ബ്രിട്ടണിലെ പ്രാദേശിക തിരഞ്ഞെടുപ്പിൽ ശക്തമായ സ്വാധീനമായി മലയാളികള്‍. മലയാളി സ്ഥാനാർഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പിന് ആവേശം പകർന്നു. അഞ്ചിടങ്ങളിലാണ് മലയാളി സ്ഥാനാർഥികൾ ജനവിധി തേടിയത്.

യുണൈറ്റഡ് കിങ്ന്‍ഡം ഓഫ് ഗ്രേറ്റ് ബ്രിട്ടണിലെ ഇംഗ്ലണ്ട്, വെയില്‍സ്, സ്‌കോട്ന്‍ലഡ് എന്നിവിടങ്ങളില്‍ പ്രാദേശിക തിരഞ്ഞെടുപ്പ് ഇന്ന്. പ്രാദേശിക കൗണ്‍സിലുകളിലേക്കുള്ള ജനപ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വോട്ടെടുപ്പാണിത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഫെഡറല്‍ സര്‍ക്കാരിനെ നിശ്ചയിക്കാനുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.

ഇംഗ്ലണ്ടിലും വെയില്‍സിലും ലേബറും ടോറികളും തമ്മിലുള്ള ശക്തമായ പോരാട്ടമാണെങ്കില്‍ സ്‌കോട്ലന്‍ഡില്‍ പ്രാദേശിക പാര്‍ട്ടിയായ സ്‌കോട്ടിഷ് നാഷനല്‍ പാര്‍ട്ടിയാണ് ലേബറിന്റെയും ടോറികളുടെയും മുഖ്യ ശത്രുക്കള്‍. ഇവിടങ്ങളിലായി മൂന്നു ലക്ഷത്തോളം മലയാളി വോട്ടുകള്‍ ഉണ്ട്. മലയാളി സ്ഥാനാര്‍ഥികളുടെ സാന്നിധ്യവും തിരഞ്ഞെടുപ്പില്‍ ആവേശം പകരുന്നതാണ്.

ലണ്ടനിലെ ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലും കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റര്‍ടണിലും ഹണ്ടിങ്ടണ്‍ നോര്‍ത്ത് വാര്‍ഡിലുമാണ് മലയാളി സ്ഥാനാര്‍ഥികള്‍ ജനവിധി തേടുന്നത്. ബാര്‍ക്കിങ് ആന്‍ഡ് ഡാഗ്‌നം കൗണ്‍സിലിലെ വെയില്‍ബോണ്‍ വാര്‍ഡില്‍ കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥിയായി സുഭാഷ് നായരും ഈസ്റ്റ് ചെസ്റ്റര്‍ടണ്‍ വാര്‍ഡില്‍ ലേബര്‍ സ്ഥാനാര്‍ഥിയായി ബൈജു വര്‍ക്കി തിട്ടാലയും ഹണ്ടിങ്ടണ്‍ നോര്‍ത്തില്‍ ലീഡോ ജോര്‍ജുമാണ് ജനവധി തേടുന്നത്. സുഭാഷിന് ഇത് കന്നിയങ്കമാണെങ്കില്‍ 2018ല്‍ കൗണ്‍സിലറായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ബൈജുവിനും ലീഡോയ്ക്കും ഇത് രണ്ടാമൂഴമാണ്.

2018 മുതല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമായ സുഭാഷ് നായര്‍ നിലവില്‍ ബാര്‍ക്കിങ് കൗണ്‍സിലിലെ റിലീജിയസ് എജ്യുക്കേഷന്‍ സ്റ്റാന്‍ഡിങ് അഡൈ്വസറി കൗണ്‍സില്‍ അംഗമാണ്. ഐടി പ്രഫഷനലായ സുഭാഷ് യുകെയില്‍ എത്തിയകാലം മുതല്‍ പൊതുരംഗത്ത് സജീവമാണ്. പെരുമ്പാവൂര്‍ സ്വദേശിയാണ്. എന്‍എച്ച്എസില്‍ നഴ്‌സായ സുജയാണ് ഭാര്യ.

