ലോക് ഡൗണ്‍ കാലത്ത് സര്‍ക്കാര്‍ നടത്തുന്ന റേഷന്‍ വിതരണത്തെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാമ് നടന്‍ മണിയന്‍ പിള്ള രാജുവിന്റെ വാക്കുകളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ നടത്തുന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. റേഷന്‍ വിതരണത്തെ അഭിനന്ദിക്കുന്നവരെപ്പോലെ തന്നെ ചിലര്‍ എതിര്‍ത്തും രംഗത്തു വരുന്നുണ്ടെന്നു പറഞ്ഞാണ് മണിയന്‍പിള്ള രാജുവിനെ പരാമര്‍ശിച്ചത്.
റേഷനരി മോശമാണെന്നു ചിലരുടെയൊക്കെ ഫെയ്‌സ്ബുക്ക് സന്ദേശങ്ങളും ആക്ഷേപങ്ങളും കണ്ടാണ് താന്‍ റേഷന്‍ അരി വാങ്ങാന്‍ തീരുമാനിച്ചതെന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മണിയന്‍ പിള്ള രാജു പറഞ്ഞത്. റേഷന്‍ അരിയും ജീവിതവുമായി ബന്ധപ്പെട്ട് വൈകാരികമായ അനുഭവങ്ങളും രാജു ഈ അഭിമുഖത്തില്‍ പങ്കുവയ്്ക്കുന്നുണ്ട്. മകനും നടനുമായ നിരഞ്ജനുമൊത്തായിരുന്നു തിരുവനന്തപുരം ജവഹര്‍ നഗറിലുള്ള റേഷന്‍ കടയില്‍ നിന്നും അരി വാങ്ങിയത്. അതെക്കുറിച്ച് മണിയന്‍ പിള്ള രാജു പറയുന്നത് ഇങ്ങനെയാണ്;
‘റേഷന്‍ വാങ്ങാനായി ഇറങ്ങിയപ്പോള്‍ ”സാറിനൊക്കെ നാണമില്ലേ റേഷനരി വാങ്ങാന്‍” എന്നായിരുന്നു ഒരാളുടെ പ്രതികരണം. എനിക്കൊരു നാണക്കേടുമില്ല. ഇതൊക്കെ നാണക്കേടാണെങ്കില്‍ ഈ നാണക്കേടിലൂടെയാണു ഞാന്‍ ഇവിടെ വരെ എത്തിയത്. കുട്ടിക്കാലത്ത് കഴിക്കുന്ന പ്ലേറ്റില്‍ നിന്ന് ഒരു വറ്റ് താഴെ വീണാല്‍ അച്ഛന്‍ നന്നായി വഴക്കു പറയും. ആ ചോറ് പെറുക്കിയെടുപ്പിച്ചു കഴിപ്പിക്കും. അഞ്ചു മക്കളുള്ള കുടുംബത്തില്‍ റേഷനരിയായിരുന്നു പ്രധാന ആഹാരവും ആശ്രയവും.’
‘നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യ ഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല. അല്ലെങ്കില്‍ അവര്‍ അതെല്ലാം വേഗം മറക്കുന്നു. അക്കാലത്തു നിന്നാണ് ഇപ്പോഴത്തെ ഇത്ര നല്ല റേഷന്‍ അരിയിലേക്കുള്ള മാറ്റം. 10 കിലോ പുഴക്കലരിയും 5 കിലോ ചമ്പാവരിയും വാങ്ങി. ഒരു പൈസ പോലും കൊടുക്കേണ്ടി വന്നില്ല. നല്ലൊന്നാന്തരം അരി. വീട്ടിലെത്തി ചോറു വച്ചപ്പോള്‍ നല്ല രുചി. വീട്ടില്‍ സാധാരണ വയ്ക്കുന്ന അരിയുടെ ചോറിനെക്കാള്‍ നല്ല ചോറ്.
റേഷനരികൊണ്ടു വയ്ക്കുന്ന നാറ്റമുള്ള ആ ചോറായിരുന്നു വീട്ടിലെ മുഖ്യഭക്ഷണം. വിശപ്പുള്ളപ്പോള്‍ ആ നാറ്റം ആരും അറിഞ്ഞതേയില്ല. അന്നൊക്കെ കഞ്ഞിവെള്ളത്തില്‍ മുക്കിയ വസ്ത്രം ധരിച്ചവന്റെ അടുത്തിരുന്നാല്‍ ആ ചോറിന്റെ മണം വരും. ഇപ്പോള്‍ റേഷനരിയെ ആക്ഷേപിക്കുന്നവര്‍ക്കൊന്നും വിശപ്പിന്റെ കാഠിന്യം അറിയില്ല; മണിയന്‍പിള്ള രാജു പറയുന്നു.
നടന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. റേഷന്‍ അരിയെ കുറ്റം പറയുന്നവര്‍ക്കായി എന്നു ചൂണ്ടിക്കാട്ടി നിരവധി പേര്‍ രാജുവിന്റെ അഭിമുഖം ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ജനസ്വാധീനമുള്ളൊരു നടന്റെ പിന്തുണയായും മണിയന്‍പിള്ള രാജുവിന്റെ അനുഭവങ്ങള്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയതും അതേ കാര്യമാണ്.
Leave a Reply