ലണ്ടന്‍: മുന്‍ റഷ്യന്‍ ചാരന്‍ അലക്‌സാണ്ടര്‍ ലിറ്റ്വിനെന്‍കോയുടെ കൊലപാതകം അംഗീകരിക്കാനാകില്ലെന്നും രാജ്യാന്തര നിയമത്തിന്റെ ലംഘനമാണെന്നും ആഭ്യന്തര സെക്രട്ടറി തെരേസാ മേയ്. ഇതില്‍ വ്‌ളാഡിമിര്‍ പുടിന്‍ സര്‍ക്കാരിന്റെ പങ്ക് തളളിക്കളയാനാകില്ലെന്നും അവര്‍ പറഞ്ഞു. 2006ല്‍ ലണ്ടനില്‍ വച്ചാണ് അലക്‌സാണ്ടര്‍ റേഡിയോ ആക്ടിവ് വിഷമേറ്റ് മരിച്ചത്. അടുത്തിടെ മരണത്തെക്കുറിച്ച് ലഭിച്ച ചില തെളിവുകളോട് പ്രതികരിക്കുകയായിരുന്നു ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി. കൊലപാതകത്തിനുത്തരവാദികളായ രണ്ട് പേരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. എന്നാല്‍ ഈ റിപ്പോര്‍ട്ടിനെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ തമാശയെന്നാണ് വഌഡിമിര്‍ പുടിന്റെ ഓഫീസ് വിശേഷിപ്പിച്ചത്.
വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായിട്ടില്ലെന്നും റഷ്യന്‍ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അന്വേഷണ റിപ്പോര്‍ട്ടിനെ റഷ്യ പാടെ നിരാകരിച്ചിട്ടുമുണ്ട്. ലിറ്റ്വിനെന്‍കോയെ കൊല്ലാനുളള തീരുമാനത്തിന് അന്നത്തെ സുരക്ഷാ സര്‍വീസ് തലവനായ നിക്കോളായ് പട്രുഷേവിന്റെയും പ്രസിഡന്റ് പുടിന്റെയും അനുമതി ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് അന്വേഷണ സംഘത്തലവന്‍ സര്‍ റോബര്‍ട്ട് ഓവന്‍ പറഞ്ഞു. ഈ സാധ്യത എന്ന പദത്തിന് നിയമവ്യവസ്ഥയില്‍ അംഗീകാരമില്ലെന്നാണ് റഷ്യയുടെ വാദം. അത് കൊണ്ട് തന്നെ ഇതിനെ ഒരു വിധിയായി കണക്കാനാകില്ലെന്നും പെസ്‌കോവ് പറഞ്ഞു. ആന്‍ഡ്രി ലുഗോവോയ്ക്കും ദിമിത്രി കൊവ്ടണിനുമെതിരെ യൂറോപ്യന്‍ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിനോട് നിര്‍ദേശിക്കാന്‍ ആഗ്രഹിക്കുന്നതായി മെയ് പാര്‍ലമെന്റില്‍ വ്യക്തമാക്കി. എന്നാല്‍ റഷ്യയയ്‌ക്കെതിരെ നടപടി വ്യാപിപ്പിക്കില്ലെന്നും സൂചനയുണ്ട്.
നടപടി കൊലപാതകമാണെന്നും അത് ലണ്ടന്റെ തെരുവിലാണ് നടന്നതെന്നും മേയ് ചൂണ്ടിക്കാട്ടി. റഷ്യക്ക് അതില്ട പങ്കുണ്ടെന്നാണ് വ്യക്തമാകുന്നത്. എന്നല്‍ റഷ്യയ്‌ക്കോ അവിടുത്തെ ഭരണാധികാരിക്കോ എതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്നും മേയ് ചൂണ്ടിക്കാട്ടി. ഒരു രാജ്യത്തെ ഭരണത്തലവന് യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ ബ്രിട്ടന് കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി. അതേസമയം പ്രശ്‌നത്തില്‍ റഷ്യന്‍ അംബാസിഡറെ വിളിച്ച് വരുത്തി വിശദീകരണം തേടുമെന്ന് മേയ് അറിയിച്ചു.
എന്നാല്‍ തന്നെ വിദേശകാര്യ ഓഫീസിലേക്ക് വിളിച്ച്് വരുത്തുന്നത് തങ്ങളുടെ നിലപാട് വ്യക്തമാക്കാന്‍ ലഭിക്കുന്ന ഒരവസരമാണെന്ന് അംബാസഡര്‍ അലെക്‌സാണ്ടര്‍ യക്കോവെന്‍കോ പറഞ്ഞു. ഈ കേസ്് ഉഭയകക്ഷി ബന്ധത്തില്‍ യാതൊരു ഉലച്ചില്‍ ഉണ്ടാക്കില്ലെന്ന പ്രതീക്ഷയും അദ്ദേഹം പങ്ക് വച്ചു. അതേസമയം അന്വേഷണ റിപ്പോര്‍ട്ട് മുഴുവനായും പുറത്ത് വിടാത്ത നടപടിയെ എംബസി അപലപിച്ചു. തുറന്ന കോടതിയില്‍ വരാത്ത റിപ്പോര്‍ട്ടിനെ അംഗീകരിക്കാനാകില്ല. അത് മാത്രമല്ല അന്വേഷണം പൂര്‍ത്തിയാക്കാനെടുത്ത സമയം ബ്രിട്ടനിലെ സ്‌പെഷ്യല്‍ സര്‍വീസുകളുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്നു. എന്നാല്‍ ഇതെല്ലാം വെളളപൂശാനാണ് ബ്രിട്ടന്റെ ശ്രമം.
ലിറ്റ്വിനെന്‍കോയുടെ മരണത്തില്‍ റഷ്യയുടെ സുരക്ഷാ ഏജന്‍സിക്കുളള പങ്കിനെക്കുറിച്ച് നാറ്റോയെയും യുകെയുടെ ഇന്റലിജന്‍സ് ഏജന്‍സി പങ്കാളികളെയും അറിയിക്കുമെന്ന് ആഭ്യന്തര സെക്രട്ടറി അറിയിച്ചു. എന്നാല്‍ റഷ്യമായുളള ബന്ധം അവസാനിപ്പിക്കേണ്ട ആവശ്യമില്ലെന്നും അവര്‍ പറഞ്ഞു.