കാരൂർ സോമൻ

ലോക രാജ്യങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ട രാജ്യമാണ് ഇന്ത്യ. സർവ്വദിക്കുകളിലും പ്രകാശകിരണങ്ങൾ ചിതറിക്കൊണ്ടിരിന്ന രാജ്യത്തിന് ഇന്ന് മങ്ങലേറ്റിരിക്കുന്നു. വിദേശ രാജ്യങ്ങളിൽ പാർക്കുന്ന ഇന്ത്യാക്കാരടക്കം ലോക ജനതയുടെ ശ്രദ്ധ എത്തിനിൽക്കുന്നത് പുണ്യ നദിയായ ഗംഗയിലാണ്. വിശുദ്ധ നദിയായ ഗംഗയിൽ പോയി കുളിക്കുകയും സൂര്യ ഭഗവാനെ പുജിക്കുകയും ചെയ്ത പലരുടേയും മൃതദേഹങ്ങൾ മൃഗങ്ങളെപോലെ ഒഴുകിയൊഴുകി പോകുന്ന കാഴ്ചകൾ ആരോ കാട്ടിയ മഹാപാതകമായിട്ടാണ് തോന്നുന്നത്. ദയനീയമായി വിലപിക്കുന്ന പാവങ്ങളും, യു.പി ഭരണാധിപൻമാരുടെ നിഷ്‌ഠൂരവും മൂഢത്വവും ലജ്ജാവഹവുമായ ഹൃദയത്തെ ദഹിപ്പിക്കുന്ന പ്രവർത്തികളും ആരിലും ആശങ്ക വളർത്തുന്നു. വാസ്തവത്തിൽ കർത്തവ്യബോധമുള്ള, രാഷ്ട്രീയബോധമുള്ള ഒരു ഭരണാധിപൻ ജനത്തിന്റ ശിശ്രുഷകൻ ആകേണ്ടവനാണ്. മനുഷ്യമനസ്സുകളിൽ എന്നും കുളിർമ്മയും സുഗന്ധവും പരത്തുന്ന നദിയിൽ കോവിഡ് ബാധിച്ച ശവശരീരങ്ങൾ ഒഴുകുകയെന്നത് ആരും സ്വപ്നത്തിൽപ്പോലും പ്രതിക്ഷിച്ചതല്ല. പുണ്യ നദികൾ മലിനപ്പെടുത്തുന്നത് ആരാണ്? ഞാൻ ന്യൂഡൽഹിയിൽ ആയിരുന്ന കാലം ഗംഗാനദിക്ക് മുകളിലെ പാലത്തിലൂടെ ട്രെയിനിൽ പോകുമ്പോൾ ഒരു നേർച്ചപോലെ ട്രെയിനിലിരുന്ന് നദിയിലേക്ക് നാണയങ്ങൾ എറിയുന്നവരെ കണ്ടിട്ടുണ്ട്.

കവി സച്ചിദാനന്ദൻ സമൂഹത്തിന്റ ദയനീയാവസ്ഥ മനസ്സിലാക്കി ചില തീവ്രമായ പ്രതികരണങ്ങൾ നടത്തിയപ്പോൾ തലയില്ലാത്ത ഫെയ്‌സ് ബുക്കിൽ തലകൾ പൊങ്ങി വന്ന് അദ്ദേഹത്തിന്റ അക്കൗണ്ട് വരിഞ്ഞു മുറുക്കികെട്ടുകയുണ്ടായി. സാഹിത്യകാരൻ, കവി, എഴുത്തുകാരൻ ഇന്ന് നടന്നുകൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ പ്രവർത്തികളെ ശക്തമായി അപലപിക്കും. അതിന് ആരും രാഷ്ട്രീയ നിറം കൊടുക്കരുത്. ഒരു ദുരന്തം വരുമ്പോൾ സർക്കാരുകൾ യുദ്ധകാലാടിസ്ഥാനത്തിൽ ഇടപെടേണ്ടവരല്ലേ? അത് യു.പി. സർക്കാർ, ഡൽഹി സർക്കാരായാലും ചോദ്യം ചെയ്യുക ഒരു പൗരന്റെ മൗലിക അവകാശമാണ്. മൗനികളായിരിക്കാൻ ഇന്ത്യയിൽ രാജഭരണമല്ല.

