ബ്രിട്ടീഷ് പാർലമെന്റ് പാസ്സാക്കിയ Terminally Ill Adults (End of Life) ബില്ലിനെ പറ്റിയും, അത് മലയാളി നേഴ്സിംഗ് സമൂഹം എങ്ങനെ നോക്കി കാണുന്നു എന്നതിനെ കുറിച്ചും ലിവർപൂളിലെ മലയാളി സമൂഹം വളരെ വിശദമായി ചർച്ച നടത്തി . ബില്ലിലെ നിയമപരവും സാങ്കേതികകവു൦ ധാർമികവുമായ തലങ്ങളെ കുറിച്ച് വിഷയ൦ അവതരിപ്പിച്ചുകൊണ്ടു സംസാരിച്ച അഡ്വക്കേറ്റ് ഡൊമിനിക് കാർത്തികപ്പള്ളി വളരെ വിശദമായി വിശദീകരിച്ചു . ഈ ബിൽ വ്യക്തി സ്വാതന്ത്ര്യം എന്ന ജനാധിപത്യത്തിന്റെ ഉന്നതമൂല്യങ്ങളെ ഉയർത്തിപ്പിടിക്കുന്നതിൽ ബ്രിട്ടീഷ് പാർലമെന്റ് കാണിക്കുന്ന ഉത്സാഹം ലോകത്തിനു തന്നെ മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പിന്നീട് സംസാരിച്ച ശ്രീ തമ്പി ജോസ് ഇവിടുത്തെ മലയാളികളായ നേഴ്സിംഗ് സമൂഹം കൊലപാതകത്തിന് കൂട്ടുനിൽക്കേണ്ടിവരും എന്ന ആശങ്കകൾക്ക് ഒരു കാരണവും ഇല്ലെന്നും, ഈ നിയമത്തിൽ നേഴ്സിന് ഒരു റോളും ഇല്ലെന്നു നിയമം വിശദീകരിച്ചുകൊണ്ടു ചൂണ്ടിക്കാട്ടി, തുടർന്ന് സംസാരിച്ച ശ്രീ ബിജു ജോർജ് ഈ ബില്ല് ഈശ്വര വിശ്വാസവുമായി ഒരു വിരുദ്ധതയും ഇല്ലെന്നും, തിരഞ്ഞെടുക്കാനുള്ള അവകാശം മാത്രമാണ് ബില്ലിൽ ഉള്ളെതെന്നും അഭിപ്രായപ്പെട്ടു.
ബില്ലിനെപ്പറ്റി സമഗ്രമായ ചർച്ച 3 മണിക്കൂർ നീണ്ടുനിന്നു പങ്കെടുത്ത എല്ലാവർക്കും ധാരാളം അറിവിന്റെ മണിചെപ്പ് നിറക്കുന്ന പുതിയ നിരവധി വിവരങ്ങളാണ് ലഭിച്ചത് .. സ്വയം മരിക്കാനുള്ള അവകാശം തീരാ വേദനയിൽ കഴിയുന്നവർക്ക് അനുവദിക്കുന്ന ബില്ല് ആവശ്യം തന്നെയാണ് എന്നായിരുന്നു ബഹു ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടത്. പ്രായമായവർ വീട്ടിൽ ഒരു ബാധ്യതയായി വരുമ്പോൾ അവരെ സ്വയം മരിക്കാൻ ഭയപ്പെടുത്തി സമ്മതിപ്പിക്കുമോ എന്ന് പലരും ചർച്ചയിൽ സംശയം ഉന്നയിച്ചു . അത്തരം വിഷയങ്ങൾ പരിഹരിക്കാൻ കഴിയുന്ന പഴുതകൾ അടച്ചുള്ള നിയമമായിരിക്കും നടപ്പിലാക്കുക എന്ന് ശ്രീ റോയ് മാത്യു അഭിപ്രായപ്പെട്ടു.
മത സംഘടനകൾ ഈ ബില്ലിനെതിരെ പ്രചരണം നടത്തിയിരുന്നത് ദൈവമാണ് ജീവൻ നൽകുന്നത് അതുകൊണ്ടു ദൈവത്തിനു മാത്രമാണ് ജീവൻ എടുക്കാൻ അവകാശമുള്ളൂ എന്ന വിശ്വാസത്തിൽ നിന്നാണ് അത് കാലഹരണപ്പെട്ട കാഴ്ചപ്പാടാണ് എന്നാണ് ചർച്ചയിൽ ഉയർന്നുവന്നത് . പങ്കെടുത്ത 13 പേർ ബില്ലിനെ അനുകൂലിക്കുകയും 3 പേർ എതിർക്കുകയും ചെയ്തു . ശ്രീ എൽദോസ് സണ്ണി സംവാദത്തിന്റെ അധ്യക്ഷനായിരുന്നു. ശ്രീ ജോയി അഗസ്തി സ്വാഗതം ആശ്വംസിച്ചു. ശ്രീ ടോം ജോസ് തടിയംപാട് പരിപാടിക്കു നന്ദി പ്രകാശിപ്പിച്ചു .
Leave a Reply