ന്യൂസ് ഡെസ്ക് മലയാളം യുകെ

തിരുവനന്തപുരം : കറുപ്പ് നിറത്തിലുള്ള, പഴമയുടെ ഭംഗി പേറുന്ന ലണ്ടൻ ടാക്സി അടുത്തിടെ കേരളത്തിലും എത്തി. ഉടൻ തന്നെ സമൂഹ മാധ്യമങ്ങൾ അത് ഏറ്റെടുക്കുകയും ചെയ്തു. ആരാണ് ഈ ലണ്ടൻ ടാക്സിയുടെ ഉടമ എന്നതാണ് ബാക്കി നിൽക്കുന്ന ചോദ്യം. പല ഇൻസ്റ്റാഗ്രാം പേജുകളും വൈറലായ ലണ്ടൻ ടാക്‌സിയുടെ ഉടമ മലയാളികളുടെ പ്രിയതാരം മോഹൻലാൽ ആണെന്നാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. modz_own_country_kerala ഇൻസ്റ്റാഗ്രാം പേജിൽ മോഹൻലാലിന്റെ ലണ്ടൻ ടാക്‌സി എന്ന കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ ഇത് യഥാർത്ഥത്തിൽ മോഹൻലാലിന്റേതാണോ എന്ന് വ്യക്തമല്ല. ഇന്റർനെറ്റിൽ പ്രചരിക്കുന്ന ക്യാബ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ഡൽഹിയിലാണ്. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ ഓൺലൈനായി പരിശോധിച്ചപ്പോൾ താരത്തിന്റെ പേരിൽ കാർ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് കണ്ടെത്തി.

ലണ്ടൻ ടാക്സി കറുത്ത നിറത്തിലാണ് എത്തുന്നത്. എന്നാൽ ഈ ക്യാബ് ഇറക്കുമതി ചെയ്ത ശേഷം വീണ്ടും പെയിന്റ് ചെയ്തതാണ്. കാറിനകത്ത് പൂർണ്ണമായും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ഡ്രൈവറും പാസഞ്ചർ ക്യാബിനും തമ്മിൽ ഒരു വിഭജനം കാണാം. പിൻഭാഗം പൂർണ്ണമായും ഒരു ലോഞ്ചാക്കി മാറ്റി. എൽഇഡി സ്‌ക്രീൻ, ട്രേ ടേബിൾ, ഒരു ചെറിയ റഫ്രിജറേറ്റർ എന്നിവയും ക്യാബിനിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പിന്നിൽ 2 യാത്രക്കാർക്ക് മാത്രമേ ഇരിക്കാൻ കഴിയൂ. അതേസമയം കേരളത്തിലെത്തുന്ന ആദ്യത്തെ ലണ്ടൻ ടാക്‌സിയല്ല ഇത്. 2013ൽ മന്തിയായിരിക്കെ ഷിബു ബേബി ജോൺ സെക്രട്ടറിയേറ്റിലേക്ക് ഒരു ദിവസം എത്തിയത് കൊടിവച്ച വെള്ള നിറത്തിലുള്ള ലണ്ടൻ ടാക്സിയിലായിരുന്നു. ലണ്ടനിലുള്ള മകൻ സമ്മാനിച്ചതാണ് ഈ ലണ്ടൻ ടാക്സി. മഹാരാഷ്ട്രയിലെ ഒരു ഹോട്ടൽ ഗ്രൂപ്പിനും ലണ്ടൻ ടാക്സി ഉണ്ട്. അതിഥികളുടെ യാത്രയ്ക്ക് വേണ്ടി അവർ അത് ഉപയോഗിക്കുന്നു.

ലണ്ടൻ ടാക്‌സികൾ ഔദ്യോഗിമായി തന്നെ ഇന്ത്യയിലേക്ക് വരാനുള്ള തയ്യാറെടുപ്പിലാണ്. 2013ൽ ചൈനീസ് വാഹന നിർമ്മാതാക്കളായ ഗീലിയുടെ വരവോടെ ലണ്ടൻ ഇവി കമ്പനി ലിമിറ്റഡ് എന്ന് പെരുമാറിയ ലണ്ടൻ ടാക്സി കമ്പനി, TX എന്ന പേരിൽ ഇലക്ട്രിക്ക് എഞ്ചിനുമായി ലണ്ടൻ ടാക്സികൾ വില്പനക്കെത്തിച്ചു. ഈ ഇലക്ട്രിക്ക് ടാക്‌സികൾ ഉടൻ ഇന്ത്യൻ വിപണിയിലെത്തും. എക്സ്ക്ലൂസീവ് മോട്ടോഴ്സുമായി സഹകരിച്ചാണ് ഇന്ത്യയിൽ TX അവതരിപ്പിക്കുക. വൈദ്യുത ചാർജിൽ 100 ​​കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. കാറിന്റെ ചാർജ് തീരുമ്പോൾ, പെട്രോൾ എഞ്ചിൻ ബാറ്ററിക്ക് ചാർജ് നൽകുന്നുവെന്നത് ഒരു സവിശേഷതയാണ്. യഥാർത്ഥ ലണ്ടൻ ടാക്‌സിയുടെ പഴമയും അല്പം മോഡേൺ ടച്ചും സമന്വയിപ്പിച്ചാണ് TX കാർ തയ്യാറാക്കിയിരിക്കുന്നത്. എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ ചേർന്ന ഹെഡ്‍ലാംപ് കാറിന് മോഡേൺ ലുക്ക് സമ്മാനിക്കുന്നു. യഥാർത്ഥ ലണ്ടൻ ക്യാബിനെക്കാൾ ഉയരവും, നീളവും കൂടുതലാണ് ഈ മോഡലിന്.