ഭരണാധികാരികളുടെ ഭാഗത്ത് നിന്ന് ആഴമേറിയ മുറിവുകളുണ്ടാകുമ്പോൾ അധികാര ലഹരിയിൽ മദിക്കുന്നവർക്ക് എഴുത്തുകാർ ഒരു വിലങ്ങുതടിയാണ്. വികലമായ കാഴ്ചപ്പാടുകളുള്ളവരെ ഹൃദയത്തിൽ പുണരുന്ന സങ്കുചിത മനസ്സുള്ളവരല്ല സാഹിത്യ രംഗത്തുള്ളവർ. എല്ലാവരും അധികാരികൾ എറിഞ്ഞുകൊടുക്കുന്ന അപ്പക്കഷണത്തിനായി കാത്തുനിൽക്കുന്നവരുമല്ല. ഭരണത്തിന്റ തലപ്പത്തിരുന്നുകൊണ്ട് മനുഷ്യശരീരങ്ങളെ നദികളിൽ ഒഴുക്കിവിടുന്നതും, കൊറോണയുടെ പേരിൽ ഓക്സിജനും മരുന്നുമില്ലാതെ ജനങ്ങൾ മരിക്കുന്നതും ലോക ജനത കണ്ടിരിക്കില്ല അതിനെ വികാരാർദ്രമായി അപലപിക്കതന്നെ ചെയ്യും. അത് വിദേശ മാധ്യമങ്ങൾ കൊണ്ടാടുന്നു.

യൂ.പി. സർക്കാരിന്റെ സാമൂഹ്യ അടിത്തറ നിലനിർത്തുന്നത് കുറെ മതങ്ങളായതുകൊണ്ടാണ് പുണ്യനദിയിലൂടെ മൃതശരീരങ്ങൾ ഒഴുകിപോകുന്നത് കണ്ടിട്ടും വിശ്വാസികൾ മൗനികളാകുന്നത്. ഈ ദുരവസ്ഥ കണ്ടിട്ടും വിടർന്ന മിഴികളോടെ മതത്തെ പ്രണമിക്കാനാണ് താത്പര്യം. ഈ കൂട്ടർക്കാവശ്യം പൊങ്ങച്ചം പറയുന്ന, മൈതാനപ്രസംഗം നടത്തുന്ന ജനപ്രതിനിധികളെയാണ്. മനുഷ്യരെ വിഭജിച്ചു നിർത്തി മത വർഗീയതയുടെ പേരിൽ ചൂഷണം ചെയ്യുന്നവരെ തിരിച്ചറിയാൻ സാധിക്കുന്നില്ല. അറിവുണ്ടാകാൻ, വായിച്ചു വളരാൻ പുസ്തകങ്ങളോ ലൈബ്രറികളോയില്ല. ഏതാനമുള്ളത് നഗരങ്ങളിൽ മാത്രം. ഒരു പൗരന്റെ മൗലിക അവകാശങ്ങൾ ക്രൂരമായി രാഷ്ട്രീയ മേലാളന്മാർ കാറ്റിൽപറത്തി സമൂഹത്തിൽ അരാജകത്വം നിലനിർത്താൻ അനുവദിക്കരുത്. മുൻകാലങ്ങളിൽ ഇതുപോലുള്ള സമ്പന്നവർഗ്ഗം സമൂഹത്തെ വരിഞ്ഞുമുറുക്കി കെട്ടിയിട്ടിട്ടുണ്ട്. ജനങ്ങളുടെ ജീവനേക്കാൾ സ്വാർഥതാത്പര്യങ്ങൾ വളർത്തുന്നവർ.

കോവിഡ് മരണനിരക്ക് കുറയ്ക്കാനും വാക്സിൻ ഉത്പാദനം കൂട്ടാനുമാണ് ശ്രമങ്ങൾ നടത്തേണ്ടത്. അതിലെ വീഴ്ചകൾ ആളിക്കത്തിക്കുന്നതിലാണ് പലർക്കും താത്പര്യം. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത ആൾക്കൂട്ടങ്ങളിൽ നടക്കുന്ന പ്രമുഖരെ ധാരാളമായി കണ്ടു. ജനങ്ങളെ മരണത്തിലേക്ക് നയിക്കുന്നതിൽ ഇവർക്കും നല്ലൊരു പങ്കുണ്ട്. എവിടെയെല്ലാം കോവിഡുണ്ടോ അവിടെയെല്ലാം ഇവരുടെ കാലടിപ്പാടുകൾ പതിഞ്ഞിട്ടുണ്ട്. ഇവരാണ് ജനങ്ങളോട് പറയുന്നത് കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. ഇവരല്ലേ മറ്റുള്ളവർക്ക് മാതൃകയായി ആദ്യം വരേണ്ടത്. ജാഗ്രത പാലിക്കേണ്ടത്. നമ്മുടെ ആരോഗ്യ രംഗം കോവിഡു മൂലം കൂടുതൽ സങ്കീർണമാകുമ്പോൾ മനുഷ്യരെ നിയന്ത്രണത്തിലാക്കാൻ സാധിച്ചില്ലെങ്കിൽ അത് സർവ്വനാശത്തിലേക്ക് നയിക്കും. ഭരണകൂടങ്ങൾ അവരുടെ വിജയം കാഴ്ചവെയ്ക്കേണ്ടത് ഇതുപോലുള്ള അപകടവേളകളിലാണ്. ജനങ്ങളെ ചിന്താകുഴപ്പത്തിലാക്കാതെ കോവിഡിന് എതിരെയുള്ള പോരാട്ടമാണ് എല്ലാവരും നടത്തേണ്ടത്.

