ന്യൂഡൽഹി ∙ സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന യുവാവിനെ ക്രൂരമായി കൊന്നു മൃതദേഹം കത്തിച്ച കേസിൽ ലിവ് ഇൻ പങ്കാളിയും മുൻ കാമുകനും ഉൾപ്പെടെ മൂന്നു പേർ പൊലീസ് പിടിയിലായി. തിമർപുരിലെ ഫ്‌ളാറ്റിൽ താമസിച്ചിരുന്ന രാംകേശ് മീണ (32) നെയാണ് കൊലപ്പെടുത്തിയതെന്ന് ഡൽഹി പൊലീസ് സ്ഥിരീകരിച്ചു. പ്രതികളായി ലിവ് ഇൻ പങ്കാളിയായ അമൃത ചൗഹാൻ (21), മുൻ കാമുകൻ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. ആദ്യം അപകടമരണം പോലെ തോന്നിച്ച സംഭവം സിസിടിവി ദൃശ്യങ്ങളും ഫോണിന്റെ ലൊക്കേഷൻ ഡേറ്റയും പരിശോധിച്ചതോടെ കൊലപാതകമാണെന്ന് തെളിഞ്ഞു.
അന്വേഷണത്തിൽ നിന്നു വ്യക്തമായത്, രാംകേശ് തന്റെ പങ്കാളിയായ അമൃതയുടെ സ്വകാര്യ ദൃശ്യങ്ങൾ ഹാർഡ് ഡിസ്ക്കിൽ സൂക്ഷിച്ചതാണ് കൊലപാതകത്തിന് പിന്നിലെ പ്രധാന കാരണമെന്ന്. ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് അമൃത ആവർത്തിച്ച് ആവശ്യപ്പെട്ടെങ്കിലും രാംകേശ് അതിന് തയ്യാറായില്ല. ഇതോടെ അമൃത തന്റെ മുൻ കാമുകൻ സുമിത്തിനെ സമീപിച്ചു. സുമിത്തും അമൃതയും ചേർന്ന് കൊലപാതക പദ്ധതി ആസൂത്രണം ചെയ്തു, തുടർന്ന് സുഹൃത്തായ സന്ദീപിനെയും കൂട്ടുപിടിച്ചു.
ഒക്ടോബർ 5നാണ് കൊലപാതകം നടന്നത്. ഫ്‌ളാറ്റിൽ എത്തിയ സുമിത്തും സന്ദീപും ചേർന്ന് രാംകേശിനെ ശ്വാസംമുട്ടിച്ച് കൊന്നു. മൃതദേഹം കത്തിക്കാനായി എണ്ണ, നെയ്യ്, വൈൻ എന്നിവ ഒഴിച്ചു. ഗ്യാസ് സിലിണ്ടർ തുറന്ന് മുറിയിൽ നിറഞ്ഞതിനു ശേഷം ലൈറ്റർ ഉപയോഗിച്ച് തീ കൊളുത്തി വാതിൽ പൂട്ടി പ്രതികൾ പുറത്ത് പോയി. പിന്നാലെ ഫ്‌ളാറ്റ് പൊട്ടിത്തെറിച്ച് തീപിടിത്തമുണ്ടായി. സംഭവസ്ഥലത്ത് നിന്നുള്ള ലാപ്‌ടോപ്പുകളും ഹാർഡ് ഡിസ്‌ക്കും പൊലീസ് പ്രതികളിൽ നിന്ന് വീണ്ടെടുത്തു. മുഖ്യപ്രതിയായ അമൃത ഫോറൻസിക് സയൻസ് വിദ്യാർത്ഥിനിയായതിനാൽ കൊലപാതകം ആസൂത്രണം ചെയ്യാൻ ക്രൈം വെബ്‌സീരീസ് കഥകളിൽ നിന്നുള്ള പ്രചോദനമാണ് ഉപയോഗിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.











Leave a Reply