വര്‍ദ്ധിത പ്രതിബദ്ധതയോടെ പുതിയ ദിശാബോധത്തോടെ നൂതന കര്‍മ്മ പ്രവര്‍ത്തനങ്ങളുമായി യുകെ മലയാളി സമൂഹത്തിന്റെ നാഡീസ്പന്ദനമായി മാറിയിരിക്കുന്ന യുക്മയുടെ നവ സാരഥികള്‍ക്ക് ലിംകയുടെ ആഭിമുഖ്യത്തില്‍ ഊഷ്മളമായ വരവേല്‍പ്പ് നല്‍കി. എന്നും എപ്പോഴും നല്ല പൊതുജന സംരംഭത്തിന് ശക്തമായ അടിത്തറയും നിര്‍ലോഭമായ പിന്തുണയും നല്‍കിവരുന്ന ലിംക, കാലത്തിന്റെ തികവിനൊപ്പം ശ്ലാഘനീയമായ കര്‍മ്മ പരിപാടികളും പ്രതിശ്ചായയുമായി യുക്മക്ക് ഒരു പുത്തന്‍ ഉണര്‍വ്വും തേജസും പകരുന്നത് വെളിവാക്കുന്നതായിരുന്നു ലിംക നല്‍കിയ സ്വീകരണം.
വേറിട്ടതും കാലികപ്രസക്തിയുമുള്ള സ്വപ്ന സമാനമായ ഒരു പ്രവര്‍ത്തന പന്ഥാവാണ് യുക്മ വരുന്ന രണ്ടു വര്‍ഷത്തിലേക്ക് വിഭാവനം ചെയ്തിരിക്കുന്നതെന്ന് യുക്മ ട്രഷറര്‍ ശ്രീ അലക്സ് വര്‍ഗീസ് പ്രഖ്യാപിച്ചു. ഒത്തൊരുമയോടെയും ലക്ഷ്യബോധത്തോടെയും യുകെ മലയാളി സമൂഹത്തെ ഒന്നായിക്കണ്ട് രൂപകല്‍പന ചെയ്തിരിക്കുന്ന ഒരു പ്രവര്‍ത്തന സംവിധാനമാണ് യുക്മ കരുപ്പിടിപ്പിച്ചെടുത്തിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

limca 3

ഇദംപ്രഥമമായി യുകെ മലയാളി യുവതലമുറക്കായി യുക്മ ഒരു വേദി ഒരുക്കുകയാണ് യൂത്ത് യുക്മയിലൂടെ. അതിന് നേതൃത്വം നല്‍കുന്നത് യുക്മയുടെ ദേശീയ വൈസ് പ്രസിഡന്റ് ഡോ: ദീപ ജേക്കബും ദേശീയ നിര്‍വാഹക സമിതി അംഗമായ ഡോ: ബിജുവും. മാറി മാറി വരുന്ന കാലത്തിന്റെ വെല്ലുവിളികളെ നേരിടുവാന്‍ നമ്മുടെ യുവ തലമുറയെ സജ്ജമാക്കുന്ന ഒരുപാട് ആവേശോജ്ജ്വലമായ പരിപാടികളെക്കുറിച്ചും അവയ്ക്കു വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിനെപ്പറ്റിയും ഡോ: ദീപ സ്വീകരണത്തിന് നല്‍കിയ മറുപടി പ്രസംഗത്തില്‍ അക്കമിട്ടു നിരത്തി. യുക്മയുടെ സ്വപ്ന പദ്ധതിയായ റാപിഡ് റെസ്പോണ്‍സ് പ്രോജക്ടിനെക്കുറിച്ചു ഡോ: ദീപ അവതരിപ്പിച്ചത് തീക്ഷ്ണതയും നിശ്ചയ ദാര്‍ഢ്യവും വ്യക്തമാക്കിക്കൊണ്ടാണ്.

മാരക രോഗത്താലും സ്വന്തപ്പെട്ടവരുടെ ആകസ്മിക വിയോഗത്താലും മറ്റു ജീവിത ദുരവസ്ഥയിലും നട്ടം തിരിയുന്നവര്‍ക്ക് ഒരാശ്വാസത്തിന്റെയും സഹാനുഭൂതിയുടെയും സഹവര്‍ത്തിത്വത്തിന്റെയും കൈത്താങ്ങാവുന്ന ഒരു പദ്ധതിയാണ് റാപിഡ് റെസ്പോണ്‍സ്. ഒച്ചപ്പാടും ബഹളവുമില്ലാതെ ദുരന്തങ്ങളെ വില്‍പനച്ചരക്കാക്കാതെ അനുഭവസ്ഥര്‍ക്കൊപ്പം മനസ്സുകൊണ്ടും പ്രവൃത്തികൊണ്ടും ചേര്‍ന്ന് നില്‍ക്കുന്ന ഈര്‍പ്പമുള്ള കനിവിന്റെ ഒരു കിരണമായി മാറും ഈ പ്രസ്ഥാനമെന്നു ഡോ: ദീപ അടിവരയിട്ട് ആവര്‍ത്തിച്ചു.