ഭരണകൂടത്തിനെതിരെ പ്രതികരിക്കുമ്പോൾ അല്ലെങ്കിൽ അവരുടെ വീഴ്ചകൾ ഗൗരവപൂർവ്വം ചർച്ച ചെയ്യുമ്പോൾ എഴുത്തുകാരെ ഭീഷണിപ്പെടുത്തി മൂലക്കിരുത്താമെന്നത് രാഷ്ട്രീയ ശൂന്യത മാത്രമല്ല മടിശീല ഒളിപ്പിക്കാൻ കൂടിയാണ്. ലോകചരിത്രത്തിൽ വിപ്ലവങ്ങളുടെ, സാമൂഹ്യ മാറ്റത്തിന് പിന്നിൽ എത്രയോ സർഗ്ഗ പ്രതിഭകൾ കടന്നു വന്നിരിക്കുന്നു. “അർത്ഥശാസ്ത്ര” ത്തിന്റ സൃഷ്ടാവും ബി.സി. 297 കളിൽ മൗര്യ ചക്രവർത്തിയായ ചന്ദ്രഗുപ്തന്റെ സഹായിയും ഉപദേഷ്ടാവുമായിരുന്ന ചാണക്യൻ നന്ദരാജവംശത്തെ കുടിലതന്ത്രത്തിലൂടെ ഇല്ലാതാക്കിയത് വിവേകവും മനുഷ്യനന്മയും ഉള്ളതുകൊണ്ടായിരുന്നു. ആ പാരമ്പര്യമാണ് നമുക്കുള്ളത്. അനീതിക്ക് കൂട്ടുനിൽക്കാൻ ഭൂരിപക്ഷം എഴുത്തുകാരും തയ്യാറാകില്ല. ആ പാത പിന്തുടരുന്നവർ ഇന്ന് ചുരുക്കമാണ്. എഴുത്തുകാർ അടച്ചുപൂട്ടിയ മുറിക്കുള്ളിലിരുന്ന് മതമന്ത്ര പൂജകൾ നടത്തുന്നവരല്ല. അവരുടെ ആയുധം അക്ഷരമാണ്.

കോവിഡ് മൂലം ജനങ്ങളിൽ ഉത്ക്കണ്ഠ വർദ്ധിപ്പിച്ചു എന്നതാണ് യാഥാർഥ്യം. ആ കർത്തവ്യബോധത്തിൽ നിന്ന് ആർക്കും ഒഴിഞ്ഞുമാറാൻ സാധിക്കില്ല. എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. പുണ്യ നദിയായ ഗംഗയിൽ ഞാനും കുളിച്ചു ശുദ്ധിവരുത്തിയിട്ടുണ്ട്. അവിടെ മൃതശരീരങ്ങൾ ഒഴുകുന്നതും ഓക്സിജൻ കിട്ടാതെ ജനങ്ങൾ മരണപ്പെടുന്നതും ലോകജനതയെ അമ്പരിപ്പിക്കുന്ന കാര്യമാണ്. ഇത്തരത്തിൽ ഇന്ത്യയുടെ പ്രതിച്ഛായക്ക് അപമാനമുണ്ടാക്കിയവർ തട്ടാമുട്ടി ഉത്തരങ്ങൾ പറഞ്ഞു ഒഴിഞ്ഞുമാറുന്നത് കാലത്തിന്റ ചുവരെഴുത്തുകൾ എന്തെന്ന് അറിയാത്തവരാണ്. ഈ ദുരിതത്തിൽ നിന്ന് മുക്തി നേടാനാണ് എല്ലാവരും ശ്രമിക്കേണ്ടത്. അല്ലാതെ പരസ്പരം പഴിചാരലല്ല.

