ലണ്ടന്‍: ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോക്കല്‍ തെരഞ്ഞെടുപ്പ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് ബുദ്ധിമുട്ടേറിയതായിരിക്കുമെന്ന് വിലയിരുത്തല്‍. പാര്‍ട്ടി ചെയര്‍മാന്‍ ബ്രാന്‍ഡന്‍ ലൂയിസ് തന്നെയാണ് ഇക്കാര്യം സമ്മതിച്ചത്. ലണ്ടനിലെ കൗണ്‍സില്‍ സീറ്റുകളിലേക്കുള്ള മത്സരം ദുഷ്‌കരമായിരിക്കുമെന്ന് ലൂയിസ് പറഞ്ഞു, കുറഞ്ഞത് മൂന്ന് പ്രധാന കൗണ്‍സിലുകളെങ്കിലും രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് പ്രാദേശിക തെരഞ്ഞെടുപ്പുകളില്‍ നഷ്ടപ്പെടാന്‍ സാധ്യതയുണ്ട്. മെയ് മാസത്തിലാണ് തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്നത്.

പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് പുതുതായി നിയമിതനായ ലൂയിസിനായിരിക്കും തെരഞ്ഞെടുപ്പില്‍ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കേണ്ടി വരിക. അതിനായി ഏറെ പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് ലൂയിസ് പറഞ്ഞു. 2014ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ലേബറിനായിരുന്നു മുന്‍തൂക്കം. ലണ്ടനിലും അവര്‍ക്കായിരുന്നു നേട്ടമുണ്ടാക്കാനായത്. ഏറ്റവും വെല്ലുവിളി നിറഞ്ഞതും ലണ്ടന്‍ തന്നെയാണ്. ഇവിടെയും മറ്റിടങ്ങളിലും ഒട്ടേറെ കാര്യങ്ങള്‍ ടോറികള്‍ക്ക് ചെയ്തു തീര്‍ക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തെരഞ്ഞെടുപ്പുകള്‍ വെല്ലുവിളി നിറഞ്ഞവ തന്നെയാണ്. എന്നാല്‍ നാണിച്ചു പിന്‍മാറി നില്‍ക്കാതെ പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയാണ് ചെയ്യേണ്ടത്. ജനങ്ങള്‍ക്ക് വേണ്ടി എന്തൊക്കെ ചെയ്യാനാകുമെന്ന് പ്രചരണങ്ങളിലൂടെ അറിയിക്കുകയും പരമാവധി സീറ്റുകളില്‍ വിജയിക്കാനുള്ള ശ്രമം നടത്തുകയുമാണ് ഇപ്പോള്‍ ചെയ്യേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ ലേബറിന് കണ്‍സര്‍വേറ്റീവുകളേക്കാള്‍ 26 പോയിന്റ് ലീഡുണ്ടെന്ന് വ്യക്തമാക്കുന്ന പുതിയ പോള്‍ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ടോറി ചെയര്‍മാന്റെ പ്രസ്താവന. ടോറികള്‍ അധികാരത്തിലിരിക്കുന്ന പ്രധാന കൗണ്‍സിലുകളായ ബാര്‍നറ്റ്, വാന്‍ഡ്‌സ് വര്‍ത്ത്, വെസ്റ്റ്മിന്‍സ്റ്റര്‍ എന്നിവയില്‍ ലേബറിന് ആധിപത്യം നേടാനാകുമെന്നാണ് പുതിയ സര്‍വേ വ്യക്തമാക്കുന്നത്.