ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
രാജ്ഞിയുടെ ശവസംസ്കാര ശുശ്രൂഷകൾക്ക് മുൻപായി ജോ ബൈഡൻ ഉൾപ്പെടെയുള്ള ലോക നേതാക്കളെ കാണാൻ ഒരുങ്ങി ലിസ് ട്രസ്. പ്രധാനമന്ത്രി ഈ ഞായറാഴ്ച അനൗദ്യോഗികമായി യുഎസ്, കാനഡ, പോളണ്ട് അയർലൻഡ് എന്നിവിടങ്ങളിലെ നേതാക്കന്മാരെ ആയിരിക്കും കാണുക. തിങ്കളാഴ്ച നടക്കുന്ന സംസ്കാര ചടങ്ങ് അടുത്തിടെ നടക്കുന്ന ഏറ്റവും വലിയ പരിപാടികളിൽ ഒന്നായിരിക്കും. ചടങ്ങിൽ പങ്കെടുക്കുവാനായി രാജ്യത്തിൻറെ അകത്തും പുറത്തുമായി അഞ്ഞൂറിലധികം നേതാക്കളായിരിക്കും വരിക. വിദേശകാര്യ സെക്രട്ടറിയായി സേവനം ചെയ്ത കാലയളവിൽ അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെങ്കിലും ഈയാഴ്ച പ്രധാനമന്ത്രി പദവി ഏറ്റെടുത്തതിനു ശേഷം ഉള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഞായറാഴ്ച ട്രസ് ഡൗണിംഗ് സ്ട്രീറ്റിൽ വച്ച് ഐറിഷ് പ്രധാനമന്ത്രി മൈക്കൽ മാർട്ടിൻ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, പോളിഷ് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യുഎൻ ജനറൽ അസംബ്ലിയിലും ട്രസ് പങ്കെടുക്കും. ഇവിടെവച്ച് മറ്റ് ലോക നേതാക്കളുമായി ചർച്ചകൾ നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്ഞിയുടെ മരണത്തെ തുടർന്ന് ഔദ്യോഗികമായി പത്ത് ദിവസത്തെ ദുഖാചരണം മൂലം സാധാരണയായി പ്രധാനമന്ത്രി ലോക നേതാക്കളുമായി നടത്തുന്ന ചർച്ചകളുടെ വിവരങ്ങൾ മാധ്യമങ്ങൾക്ക് ലഭിക്കില്ല.
വെസ്റ്റ്മിൻസ്റ്റർ ആബിയിൽ തിങ്കളാഴ്ച നടക്കുന്ന സംസ്കാര ശുശ്രൂഷയിൽ ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കളും രാജകുടുംബത്തിൽ ഉള്ളവരും ആയ പ്രമുഖർ പങ്കെടുക്കും. സിറിയ, വെനസ്വേല, അഫ്ഗാനിസ്ഥാൻ, മ്യാൻമർ, റഷ്യ, ബെലാറസ് എന്നിവിടങ്ങളിൽ നിന്നുള്ള നേതാക്കളെ ക്ഷണിച്ചിട്ടില്ല. ഇറാൻ, ഉത്തര കൊറിയ, നിക്കരാഗ്വ എന്നിവിടങ്ങളിൽ നിന്നുള്ള മുതിർന്ന നയതന്ത്രജ്ഞരെ മാത്രമാണ് ക്ഷണിച്ചിരിക്കുന്നത്. ചൈനയിൽ നിന്ന് ഒരു ഉന്നത ഉദ്യോഗസ്ഥൻ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ ചൈനീസ് വിദേശകാര്യ മന്ത്രി ഇതുവരെയും തീരുമാനങ്ങൾ ഒന്നുതന്നെ എടുത്തിട്ടില്ല എന്നാണ് വ്യക്തമാക്കിയത്. വെസ്റ്റ്മിൻസ്റ്റർ ഹാളിൽ രാജ്ഞിയുടെ മൃതദേഹം കാണുന്നതിൽ നിന്ന് ചൈനീസ് ഉദ്യോഗസ്ഥരുടെ പ്രതിനിധി സംഘത്തെ വിലക്കിയതിന് പിന്നാലെയാണിത്.
Leave a Reply