ബാബുരാജ് കളമ്പൂർ

കടലൊരെണ്ണം ഞാൻ കുടിച്ചു തീർത്തിട്ടും
കരളിലെയഗ്നിയണഞ്ഞതേയില്ല..
ഒരു തുലാവർഷം നനഞ്ഞു തീർത്തിട്ടും
ഹൃദയത്തിൻ താപം കുറഞ്ഞതേയില്ല..

കനൽ പുകയുന്ന മൊഴികൾ കേട്ടുകേ-
ട്ടുരുകിപ്പോയൊരെൻ ചെവിപ്പടിക്കൽ നിൻ
നനുത്ത വാക്കുകൾ പിടഞ്ഞു വീണതും..
മരിച്ച മോഹത്തിൻ ചുടലച്ചാമ്പലും
വഹിച്ചൊരു കാറ്റു കിതച്ചണഞ്ഞെന്റെ
മനസ്സിൻ വാതില്ക്കൽ കരഞ്ഞു നിന്നതും…
തുരുമ്പു കേറിയ മണിച്ചിത്രത്താഴു
തുറക്കാനാവാതെ തിരിച്ചു പോയതും..
അറിഞ്ഞതില്ല ഞാൻ.. ഉണർന്നതില്ല ഞാൻ.
കനത്ത ഖേദത്തിലുറഞ്ഞുപോകയാൽ..

കരയുവാൻ പോലുമരുതാതെ മൗന
ച്ചിതല്പുറ്റിന്നുള്ളിലൊളിച്ചിരിക്കുമ്പോൾ..
ഒഴുകിപ്പോയൊരപ്പഴമ്പുഴതന്റെ
സ്മരണകൾ തേടിപ്പറക്കും ഹൃത്തിലെ
ക്കിളികളൊക്കെയുമുറക്കെക്കേഴുമ്പോൾ..
കനവുകൾ വറ്റിക്കവിതയും വറ്റി
പ്പുതിയകാലത്തെപ്പുതിയ രീതിക-
ളറിയാതങ്ങനെ തളർന്നിരിക്കുമ്പോൾ..

മരിക്കും ഹൃത്തിന്റെ മിടിക്കും കോണിൽനി-
ന്നൊരു ചെറുകിളി ചിറകടിക്കുന്നു.
ഇരുണ്ട രാവിലെച്ചെറു മിന്നാമ്മിന്നി
ത്തിളക്കംപോലെ വന്നടുത്തു കൂടുന്നു.
കരൾ കൊത്തിത്തുറന്നകത്തു കേറിയ-
ക്കിളി പ്രതീക്ഷതൻ വചനമോതുന്നു.
ഇരുളു മാ,ഞ്ഞിറ്റു വെളിച്ചം വീശുന്ന
പുതുപ്രഭാതത്തിൻ പടം വരയ്ക്കുന്നു.

അതു കാണാൻ മനം കൊതിച്ചു ഞാനെന്റെ
തെളിയാക്കണ്ണുകൾ തിരുമ്മിനോക്കുന്നു..
അഴലിൻ പാടകൾ വലിച്ചുനീക്കി ഞാൻ
തിമിരം മാറ്റുവാൻ ശ്രമം നടത്തുന്നു..

ബാബുരാജ് കളമ്പൂർ

കവി / നോവലിസ്റ്റ് / പരിഭാഷകൻ.

തമിഴ്, മലയാളം എന്നീ ഭാഷകളിൽ എഴുതുന്നു.

മഹാഭാരതം,വാല്മീകിരാമായണം എന്നിവയുടെ സമ്പൂർണ്ണ പുനരാഖ്യാനങ്ങൾ..

കല്ക്കിയുടെ ശിവകാമിയിൻ ശപഥം, പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ,
തമിഴ്നാട് മുൻ മുഖ്യമന്ത്രി,എം കരുണാനിധിയുടെ തിരുക്കുറൾ വ്യാഖ്യാനം എന്നീ കൃതികളുടെ മലയാള പരിഭാഷ.. വാരണാവതം, തീമഴക്കാലം , പശ്ചിമായനം എന്നീ നോവലുകൾ, ഇവയുൾപ്പടെ ഇരുഭാഷകളിലുമായി അമ്പത്തി ഏഴു കൃതികളുടെ രചയിതാവ്.

എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂരിൽ താമസം.