യുകെയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന വമ്പിച്ച ഓണാഘോഷത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 12.30 മുതലാണ്‌ ലെസ്റ്റര്‍ മലയാളികളുടെ ഓണാഘോഷത്തിന് തുടക്കമാകുന്നത്. മികച്ച ഓഡിറ്റോറിയവും വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടും ഉള്‍പ്പെടെ എല്ലാ സൗകര്യങ്ങളും ഉള്ള ജഡ്ജ്  മീഡോ കോളജിൽ  ആണ് ആഘോഷം നടക്കുന്നത്. വിഭവ സമൃദ്ധമായ ഓണസദ്യയുടെ അകമ്പടിയോടെ നയനമനോഹരമായ കലാപരിപാടികൾ ഉള്‍പ്പെടെയുള്ള ഓണാഘോഷം വേറിട്ട അനുഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ലെസ്റ്ററിലെ മലയാളികള്‍.

സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖർ ഉള്‍പ്പെടെ പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ പരിപാടികളോട് കൂടിയ കലാ സന്ധ്യയും ഓണാഘോഷത്തിന്റെ പകിട്ട് വര്‍ദ്ധിപ്പിക്കും. ഓണാഘോഷത്തിൻറെ കൂപ്പൺ വില്പന ജൂലൈ ഒന്നുമുതൽ ആരംഭിച്ചിരുന്നു. പതിവിന് വിപരീതമായി ഓണാഘോഷ ദിനത്തിന് ഒരാഴ്ച മുന്‍പ് തന്നെ പ്രവേശന കൂപ്പണുകള്‍ മുഴുവന്‍ വിറ്റ്‌ തീര്‍ന്നിരുന്നു. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റി ഭാരവാഹികളുടെ അക്ഷീണമായ പ്രയത്നം മൂലം അംഗത്വ രജിസ്ട്രേഷനിലും അഭൂതപൂര്‍വ്വമായ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ ആയിരത്തോളം ആളുകള്‍ ഇത്തവണ ഓണാഘോഷത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

ലെസ്റ്റര്‍ കേരള ഡാന്‍സ്‌ അക്കാദമിയിലെ വിവിധ ബാച്ചുകളില്‍ നിന്നുള്ള കുട്ടികളും, പ്രശസ്ത കൊറിയോഗ്രാഫര്‍ ആയ കലാഭവന്‍ നൈസിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച കുട്ടികളും, ബോളിവുഡ് ഡാന്‍സ് പ്രതിഭയായ ഡോ. വീണ ബാബുവിന്‍റെ പരിശീലനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കാന്‍ ഒരുങ്ങുന്നവരും ഉള്‍പ്പെടെ നിരവധി കലാപരിപാടികള്‍ ആണ് ഇന്ന് ലെസ്റ്റര്‍ മലയാളികളെ കാത്തിരിക്കുന്നത്. യുകെയിലെ മികച്ച ഗായകരെ പങ്കെടുപ്പിച്ച് കൊണ്ട് ലൈവ് ഓര്‍ക്കസ്ട്രയുടെഅകമ്പടിയോടെ നടത്തുന്ന ഗാനമേളയാണ് മറ്റൊരു ആകര്‍ഷണം.

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മുപ്പതിന് വിഭവ സമൃദ്ധമായ ഓണസദ്യയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പതിനൊന്നരയോടെ രജിസ്ട്രേഷന്‍ ആരംഭിക്കും. ലെസ്റ്റര്‍ കേരള കമ്മ്യൂണിറ്റിയുടെ ആതിഥേയത്വത്തില്‍ മലയാളം യുകെ ഓണ്‍ലൈന്‍ ന്യൂസ് സംഘടിപ്പിച്ച എക്സല്‍ അവാര്‍ഡ് നൈറ്റില്‍ പ്രോഗ്രാം അവതരിപ്പിച്ച കുട്ടികള്‍ക്കുള്ള പുരസ്കാരങ്ങള്‍ ഇന്ന് ഓണാഘോഷ വേദിയില്‍ വിതരണം ചെയ്യും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഓണാഘോഷ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ലെസ്റ്ററിലെ എല്ലാ മലയാളികളെയും ജഡ്ജ് മീഡോ സ്കൂള്‍ ഓഡിറ്റോറിയത്തിലേക്ക് സഹര്‍ഷം സ്വാഗതം ചെയ്യുന്നതായി എല്‍കെസി ഭാരവാഹികള്‍ അറിയിക്കുന്നു.

ഓണാഘോഷ വേദിയുടെ അഡ്രസ്സ്:

Judgemeadow College
Maryden Drive
Leicester LE56HP