limca 2

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുക്മ ദേശീയ ജോയിന്റ് സെക്രട്ടറി ആയ ശ്രീമതി സിന്ധു ഉണ്ണി യുക്മ നേഴ്‌സസ് ഫോറത്തിന്റെ കോര്‍ഡിനേറ്റര്‍ കൂടിയാണ്. യുകെയിലെ മലയാളി നേഴ്സുമാരും മറ്റ് ആരോഗ്യമേഖലയില്‍ ജോലിചെയ്യുന്നവരും നേരിടുന്ന ഗുരുതര പ്രശ്നങ്ങളെക്കുറിച്ചുള്ള വ്യക്തമായ അവഗാധ ബോധത്തോടെയാണ് ശ്രീമതി സിന്ധു ഉണ്ണി സംസാരിച്ചത്. അവയെ നേരിടുവാനുള്ള ഒരു കര്‍മ്മ പദ്ധതിയും സിന്ദു സ്വീകരണ യോഗത്തില്‍ അവതരിപ്പിക്കുകയുണ്ടായി. അതിന്റെ ആദ്യപടിയായി ഏപ്രില്‍ മാസം 28 ന് ലണ്ടനില്‍ വച്ച് യുക്മയുടെ നേതൃത്വത്തില്‍ ചേരുന്ന നേഴ്സസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. യുക്മ നഴ്‌സസ് ഫോറത്തിനെ അതിന്റെ ലക്ഷ്യപ്രാപ്തിയിലെത്തിക്കുവാനുള്ള ഒരു നിശ്ചയ ധാര്‍ഢ്യവും വളരെ ശക്തമായി മുഴങ്ങികേട്ടിരുന്നു ശ്രീമതി സിന്ധുവിന്റെവാക്കുകളില്‍.

സംഘടനാ പാടവത്തില്‍ മികവുറ്റ സംഭാവനകള്‍ നല്‍കിയ യുക്മയുടെ സജീവ സാന്നിദ്ധ്യമായ ശ്രീ എസ് ജയകുമാര്‍ ഇപ്പോള്‍ യുക്മയുടെ ജോയിന്റ് ട്രഷറര്‍ ആണ്. ഏറ്റെടുത്ത എല്ലാ ഉത്തരവാദിത്വങ്ങളും തന്റെ കയ്യൊപ്പോടെ വന്‍ വിജയഗാഥയാക്കി മാറ്റിയ ജയകുമാര്‍ യുക്മയുടെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാം ആയ സാന്ത്വനത്തെപ്പറ്റി സദസ്സിനോട് സംസാരിച്ചു. ആകസ്മിക മരണത്തില്‍ തളരുന്ന മലയാളിക്ക് ആശ്വാസത്തിന്റെയും സഹായത്തിന്റെയും സാന്ത്വനം നല്‍കുന്ന യുക്മയുടെ ഈ പുതിയ ചാരിറ്റി സംവിധാനം യുകെ മലയാളികളോടുള്ള യുക്മയുടെ പ്രതിബദ്ധതയുടെ പരിശ്ചേദമാണെന്ന് അദ്ദേഹം സമര്‍ത്ഥിച്ചു. അചിന്തനീയമായ ശക്തമായ അനുകൂല പ്രതികരണങ്ങളാണ് എല്ലാ മേഖലകളില്‍നിന്നും സാന്ത്വനത്തിന് ലഭിച്ചത് അത് യുക്മയെ വിനയാന്വിതരാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

limca 4

യുകെയിലെ ഏറ്റവും ശക്തമായ റീജിയന്‍ ആയി വളര്‍ത്തിയെടുക്കാനുള്ള ദുഷ്‌കരമായ ദൗത്യം ശിരസ്സാ വഹിച്ചുകൊണ്ടാണ് യുക്മ നോര്‍ത്തുവെസ്റ് റീജിയന്‍ പ്രസിഡന്റ് ശ്രീ ഷീജോ വര്‍ഗ്ഗീസ് എത്തിയത്. വളരെ കരുതലോടെയുള്ള ഒരു പ്രവര്‍ത്തന കലണ്ടര്‍ തന്നെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി രൂപപ്പെടുത്തി പ്രവര്‍ത്തനവും ആരംഭിച്ചുകഴിഞ്ഞിരിക്കുന്നു. സഹവര്‍ത്തിത്വത്തിലൂന്നി പൊതുനന്മ മാത്രം ലക്ഷ്യമാക്കിയുള്ള ഈ മുന്നേറ്റത്തിന് എല്ലാവരുടെയും പിന്തുണ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

ലിംക ചെയര്‍പേഴ്സണ്‍ ശ്രീ ബിജുമോന്‍ മാത്യുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ യോഗത്തില്‍ യുക്മ ദേശീയ നിര്‍വാഹക സമിതി അംഗം ശ്രീ തമ്പി ജോസ് അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്യുകയുണ്ടായി. ലിംകയുടെ കുഞ്ഞു പ്രതിഭകളായ ജൊഹാന ജേക്കബും അമേലിയ മാത്യുവും ചേര്‍ന്നൊരുക്കിയ സംഗീത വിരുന്ന് യോഗത്തിനു മാറ്റ് കൂട്ടി. ലിംകയുടെ നിയുക്ത പ്രസിഡന്റും യുക്മ റെപ്രസെന്റേറ്റീവും ആയ ശ്രീ മനോജ് വടക്കേടത്ത് നന്ദിപറഞ്ഞുകൊണ്ട് യോഗം അവസാനിച്ചു.