായ മലയാളികൾ പറയുന്നു.

ഇന്ത്യൻ വംശജരുടെ വീടുകളിൽ പ്രത്യേകിച്ച് മലയാളികളുടെ വീട്ടിൽ ധാരാളം സ്വർണ്ണമുണ്ട് എന്ന് പ്രാദേശികരുടെയിടയിൽ പൊതുവേ സംസാരമുണ്ട്. മലയാളികളുടെ വസ്ത്രധാരണവും സ്വർണ്ണാഭരണങ്ങൾ സമൂഹത്തിൻ്റെ മുമ്പിൽ പ്രദർശിപ്പിക്കാനുള്ള ഉത്സാഹവുമാണ് ഇതുപോലെയുള്ള ക്രൈമുകൾ ഉണ്ടാകാൻ കാരണമെന്നാണ് പോലീസിൻ്റെ ഭാഷ്യം.