തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ബംഗാൾ സ്വദേശികളായ ചെറുറായ് (35), ജയന്ത് രാജ് (22) എന്നിവരെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. ഇതര സംസ്ഥാന തൊഴിലാളികളുടെ മകളായ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്ത് വീട്ടിൽ കുട്ടികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. വീട്ടുവളപ്പിൽ ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കാനിറങ്ങുന്ന അവസരം നോക്കി പ്രതികൾ മുറിയിൽ ഒളിഞ്ഞിരിക്കുകയായിരുന്നു. കുട്ടികൾ തിരിച്ചെത്തി ഉറങ്ങാൻ കിടന്ന സമയത്താണ് 14 കാരിയെ പീഡിപ്പിച്ചതെന്ന് പൊലീസ് അറിയിച്ചു.
സംഭവം കണ്ടു പേടിച്ച ഒന്നര വയസ്സുകാരിയുടെ വായ് പ്രതികളിൽ ഒരാൾ പൊത്തിപ്പിടിച്ചതിനെ തുടർന്ന് കുട്ടികൾ പുറത്തിറങ്ങി അയൽക്കാരെ വിവരം അറിയിച്ചു. ഉടൻതന്നെ ഓടിയെത്തിയ നാട്ടുകാർ പ്രതികളെ മുറിയിലടച്ച് പൊലീസ് എത്തുന്നതുവരെ കാക്കുകയായിരുന്നു. പ്രതികൾക്കെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്ത ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.











Leave a Reply