ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീംകോടതി വിധി വന്നതിന് ശേഷം കേരളത്തിലെ സാഹചര്യങ്ങളില്‍ വലിയ തോതില്‍ മാറ്റം വന്നു. ആരാധനാലയങ്ങളെ സ്‌റ്റേറ്റിന് കീഴില്‍ കൊണ്ടുവരിക എന്ന ദേശീയ അജണ്ടയില്‍ നിന്ന് മാറി നിന്നുകൊണ്ട് ശബരിമലയെ ഒരു പ്രത്യേക വിഷയമായി കണ്ടുകൊണ്ടുള്ള ബിജെപി-ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ സംഘടനകളുടെ ചുവടുമാറ്റമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ആദ്യം വിധിയെ സ്വീകരിക്കുകയും പിന്നീട് വിശ്വാസി സമൂഹത്തിനൊപ്പം ചേരുകയും ചെയ്യുന്ന നിലപാട് കേരളത്തില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ നീക്കമായി തന്നെയാണ് വിലയിരുത്തപ്പെട്ടത്.
ശബരിമല വിധി നടപ്പാക്കുന്നതിനോട് വിയോജിക്കുന്ന, മുന്‍ സത്യവാങ്മൂലത്തില്‍ ഉറച്ച് നില്‍ക്കുന്ന കോണ്‍ഗ്രസിന് എന്നാല്‍ വേണ്ട വിധത്തില്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് കളം പിടിക്കാനുമായില്ല. സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമായിരുന്നു ആദ്യം മുതല്‍ സിപിഎം. സവര്‍ണ സമുദായങ്ങളുടെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടനകള്‍ ഇറങ്ങുമ്പോള്‍ മറ്റ് സമുദായങ്ങളും ന്യൂനപക്ഷ വോട്ടും തങ്ങള്‍ക്ക് അനുകൂലമായേക്കാം എന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍. തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പുണ്ടായ ഈ അപ്രതീക്ഷിത മാറ്റം തിരഞ്ഞെടുപ്പില്‍ കാര്യമായി സ്വാധീനിക്കുമെന്നാണ് മൂന്ന് മുന്നണികളുടേയും കണക്കുകൂട്ടല്‍.
ശബരിമല വിഷയത്തിന് ശേഷം കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ വന്ന മാറ്റം, ആര്‍ക്കെല്ലാം രാഷ്ട്രീയ ഗുണം ലഭിച്ചു തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചയാവുന്നതിനിടെയാണ് കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന സര്‍വേഫലം പുറത്തു വരുന്നത്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ സീറ്റ് നേടുമെന്നാണ് ഇന്ത്യ ടിവിയും- സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേ ഫലം പറയുന്നത്.
കേരളത്തില്‍ കോണ്‍ഗ്രസ് എട്ടും ഇടതുപക്ഷത്തിന് അഞ്ചും മുസ്ലിം ലീഗിന് രണ്ടും ബിജെപി, ആര്‍എസ്പി, കേരള കോണ്‍ഗ്രസ്(എം) പാര്‍ട്ടികള്‍ക്ക് ഒന്ന് വീതവും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുകള്‍ വീതവും ലഭിക്കുമെന്നാണ് സര്‍വേ ഫലം. ശബരിമലയുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ യുഡിഎഫ്, എല്‍ഡിഎഫ്, എന്‍ഡിഎ മുന്നണികള്‍ പോരാടുമ്പോള്‍ ഇതില്‍ ബിജെപിയ്ക്ക് സാധ്യതയുള്ള സീറ്റുകള്‍ ഏതെല്ലാം?
2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ രണ്ട് ലക്ഷത്തിലധികം വോട്ട് നേടാന്‍ ബിജെപിക്കായപ്പോള്‍ കാസര്‍ഗോഡ് രണ്ട് ലക്ഷത്തിനടുത്ത് വരെ അത് എത്തി. കോഴിക്കോട്, പാലക്കാട്, തൃശൂര്‍, പത്തനംതിട്ട മണ്ഡലങ്ങളില്‍ ഒരുലക്ഷത്തിനും ഒന്നരലക്ഷത്തിനുമിടയില്‍ വോട്ടുകള്‍ നേടി എന്‍ഡിഎ വലിയ മുന്നേറ്റം നടത്തുകയും ചെയ്തു. മറ്റ് മണ്ഡലങ്ങളിലും മുമ്പുണ്ടായിരുന്നതിനേക്കാള്‍ വോട്ട് പിടിക്കാനായി.
തിരുവനന്തപുരത്ത് ത്രികോണ മത്സരത്തിനാണ് സാധ്യത എന്ന തരത്തില്‍ നേരത്തെ തന്നെ വിലയിരുത്തലുണ്ടായിരുന്നു. കുമ്മനം രാജശേഖരന്‍ തിരുവനന്തപുരത്ത് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ നാളുകളായി ഉയരുന്നുണ്ട്. കോണ്‍ഗ്രസ് ശശി തരൂരിനെ തന്നെ സ്ഥാനാര്‍ഥിയായി തുടരാന്‍ അനുവദിക്കാനാണിട എന്നും പറയപ്പെടുന്നു. കഴിഞ്ഞ തവണ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബെന്നറ്റ് എബ്രഹാം മത്സരത്തില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു.
