ഒസിഐ കാര്‍ഡ് പുതുക്കാനുള്ള തീയതി 2021 ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകളും ആവശ്യമില്ല. പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

ഒസിഐ കാര്‍ഡ് പുതുക്കാനുള്ള തീയതി 2021 ഡിസംബര്‍ 31 വരെ നീട്ടി. കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകളും ആവശ്യമില്ല. പുതിയ മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി സർക്കാർ
March 31 06:24 2021 Print This Article

ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ(ഒസിഐ) കാര്‍ഡ് ഉടമകള്‍ക്ക് ഇനി ഇന്ത്യന്‍ യാത്രയ്ക്കായി പഴയ പാസ്‌പോര്‍ട്ടുകള്‍ ആവശ്യമില്ല. ഒസിഐ കാർഡ് ഉടമകൾ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമ്പോള്‍ പഴയതും കാലഹരണപ്പെട്ടതുമായ പാസ്‌പോര്‍ട്ടുകള്‍ കരുതേണ്ട ആവശ്യമുണ്ടായിരുന്നു. ഈ വ്യവ്യവസ്ഥയിലാണ് സര്‍ക്കാര്‍, വിജ്ഞാപനത്തിൽ മാറ്റം വരുത്തിയത്. ഇനി മുതല്‍, പഴയ പാസ്‌പോര്‍ട്ട് നമ്പരുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് അവരുടെ പഴയ പാസ്‌പോര്‍ട്ട് ആവശ്യമില്ല. എന്നാല്‍ പുതിയ പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. അതോടൊപ്പം തന്നെ വിദേശ പാസ്പോർട്ടുകളുടെ കാലാവധി കഴിഞ്ഞവർക്കും പുതിയ പാസ്പോർട്ട്‌ എടുത്ത് ഒസിഐ പുതുക്കാൻ കാത്തിരിക്കുന്നവർക്കും ആശ്വസിക്കാനുള്ള വകയുണ്ട്. നിലവിലെ ഒസിഐ കാർഡുമായി യാത്രചെയ്യാനുള്ള ഇളവ് 2021 ഡിസംബർ 31 വരെ നീട്ടാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിവിധ എംബസികൾ ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.

നിലവിൽ ജൂൺ 30 വരെയായിരുന്നു ഒസിഐ കാർഡുകൾ പുതുക്കാൻ സമയം അനുവദിച്ചിരുന്നത്. ഇതാണ് ഇപ്പോൾ ഡിസംബർ 31 വരെ നീട്ടിയത്. 2005ൽ പ്രാബല്യത്തിൽ വന്ന ഒസിഐ കാര്‍ഡ് വ്യവസ്ഥകള്‍ പ്രകാരം, 20 വയസ്സിന് താഴെയുള്ളവരും 50 വയസ്സിനു മുകളിലുള്ളവരും അവരുടെ പാസ്‌പോര്‍ട്ട് പുതുക്കുമ്പോഴെല്ലാം അവരുടെ ഒസിഐ കാര്‍ഡും പുതുക്കേണ്ടതുണ്ട്. കോവിഡ് മൂലം ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം മുതല്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയിരുന്നു. ഈ കാലാവധി ഒന്നിലധികം തവണ നീട്ടിയും നല്‍കി. എന്നിരുന്നാലും, ഇതാദ്യമായാണ് പഴയ പാസ്‌പോര്‍ട്ടുകള്‍ സംബന്ധിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ഇളവ് നല്‍കുന്നത്.

ലോകമെമ്പാടുമുള്ള ഒസിഐ കാര്‍ഡ് ഉടമകള്‍ക്ക് ആശ്വാസം പകരുന്നതാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെന്ന് പ്രവാസികൾ വിലയിരുത്തുന്നു. ആഗോളതലത്തില്‍ ഇന്ത്യന്‍ വംശജരായ ആളുകള്‍ക്കാണ് ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ അല്ലെങ്കില്‍ ഒസിഐ കാര്‍ഡ് വിതരണം ചെയ്യുന്നത്. വോട്ടവകാശം, സര്‍ക്കാര്‍ സേവനം, കാര്‍ഷിക ഭൂമി വാങ്ങല്‍ എന്നിവയൊഴികെ ഒരു ഇന്ത്യന്‍ പൗരന്റെ എല്ലാ ആനുകൂല്യങ്ങളും ഈ കാര്‍ഡ് നല്‍കുന്നു. ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയിലേക്ക് വിസ സൗജന്യ യാത്രയും ലഭിക്കുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles