ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ : ബ്രിട്ടനിലെ പ്രാദേശിക കൗണ്‍സിലുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. ജീവിത ചെലവിലെ വര്‍ധനയും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ബോറിസിന്റെ നടപടികളുമൊക്കെയാണ് കണ്‍സര്‍വേറ്റിവിന്റെ പതനത്തിന് കാരണം. ലണ്ടന്‍ നഗരത്തിലെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളിലെല്ലാം കണ്‍സര്‍വേറ്റിവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി നേരിട്ടു. ലണ്ടനിൽ ടോറി ശക്തികേന്ദ്രങ്ങളായി അറിയപ്പെടുന്ന വെസ്റ്റ്മിനിസ്റ്റർ, വാൻസ്വർത്ത്, ബാർനറ്റ് എന്നീ കൗൺസിലുകൾ മികച്ച ഭൂരിപക്ഷത്തിൽ ലേബർ പാർട്ടി തിരിച്ചു പിടിച്ചതാണ് ഏറ്റവും ശ്രദ്ധേയമായ വിജയം. 1964 മുതല്‍ ആധിപത്യമുള്ള ബാര്‍നെറ്റിലും 1978 മുതല്‍ കൈവശംവച്ചിരുന്ന വാന്‍ഡ്‌സ്‌വര്‍ത്തിലും കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്ക് പരാജയം നേരിടേണ്ടിവന്നു.


ലണ്ടൻ സിറ്റിയിലെ 32 ബറോകളിലാണ് ലേബർ പാർട്ടി മികച്ച വിജയം നേടിയത്. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ ഫലം വൈകുമെന്നാണ് സൂചന. പരാജയപ്പെട്ട പ്രാദേശിക നേതാക്കൾ ഇതിനകം തന്നെ ജോൺസനെതിരെ തിരിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറുകണക്കിന് കൗണ്‍സിലര്‍മാരെ പാര്‍ട്ടിക്ക് നഷ്ടമാകുമെന്നാണ് കരുതുന്നത്. ഇംഗ്ലണ്ടിലും വെയില്‍സിലും സ്‌കോട്ട്‌ലന്‍ഡിലുമായി 7000 ഓളം കൗണ്‍സില്‍ സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

അതേസമയം, ലേബർ പാര്‍ട്ടി കൈവശം വെച്ചിരുന്ന ഹള്‍ സിറ്റി കൗണ്‍സില്‍ ഇത്തവണ ലിബറല്‍ ഡെമോക്രാറ്റുകൾക്കൊപ്പം നിന്നു. ഗ്രീന്‍ പാര്‍ട്ടിയും ഇംഗ്ലണ്ടില്‍ കണ്‍സര്‍വേറ്റീവ്, ലേബര്‍ സീറ്റുകള്‍ പിടിച്ചെടുക്കുന്നുണ്ട്. ഇംഗ്ലണ്ടിലെ 10 കൗൺസിലുകളിൽ നിന്നുണ്ടായ തോൽവിക്ക് ശേഷം, “കൺസർവേറ്റീവുകൾക്ക് ഇതൊരു കഠിനമായ രാത്രിയാണെന്ന്” ബോറിസ് ജോൺസൺ പറഞ്ഞു. തിരഞ്ഞെടുപ്പ് വിജയങ്ങൾ വലിയ വഴിതിരിവാണെന്ന് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ പറഞ്ഞെങ്കിലും ലണ്ടന് പുറത്ത് വലിയ നേട്ടങ്ങൾ ഉണ്ടാക്കാൻ ലേബർ പാർട്ടിക്കും കഴിഞ്ഞിട്ടില്ല.