തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലസൂചനകൾ ഇടതുപക്ഷത്തിന്റെ മൂന്നാം എൽഡിഎഫ് സർക്കാർ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടിയാണുണ്ടാക്കുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ യുഡിഎഫ് വ്യക്തമായ മുന്നേറ്റം കാഴ്ചവെച്ചപ്പോൾ, എൻഡിഎയും ശക്തമായ സാന്നിധ്യമായി ഉയർന്നു. ത്രിതല പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷനുകൾ തുടങ്ങി മിക്ക മേഖലയിലും യുഡിഎഫാണ് മുൻപന്തിയിൽ. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം 941 പഞ്ചായത്തുകളിൽ 441 ഇടങ്ങളിൽ യുഡിഎഫ് മുന്നിലാണ്; എൽഡിഎഫ് 372 പഞ്ചായത്തുകളിൽ. ബ്ലോക്ക് പഞ്ചായത്തുകളിൽ 80 ഇടങ്ങളിൽ യുഡിഎഫും 63 ഇടങ്ങളിൽ എൽഡിഎഫും മുൻപിലെത്തി. ജില്ലാ പഞ്ചായത്തുകളിൽ നില 7–7 എന്നതാണ്.
കഴിഞ്ഞ തവണ എൽഡിഎഫ് തൂത്തുവാരിയ പല കേന്ദ്രങ്ങളിലും ഇത്തവണ യുഡിഎഫ് തിരിച്ചെത്തിയതാണ് ശ്രദ്ധേയം. ഭരണനേട്ടങ്ങൾ മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനെ കേന്ദ്രമാക്കി എൽഡിഎഫ് നടത്തിയ പ്രചാരണം പ്രതീക്ഷിച്ച ഫലം കണ്ടില്ല. പെൻഷൻ വർധനയും സ്ത്രീസുരക്ഷാ പെൻഷനും ഉൾപ്പെടെയുള്ള പ്രഖ്യാപനങ്ങൾ ആയുധമാക്കിയെങ്കിലും, ശബരിമല വിഷയവും ഭരണവിരുദ്ധ വികാരവും തിരിച്ചടിയായി. അതേസമയം, ഫീസ് വർധന, വിലക്കയറ്റം, ഭരണപരാജയം എന്നിവ ചൂണ്ടിക്കാട്ടിയ യുഡിഎഫ് പ്രചാരണം ഫലപ്രദമായി. വിവാദ വിഷയങ്ങളിൽ പ്രതിരോധം ഉറപ്പിച്ച യുഡിഎഫ് നിലപാടും നേട്ടമായി.
ബിജെപിക്കും ഫലം അപ്രതീക്ഷിത നേട്ടമാണ് നൽകുന്നത്. തിരുവനന്തപുരം കോർപ്പറേഷനിൽ വിജയത്തിനരികിലെത്തിയ ബിജെപി നഗരസഭ നിലനിർത്തിയ പാലക്കാടും നിരവധി പഞ്ചായത്തുകളിലും സാന്നിധ്യം ഉറപ്പിച്ചു. 27 പഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും എൻഡിഎ മുന്നിലാണ്. തിരുവനന്തപുരത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയതോടൊപ്പം, കൊല്ലം കോർപ്പറേഷനും ആലപ്പുഴ ജില്ലയിലും ലഭിച്ച മുന്നേറ്റം സംസ്ഥാന രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് വഴിയൊരുക്കുന്നുവെന്നാണ് വിലയിരുത്തൽ.











Leave a Reply