കോവിഡ് വ്യാപനം കാരണം കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മദ്യശാലകളെല്ലാം അടച്ചു. ഇതോടെ മദ്യം കിട്ടാതെ മദ്യപാനികളെല്ലാം പ്രതിസന്ധിയിലായി. അതിനിടെ തന്റെ സുഹൃത്തിന് തപാല്‍ വഴി മദ്യം അയച്ചു കൊടുത്തിരിക്കുകയാണ് യുവാവ്. എന്നാല്‍ മദ്യം വന്ന് വീണത് എക്‌സൈസിന്റെ കൈയ്യിലും.
സുഹൃത്തിന് ബംഗളൂരുവില്‍ നിന്നാണ് തപാല്‍ മാര്‍ഗം മദ്യക്കുപ്പികള്‍ അയച്ചു കൊടുത്തത്. മദ്യത്തോടൊപ്പം വെച്ചിരുന്ന ടച്ചിങ്‌സ് ആണ് ഇരുവരേയും ഇവിടെ കുടുക്കിയത്. ടച്ചിങ്‌സായി മദ്യക്കുപ്പിക്കൊപ്പം മിക്‌സ്ചര്‍ ഉണ്ടായിരുന്നതിനാല്‍ പാഴ്‌സല്‍ എലി കരണ്ടു.
ഇതോടെ പെട്ടിക്കുള്ളില്‍ മദ്യമാണെന്ന് പോസ്റ്റ് ഓഫീസ് ജീവനക്കാര്‍ക്ക് മനസിലായി. എറണാകുളം ഹെഡ് പോസ്റ്റ് ഓഫിസിലാണ് പാഴ്‌സല്‍ എത്തിയത്. മദ്യമാണെന്ന് കണ്ടെത്തിയതോടെ അധികൃതര്‍ വിവരം എറണാകുളം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ടിഎ അശോക് കുമാറിനെ അറിയിച്ചു.
എറണാകുളം അസി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെആര്‍ രാംപ്രസാദിന്റെ നേതൃത്വത്തില്‍ എക്‌സൈസ് സംഘം പാഴ്‌സല്‍ കസ്റ്റഡിയിലെടുത്തു. പാഴ്‌സലില്‍ അയച്ചയാളുടേയും വാങ്ങേണ്ട ആളുടേയും വിലാസവും ഫോണ്‍ നമ്പറും എല്ലാം വ്യക്തമായിരുന്നു. അതിനാല്‍ ഇരുകൂട്ടരേയും കണ്ടെത്താന്‍ എക്‌സൈസിന് അധികം പ്രയാസപ്പെടേണ്ടി വന്നിട്ടില്ല.
Leave a Reply