റോമി കുര്യാക്കോസ്
യു കെ: യു കെയിലെ വിവിധ യുഡിഎഫ് അനുകൂല പ്രവാസി സംഘടനകളുടെ കൂട്ടായ്മയായ യുഡിഎഫ്(യു കെ) – യുടെ നേതൃത്വത്തിൽ ലോക്സഭ തെരഞ്ഞെടുപ്പു കൺവൻഷൻ ‘ഇന്ത്യ ജീതേഗാ 2024’ സംഘടിപ്പിച്ചു. ചൊവ്വാഴ്ച വൈകിട്ട് ഓൺലൈനായി സംഘടിപ്പിച്ച കൺവൻഷൻ, കെപിസിസി ജനറൽ സെക്രട്ടറിയും മൂവാറ്റുപുഴ എംഎൽഎയുമായ അഡ്വ. മാത്യു കുഴൽനാടൻ ഉത്ഘാടനം ചെയ്തു.
രാജ്യം അതി നിർണ്ണായകമായ ഒരു തിരഞ്ഞെടുപ്പിനാണ് സാക്ഷ്യം വഹിക്കാൻ പോകുന്നതെന്നും അതിൽ പ്രവാസികൾ അടക്കമുള്ള ജനാതിപത്യ വിശ്വാസികൾ ഇന്ത്യയിൽ ഒരു മതേതര സർക്കാർ രൂപം കൊള്ളുന്നതിനായി കാത്തിരിക്കുകയാണെന്നും കൺവൻഷൻ ഉത്ഘാടനം ചെയ്തുകൊണ്ട് അഡ്വ. മാത്യു കുഴൽനടൻ പറഞ്ഞു. തെരഞ്ഞെടുപ്പിൽ 20 മണ്ഡലങ്ങളിലെയും യുഡിഎഫ് സ്ഥാനർഥികളുടെ വിജയത്തിനായി അഹോരാത്രം പ്രവർത്തിക്കുന്ന പ്രവാസികളുടെ ശ്രമങ്ങൾ ശ്ലാഘനീയമാണെന്നും ഇന്ത്യയുടെ ആത്മാവും പൈതൃകവും സംരക്ഷിക്കാൻ ‘INDIA’ മുന്നണിയുടെ നേതൃത്വത്തിൽ രാജ്യത്ത് ഒരു മതേതര സർക്കാർ തീർച്ചയായും രൂപം കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസത്തിലും യുഡിഎഫ് വികാരം അലതല്ലിയ കൺവെൻഷനിൽ, ഒഐസിസി യു കെ പ്രസിഡന്റ് ശ്രീ. കെ കെ മോഹൻദാസ് അധ്യക്ഷത വഹിച്ചു. യുഡിഎഫിന്റെ യു കെയിലെ മുതിർന്ന നേതാവും കെഎംസിസി ബ്രിട്ടൻ ചെയർമാനുമായ ശ്രീ. കരീം മാസ്റ്റർ സ്വാഗതം ആശംസിച്ചു.
പൊതുതെരഞ്ഞെടുപ്പും പ്രചാരണഘട്ടവും വളരെ നിർണ്ണായകമായ ഘട്ടത്തിലെത്തിയ വേളയിൽ, ഇരു സർക്കാരിന്റെയും ഭരണവിരുദ്ധ വികാരം മുതലാക്കിയും കോൺഗ്രസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ‘INDIA’ മുന്നണിയുടെ തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ മുഴുവൻ ജനങ്ങളിലേക്കെത്തിച്ചു കൊണ്ട് ഇരുപതു മണ്ഡലങ്ങളിലേയും പരമാവധി വോട്ടുകൾ യുഡിഎഫ് സ്ഥാനർഥികൾക്ക് അനുകൂലമാക്കി അവരെ വിജയിപ്പിക്കുന്നതിന് കൺവൻഷനിൽ തീരുമാനമെടുക്കുകയും അതിനുള്ള പ്രവർത്തനങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
നാട്ടിലെ വോട്ടർമാരായ പരമാവധി പ്രവാസികളെയും, പഠനം – ജോലി സംബന്ധമായി കേരളത്തിന് പുറത്തു വസിക്കുന്നവരെയും വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുവാനും യുവജനങ്ങളുടെയും കന്നി വോട്ടർമാരുടെയും വോട്ട് യുഡിഎഫിന് അനുകൂലമായി ഉറപ്പിക്കുന്ന രീതിയിൽ പ്രവർത്തനം ക്രമീകരിക്കുന്നതിനും യോഗം തീരുമാനിച്ചു.
എല്ലാ വിഭാഗങ്ങളിലുമുള്ള വോട്ടർമാരിലേക്ക് ക്ഷണനേരം കൊണ്ട് കടന്നുചെല്ലാൻ പാകത്തിലുള്ള ആശയങ്ങളുമായി സോഷ്യൽ മീഡിയ പ്രവർത്തനം വിപുലീകരിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും സാധ്യമായ നടപടികൾ യോഗത്തിൽ അംഗങ്ങൾ മുന്നോട്ട് വച്ചു.
നാട്ടിൽ തെരഞ്ഞെടുപ്പു പ്രചാരണങ്ങളിൽ ഇപ്പോൾ സജീവമായി പങ്കെടുത്തുകൊണ്ടിരിക്കുന്ന പ്രവാസികൾ, യുഡിഎഫ് നേതാക്കൾ ഉൾപ്പടെ നിരവധി പ്രതിനിധികളും പ്രവർത്തകരും പങ്കെടുത്ത കൺവൻഷനിൽ വിവിധ പ്രവാസി സംഘടനകളെ പ്രതിനിധീകരിച്ച് ഷൈനു മാത്യൂസ് ചാമക്കാല (ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റ്), അർഷാദ് കണ്ണൂർ (കെഎംസിസി – ബ്രിട്ടൻ ഓർഗനൈസിങ് സെക്രട്ടറി), അപ്പച്ചൻ കണ്ണഞ്ചിറ (ഐഒസി – യു കെ സീനിയർ ലീഡർ), അപ്പ ഗഫൂർ (ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റ്), ജോവ്ഹർ (കെഎംസിസി), ബോബ്ബിൻ ഫിലിപ്പ് (ഐഒസി), തോമസ് ഫിലിപ്പ് (ഒഐസിസി), മുഹ്സിൻ തോട്ടുങ്കൽ (കെഎംസിസി), റോമി കുര്യാക്കോസ് (ഐഒ സി – യു കെ കേരള ചാപ്റ്റർ മീഡിയ കോർഡിനേറ്റർ), നുജൂo എരീലോട് (കെഎംസിസി) തുടങ്ങിയവർ പ്രസംഗിച്ചു.
കേരളത്തിലെ ഇരുപതു മണ്ഡലങ്ങളിലെയും യുഡിഎഫ് പ്രവർത്തനങ്ങളും പ്രചാരണങ്ങളും കൂടി വിലയിരുത്തിയ യോഗത്തിന് ഐഒസി – യു കെ കേരള ചാപ്റ്റർ പ്രസിഡന്റും ഒഐസിസി – യു കെ വർക്കിംഗ് പ്രസിഡന്റുമായ ശ്രീ. സുജു ഡാനിയേൽ നന്ദി അർപ്പിച്ചു. കെഎംസിസി – ബ്രിട്ടൻ പ്രതിനിധി ശ്രീ. എൻ കെ സഫീർ ആയിരുന്നു ചടങ്ങിന്റെ കോർഡിനേറ്റർ.
Leave a Reply