ബുവാനോസ് ഐറിസ്: അർജന്റീനിയൻ ജേഴ്സിയിലേക്കുള്ള ലയണൽ മെസിയുടെ തിരിച്ചുവരവ് മഹാദുരന്തമായി. ഒന്‍പതു മാസത്തിനുശേഷം മെസി അർജന്റീനയ്ക്കായി ബൂട്ടുകെട്ടിയ മത്സരത്തിൽ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ടീം വെനസ്വേലയോടു പരാജയപ്പെട്ടത്. കളിയുടെ ആറാം മിനിറ്റിൽ ന്യൂകാസിൽ യുണൈറ്റഡ് താരം സലോമൻ റോണ്ടണിലൂടെ വെനസ്വേല മുന്നിലെത്തി. ആറു മിനിറ്റിനുശേഷം ജയ്സണ്‍ മുറില്ലോയിലൂടെ വെനസ്വേല ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ യോസഫ് മാർട്ടിനസിലൂടെ അർജന്റീന ഒരു ഗോൾ മടക്കിയെങ്കിലും, 75-ാം മിനിറ്റിൽ ഒരു പെനാൽട്ടിയിലൂടെ വെനസ്വേല മൂന്നാം ഗോളും കണ്ടെത്തിയതോടെ അർജന്റീനയുടെ കാര്യത്തിൽ ഏറെക്കുറെ തീരുമാനമായി.
ലോകകപ്പിൽനിന്നു പുറത്തായതിനു ശേഷമുള്ള മെസിയുടെ ആദ്യ രാജ്യാന്തര മത്സരമായിരുന്നു ഇത്. ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണു ടീം ലോകകപ്പിൽനിന്നു പുറത്തായത്. അർജന്റീനയുടെ കഴിഞ്ഞ ആറു മത്സരങ്ങളും മെസി ഒഴിവാക്കിയിരുന്നു. മാഞ്ചസ്റ്റർ സിറ്റി താരം സെർജിയോ അഗ്യൂറോ, ചെൽസി താരം ഗൊണ്‍സാലോ ഹിഗ്വെയ്ൻ, ഇന്റർ മിലാന്റെ ഇക്കാർഡി എന്നിവരെ അർജന്റീന കളിപ്പിച്ചില്ല. ചരിത്രത്തിൽ ഇതു രണ്ടാം തവണ മാത്രമാണ് വെനസ്വേല അർജന്റീനയെ പരാജയപ്പെടുത്തുന്നത്.
Leave a Reply