അവസാന നിമിഷം വരെ ഒ രാജഗോപാല്‍ ജയിക്കുമെന്ന പ്രതീതിയുണര്‍ത്തുന്നതായിരുന്നു ലീഡ് നില. എന്നാല്‍ ഒടുവില്‍ അത് ശശി തരൂരിന് അനുകൂലമാവുകയും 15,470 വോട്ടുകള്‍ക്ക് ശശിതരൂര്‍ വിജയിക്കുകയുമായിരുന്നു. ശശി തരൂരിന് 2,97,806 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രാജഗോപാല്‍ 2,82,336 വോട്ടുകളും സ്വന്തമാക്കി. ബന്നറ്റിന് 2,48,941 വോട്ടുകളാണ് നേടാനായത്. പിന്നീട് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി അക്കൗണ്ട് തുറക്കുകയും ചെയ്തു. ഒ. രാജഗോപാല്‍ 8671 വോട്ടുകള്‍ക്കാണ് തിരുവനന്തപുരം മണ്ഡലത്തില്‍ പെട്ട നേമത്ത് നിന്ന് വിജയിച്ചത്. ഇത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നു. കുമ്മനം രാജശേഖരനെ ഇറക്കി വിജയം ഉറപ്പിച്ച് അക്കൗണ്ട് തുറക്കാമെന്നാണ് ബിജെപി കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ തങ്ങളോടൊപ്പം നില്‍ക്കുന്ന എന്‍എസ്എസിനെ മുന്‍നിര്‍ത്തി ശശി തരൂരിന് ലഭിക്കാനിടയുള്ള നായര്‍ സമുദായ വോട്ടുകള്‍ അനുകൂലമാക്കാമെന്ന പ്രതീക്ഷയും ഇവര്‍ക്കുണ്ട്. ബിജെപിയെ നേരിടാന്‍ സിപിഐയെ മാറ്റി സിപിഎം തന്നെ സ്ഥാനാര്‍ഥിയെ ഇറക്കുമോ എന്നതാണ് ഇനി കാണേണ്ടത്.
തിരുവനന്തപുരം പോലെ തന്നെ ബിജെപിക്ക് പ്രതീക്ഷയുള്ള മണ്ഡലമാണ് കാസര്‍ഗോഡ്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,72,826 വോട്ടുകളാണ് കെ സുരേന്ദ്രന്‍ നേടിയത്. വിജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി കരുണാകരന്റേയോ, രണ്ടാം സ്ഥാനത്തെത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി ടി സിദ്ദിഖിന്റേയോ ലഭിച്ച വോട്ടുകളുമായി താരതമ്യം ചെയ്താല്‍ അതിന്റെ പകുതി പോലും വോട്ട് സുരേന്ദ്രന് നേടാനായില്ല. എന്നാല്‍ വലിയ തോതില്‍ മുന്നേറ്റം നടത്താനായി എന്നതാണ് ബിജെപി വലിയ കാര്യമായി കാണുന്നത്. പിന്നീട് വന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്തു നിന്ന് മത്സരിച്ച കെ സുരേന്ദ്രന്‍ 89 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി ബി അബ്ദുള്‍ റസാഖിന് 56870 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സുരേന്ദ്രന് 56,781 വോട്ടുകളും കിട്ടി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിഎച്ച് കുഞ്ഞമ്പു മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. കപ്പിനും ചുണ്ടിനുമിടയില്‍ എംഎല്‍എ സ്ഥാനവും ബിജെപിയുടെ രണ്ടാമത്തെ സീറ്റും നഷ്ടപ്പെട്ടുവെങ്കിലും അത് തങ്ങള്‍ക്ക് ലഭിച്ച വലിയ മൈലേജ് ആയി തന്നെയാണ് ബിജെപി കണക്കുകൂട്ടുന്നത്. സുരേന്ദ്രനെ തന്നെ എന്‍ഡിഎ സ്ഥാനാര്‍ഥിയായി നിര്‍ത്തിയാല്‍ കാസര്‍ഗോഡ് പിടിക്കാം എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നീങ്ങുന്നതെന്നാണ് വിവരം.
