ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ലണ്ടൻ : ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയാകാനുള്ള മത്സരത്തിൽ വിദേശകാര്യ മന്ത്രി ലിസ് ട്രസ് മുന്നിലെന്ന് അഭിപ്രായ സർവേ. ഋഷി സുനകും ലിസ് ട്രസും തമ്മിലാണ് അവസാന റൗണ്ട് മത്സരം. 735 കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയില്‍ നടത്തിയ സര്‍വേ ഫലം ഋഷി സുനകിന് ആശങ്കയ്ക്ക് വക നല്‍കുന്നതാണ്. എംപിമാർക്കിടയിൽ നടന്ന വോട്ടെടുപ്പുകളിൽ എല്ലാം മുമ്പനായി എത്തിയെങ്കിലും പ്രധാനമന്ത്രി പദത്തിലേക്കുള്ള അവസാന റൗണ്ട് മത്സരത്തില്‍ തോല്‍വി സംഭവിച്ചേക്കുമെന്നാണ് യു ഗവ് എന്ന് പോളിങ് സ്ഥാപനം നടത്തിയ സര്‍വേയില്‍ സൂചിപ്പിക്കുന്നത്.
ഇരുവരും പരസ്പരം ഏറ്റുമുട്ടുമ്പോള്‍, ലിസ് ട്രസ് ഋഷി സുനകിനെ മറികടക്കുമെന്ന് 54 ശതമാനം പേര്‍ കരുതുന്നു. 35 ശതമാനം പേര്‍ ഋഷിക്ക് അനുകൂലമാണ്. 11 ശതമാനം പേര്‍ അറിയില്ല എന്ന് പ്രതികരിച്ചു. ഓഗസ്റ്റ് 4 മുതൽ സെപ്റ്റംബർ 4 വരെ പാർട്ടി അംഗങ്ങൾക്കിടയിൽ നടക്കുന്ന വോട്ടെടുപ്പിൽ ഇവരിലൊരാളെ പാർട്ടി നേതാവായും പ്രധാനമന്ത്രിയായും തിരഞ്ഞെടുക്കും. സെപ്റ്റംബർ 5ന് ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ അറിയാം.
പെന്നി മോര്‍ഡന്റുമായി നടന്ന വാശിയേറിയ പോരാട്ടത്തിനൊടുവില്‍ എട്ടു വോട്ടുകൾ അധികം നേടിയാണ് ലിസ് ട്രസ് അവസാന രണ്ടിലേക്ക് എത്തിയത്. താന്‍ പ്രധാനമന്ത്രി ആയാല്‍, കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മൂല്യങ്ങള്‍ക്ക് അനുസൃതമായി ഭരിക്കുകയും, ആദ്യ ദിവസം മുതല്‍ പാര്‍ട്ടിയെ ഐക്യത്തോടെ മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് ട്രസ് പറഞ്ഞു. നികുതികള്‍ വെട്ടി കുറയ്ക്കുകയും, സമ്പദ് വ്യവസ്ഥ വളര്‍ത്തുകയും ചെയ്യുന്ന പുതിയ സാമ്പത്തിക പദ്ധതിയാണ് ട്രസ് മുന്നോട്ട് വയ്ക്കുന്നത്.
Leave a Reply