രാഷ്ട്രീയ പാർട്ടികൾ ഏതുമാകട്ടെ. യു പിയിൽ ഇതിനുത്തരവാദികളായ മന്ത്രിമാരെ രാജിവെപ്പിക്കാൻ തയ്യാറായിട്ടില്ല. ഇന്ത്യയിൽ ഇത്ര വലിയ മഹാപാപം ചെയ്തിട്ടും നിർബാധം ഭരണത്തിൽ തുടരുന്നു. ജനങ്ങളുടെ ജീവനേക്കാൾ അവർക്ക് വലുത് അധികാരമാണ്. പ്രിയപ്പെട്ടവരുടെ കണ്ണീരിനെ തടഞ്ഞു നിർത്താൻ, ഗംഗാപ്രവാഹംപോലെ ഉള്ളിലെരിയുന്ന തീയണക്കാൻ ഇവർക്കാകുമോ? ഇവരാരും തപസ്സിൽ ആത്മാവിനെ ബന്ധിച്ചു നിർത്തി പ്രാണൻ പോയവരല്ല അതിലുപരി കോവിഡിനെ കീഴടക്കാൻ ഓക്സിജൻ കിട്ടാതെ ആശുപത്രി കിടക്ക കിട്ടാതെ മരിച്ചവരാണ്. പ്രാണൻ പോയിട്ടും അവരുടെ ശവസംസ്‌കാരം നടത്താൻ സാധിക്കാതെ നദിയിൽ ഒഴുക്കുക ആർക്കാണ് അംഗീകരിക്കാൻ സാധിക്കുക. ഇതിന്റെ ഉത്തരവാദിത്വം ആരാണ് ഏറ്റെടുക്കുക? ഹിമാലയസാനുക്കളിൽ ആർഭാടമായ പൂജാദ്രവ്യങ്ങളൊന്നുമില്ലാതെ കാട്ടുപഴങ്ങളും പച്ചവെള്ളം കുടിച്ചും അതി കഠിനമായ മഞ്ഞിൽ ഭാരത ജനതയ്ക്കായി തപസ്സനുഷ്ഠിച്ച സന്ന്യാസിവര്യന്മാരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. ഇപ്പോൾ സംഭവിച്ചത് അങ്ങനെയല്ല. അതിന്റ മൂലകാരണം കണ്ടെത്തി കുറ്റക്കാരെ ശിക്ഷിക്കാൻ കോടതികൾ മുന്നോട്ട് വരണം.

ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടാതെ വാക്സിൻ നിർമ്മാണം ദ്രുതഗതിയിൽ നടത്താനും ജീവനുവേണ്ടി പോരടിക്കുന്ന പാവങ്ങളോട് സ്‌നേഹവും കാരുണ്യവും കാട്ടാനും എല്ലാവരും മുന്നിട്ടിറങ്ങണം. കൊട്ടാരക്കെട്ടുകളിൽ താമസിക്കുന്ന ഭരണാധികാരികൾ മനസ്സിലാക്കേണ്ടത് ജനങ്ങൾക്ക് വേണ്ടുന്ന സുരക്ഷ, സംരക്ഷണം കൊടുക്കുക മാത്രമല്ല ഓക്സിജൻ, വാക്സിൻ കിട്ടാതെ വന്നാൽ അത് ഭരണ പരാജയമെന്ന് പറയാൻ ഇടയുണ്ടാകും. സാധാരണ സാഹിത്യ രംഗത്തുള്ളവർ ധർമ്മികതയുടെ ശബ്‌ദമാണുയർത്തുന്നത്. അവർ സായുധകലാപത്തിനൊന്നും ആഹ്വാനം ചെയ്തിട്ടില്ല. ജനത്തിനാവശ്യം കരുതലും സ്‌നേഹവുമാണ്. കരുത്തുള്ള ഭരണാധിപന്മാർ നിത്യവും നേട്ടങ്ങൾ കൈവരിക്കുന്ന ലക്ഷ്യബോധമുള്ളവരാകണം. അവിടെയാണ് പുഞ്ചിരി വിടരേണ്ടത് അല്ലാതെ ഭയമോ മരണമോ അല്ല. ശവശരീരങ്ങൾ ദഹിപ്പിക്കാൻ സ്ഥലമില്ലാതെ വന്നാൽ മരുന്നില്ലാതെ മരണത്തിലേക്ക് തള്ളിവിട്ടാൽ രാജവാഴ്ച്ച ഒളിച്ചോടിപ്പോയതുപോലെ ഇന്നത്തെ ജനാധിപത്യവും ഒളിച്ചോടിപ്പോകാൻ സാധ്യതയുണ്ട്.

കടപ്പാട് : ലിമ വേൾഡ് ലൈബ്രറി