കേംബ്രിഡ്ജില്‍ പ്രാക്ടീസിങ് സോളിസിറ്ററായ ബൈജു വര്‍ക്കി ഒന്നാം ഊഴത്തിലെ ഭരണനേട്ടം ഉയര്‍ത്തിക്കാട്ടിയാണ് രണ്ടാമതും ജനവിധി തേടുന്നത്. ക്രിമിനല്‍ ഡിഫന്‍സ് കോര്‍ട്ട് ഡ്യൂട്ടി സോളിസിറ്ററായി പ്രവര്‍ത്തിക്കുന്ന ബൈജുവും ബ്രിട്ടനിലെത്തിയ കാലംമുതല്‍ പൊതുരംഗത്തും പ്രാദേശിക രാഷ്ട്രീയത്തിലും സജീവമാണ്. കോട്ടയം കരൂപ്പൂത്തിട്ട് സ്വദേശിയാണ് ബൈജു. ഭാര്യ എന്‍എച്ച്എസില്‍ നഴ്‌സാണ്. അങ്കമാലി സ്വദേശിയായ ലീഡോ ജോര്‍ജ് നഴ്‌സിങ് ഏജന്‍സി നടത്തുന്നു. ഭാര്യ റാണി എന്‍എച്ച്എസില്‍ നഴ്‌സായി ജോലി ചെയ്യുന്നു.

ബ്രിട്ടനില്‍ പ്രാദേശിക കൗണ്‍സിലുകളില്‍ മല്‍സരിച്ച് വിജയിക്കുകയും വിവിധ കൗണ്‍സിലുകളില്‍ മേയറാവുകയും ചെയ്തിട്ടുള്ള മലയാളികള്‍ പലരുണ്ട്. ഇപ്പോഴും ബ്രിസ്റ്റോളിലെ ബ്രാഡ്ലി സ്റ്റോക്കിലും (ടോം ആദിത്യ) ലണ്ടനിലെ കിങ്സ്റ്റണ്‍ അപ്പോണ്‍ തേംസ് കൗണ്‍സിലിലും (സുശീല ഏബ്രഹാം) മേയര്‍ സ്ഥാനം അലങ്കരിക്കുന്നത് മലയാളികളാണ്. ബ്രിട്ടനില്‍ ഏറ്റവുമധികം മലയാളികളുള്ള ഈസ്റ്റ്ഹാമില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലേബര്‍ ടിക്കറ്റില്‍ ജയിച്ചതു മലയാളിയായ സുഗതന്‍ തെക്കേപ്പുരയാണ്.

ഇംഗ്ലണ്ടില്‍ 146 കൗണ്‍സിലുകളിലേക്കായി നാലായിരത്തിലധികം കൗണ്‍സിലര്‍മാരെയാണ് തിരഞ്ഞെടുക്കുന്നത്. ഇതില്‍ ലണ്ടന്‍ നഗരത്തിലെ 32 ബറോകളും മാഞ്ചസ്റ്റര്‍, ലീഡ്‌സ്, ബര്‍മിങ്ങാം നഗരങ്ങളിലെ കൗണ്‍സിലുകളുമുണ്ട്. സൗത്ത് യോര്‍ക്ഷര്‍ റീജണല്‍ മേയര്‍ തിരഞ്ഞെടുപ്പും പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ തിരഞ്ഞെടുപ്പും ഇതോടൊപ്പമാണ്. ഇംഗ്ലണ്ടിലെ പല കൗണ്‍സിലുകളിലും 2018നു ശേഷം നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പാണിത്.

ഫെഡറല്‍ സര്‍ക്കാരിനെ തിരഞ്ഞെടുക്കാനുള്ള നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ വോട്ടെടുപ്പില്‍ പ്രധാനമായും നടക്കുന്നത് യൂണിയനിസ്റ്റ് പാര്‍ട്ടികളുടെ പോരാട്ടമാണ്. യുണൈറ്റഡ് കിങ്ഡത്തെ പിന്തുണയ്ക്കുന്നവരും യുണൈറ്റഡ് അയര്‍ലന്‍ഡിനെ പിന്തുണയ്ക്കുന്നവരും തമ്മിലുള്ള പോരാട്ടം. 2003 മുതല്‍ ഇവിടെ ഡമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടിക്കാണ് തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം. രണ്ടാം സ്ഥാനം സിന്‍ ഫെയ്ന്‍ നാഷനലിസ്റ്റുകള്‍ക്കും.