ജോർജ് സാമുവേൽ
ഇനി ഇതുപോലൊരു അവധി കിട്ടണമെന്നില്ല. അതിനാൽ തന്നെ എല്ലാ ജോലിക്കാരും തങ്ങളുടെ കുടുംബങ്ങളോടൊത്ത് ലോക്ക് ഡൗൺ കാലം ആഘോഷമാക്കുകയാണ്. അത് വളരെ ആസ്വദിക്കുന്നുമുണ്ട്. എന്നാൽ ഈ ആസ്വാദനങ്ങൾക്കിടയിൽ ഞെരിഞ്ഞമരുന്ന ചില ജീവിത യാഥാർഥ്യങ്ങളെ ചിലപ്പോഴെങ്കിലും നാം മറന്നു പോകുന്നുണ്ട്.
അന്നന്നത്തെ ആഹാരത്തിനായി ,ഉപജീവനത്തിനായി മണ്ണിൽ പണിയെടുത്തിരുന്ന പച്ചയായ മനുഷ്യന്റെ കണ്ണീരു വീണു ലോക്ക് ഡൗണിൽ സ്വപ്നങ്ങൾ തുരുമ്പെടുത്തു തുടങ്ങിയിരിക്കുന്നു. മൂന്നു നേരത്തെ ആഹാരത്തിനായി പൊള്ളുന്ന വെയിലത്ത് വിയർപ്പു തുള്ളികളിൽ ജീവിതം മുന്നോട്ടു നീക്കിയ മനുഷ്യൻ ഇന്ന് ഒന്നും ചെയ്യാനാവാത് നിസ്സഹായകനായിരിയ്ക്കുന്നു .
ലോക്ക് ഡൗൺ കടകൾക്ക് മാത്രമല്ല പൂട്ടിട്ടത് . പാടവും കൃഷിയിടങ്ങളും വാഹനങ്ങളുടെ ചക്രവും എന്തിനു ജീവിത ചക്രം പോലും പൂട്ടി താക്കോൽ കീശയിൽ വച്ചിരിക്കുന്നു. ഇതെല്ലാം സ്വന്തമാക്കിയ കോവിഡ് 19, ലോകരാജ്യങ്ങളുടെ പുതിയ തമ്പ്രാൻ ആയി സ്വയം വിലസുമ്പോൾ സമ്പാദ്യത്തിന്റെ താക്കോൽ സ്വന്തം കീശയിൽ ഉള്ളവർക്ക് ഇത് വെറുമൊരു അവധിക്കാലം മാത്രം. സ്വന്തം കുടുംബത്തോടൊപ്പം മനോഹരമായ സെൽഫികൾക്കും, തമാശകൾക്കും നേരംപോക്കിനും വേണ്ടിയുള്ള ഒരു ഇടവേള. എന്നാൽ അന്നന്നത്തെ അന്നത്തിനു വേണ്ടി പണിയെടുത്തിരുന്ന ഓരോ മനുഷ്യനും ഇന്ന് ഇതൊരു വിരമിക്കൽ തന്നെയാണോ എന്ന സംശയത്തിലാണ്. ഭക്ഷണം, വെള്ളം തുടങ്ങിയ അടിയന്തിര ആവശ്യങ്ങൾക്ക് പണം തന്നെ വേണം. വേനൽ കടുക്കുന്നതോടെ ജലക്ഷാമവും രൂക്ഷമാകുകയാണ്.അടുപ്പ് പുകയുന്നതിനു പകരം നീറിപ്പുകയുന്ന മനസ്സുമായി കഴിയുകയാണ് ഏറെ ജീവിതങ്ങളും. ലോകം ഈ അവസ്ഥയിൽ ആയതിനാൽ ഉരൽ ചെന്ന് മദ്ദളത്തോടു പറയുന്ന പോലെയിരിക്കും ഈ കാര്യങ്ങൾ മറ്റുള്ളവരോട് പങ്കു വെച്ചാൽ. എന്നിരുന്നാലും സർക്കാർ നൽകുന്ന സേവനങ്ങൾ കിട്ടിത്തുടങ്ങിയിരിക്കുമ്പോൾ മരുഭൂമിയിൽ വീണ മഴതുള്ളികളുടെ അനുഭൂതിയിൽ കുറച്ചു ദിവസങ്ങൾ തള്ളി നീക്കാമെന്നു പ്രതീക്ഷിക്കുന്നവരും ഉണ്ട്.
എങ്കിലും അടിത്തൂൺ പറ്റിയെന്നു കരുതുന്ന ജീവിതത്തിൽ നിന്നും കരകയറാൻ ഇനി എത്ര നാൾ വേണ്ടി വരുമെന്നോ എന്തെല്ലാം പ്രയാസങ്ങൾ നേരിടേണ്ടി വരുമെന്നോ അറിയാതെ മുന്നോട്ട് പോകുകയാണ്. പ്രതീക്ഷയുടെ നല്ല നാളെകൾക്കായി, കൈപ്പാർന്നതെങ്കിലും രുചിയോടെ മുന്നോട്ട് കൊണ്ട് പോകുകയാണ് പല ജീവിതങ്ങളും. സർക്കാരും ആരോഗ്യവകുപ്പും നൽകുന്ന മുന്നറിയിപ്പുകൾ അവഗണിക്കാതെ തന്നെ.
Leave a Reply