കോഴിക്കോട് മണ്ഡലത്തില്‍ എം കെ രാഘവന്‍ 3,97,615 വോട്ടകള്‍ നേടി വിജയിച്ചപ്പോള്‍ സിപിഎമ്മിന്റെ എ വിജരാഘവന്‍ 3,80,732 വോട്ടുകള്‍ക്ക് രണ്ടാം സ്ഥാനത്തും, ബിജെപിയുടെ സി കെ പത്മനാഭന്‍ 1,15,760 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തും വന്നു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് അറസ്റ്റും മറ്റ് പ്രവര്‍ത്തനങ്ങളുമായി രംഗത്ത് സജീവമായി നില്‍ക്കുന്ന കെ സുരേന്ദ്രനെ കാസര്‍ഗോഡ് നിന്ന് മാറ്റി കോഴിക്കോട്ട് ഇറക്കുന്ന കാര്യവും ബിജെപിയുടെ പരിഗണനയിലുണ്ട്. അതിലൂടെ വലിയ മുന്‍തൂക്കം നേടാനായേക്കും എന്നാണ് ബിജെപിയ്ക്കുള്ളിലെ സംസാരം. ശബരിമല വിഷയത്തില്‍ കോഴിക്കോട് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ വളരെ സജീവമായി രംഗത്തുണ്ടായിരുന്നു എന്നതിനാല്‍ മറ്റ് ആരെ നിര്‍ത്തിയാലും വിജയം നേടിയില്ലെങ്കിലും വോട്ടിങ് ശതമാനത്തില്‍ വലിയ മുന്നേറ്റം നടത്താനാവുമെന്നും ഇവര്‍ കരുതുന്നു.
പാലക്കാട് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശോഭാ സുരേന്ദ്രന്‍ 1,36,587 വോട്ടുകള്‍ നേടിയിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന എം ബി രാജേഷ് മൃഗീയ ഭൂരിപക്ഷത്തോടെയാണ് പാലക്കാട്ട് വിജയിച്ചത്. 4,12,897 വോട്ടുകളാണ് രാജേഷ് നേടിയത്. എന്നാല്‍ ഇത്തവണ രാജേഷിനെ എം പി സീറ്റില്‍ മത്സരിപ്പിച്ചേക്കില്ല എന്ന സൂചനകളാണ് ലഭിക്കുന്നത്. ഡിവൈഎഫ്‌ഐ വനിതാ നേതാവ് പി കെ ശശിക്കെതിരെ പരാതി ഉന്നയിച്ചതിന് പിന്നില്‍ രാജേഷിന്റെ പിന്തുണയുണ്ടെന്ന തരത്തില്‍ പാര്‍ട്ടിക്കുള്ളില്‍ സംസാരമുണ്ട്. പാര്‍ട്ടിക്ക് വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിച്ച കേസുമാണ് ശശിക്കെതിരെയുള്ള ലൈംഗികാതിക്രമ ആരോപണം. അതിനാല്‍ തന്നെ എം ബി രാജേഷിനെതിരെ പാര്‍ട്ടിക്കുള്ളില്‍ എതിര്‍പ്പ് ശക്തമായിട്ടുണ്ട്. രണ്ട് തവണ എംപി സീറ്റില്‍ മത്സരിച്ചതിനാല്‍ ഇനി രാജേഷിന് അത് നല്‍കേണ്ടതില്ലെന്ന തീരുമാനം അറിയിച്ച് രാജേഷിനെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ചിത്രത്തില്‍ നിന്ന് മാറ്റാനായിരിക്കും പാര്‍ട്ടിയുടെ നീക്കമെന്നുമാണ് അഭ്യൂഹങ്ങള്‍. പാലക്കാട് ജനസമ്മതിയുള്ള നേതാവാണ് എം ബി രാജേഷ്. രാജേഷിനെ മാറ്റിയാല്‍ കാര്യങ്ങള്‍ കുറച്ചുകൂടി തങ്ങള്‍ക്ക് അനുകൂലമാക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് നഗരസഭാംഗത്തെ ബിജെപിയിലേക്കെത്തിച്ച് അവിശ്വാസ പ്രമേയം വരെ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസവും പാലക്കാട്ടെ ബിജെപി പ്രവര്‍ത്തകര്‍ക്കുണ്ട്. ശബരിമല വിഷയത്തില്‍ ഇടപെട്ട് നില്‍ക്കുന്ന നേതാവെന്ന നിലയില്‍ ശോഭാ സുരേന്ദ്രനെ തന്നെ ഇറക്കി അനുകൂല സാഹചര്യങ്ങള്‍ വോട്ട് ആക്കി മാറ്റാനാവും ശ്രമമെന്ന് ബിജെപി വൃത്തങ്ങള്‍ പറയുന്നു.
തൃശൂരില്‍ സിപിഐ സ്ഥാനാര്‍ഥിയായ സിഎന്‍ ജയദേവനാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടിയത്. കേരളത്തില്‍ സിപിഐയുടെ ശക്തികേന്ദ്രമായ മണ്ഡലം കൂടിയാണ് തൃശൂര്‍. എന്നാല്‍ ജയദേവന് സീറ്റ് നല്‍കുന്ന കാര്യത്തില്‍ പാര്‍ട്ടിക്കുള്ളിലും എല്‍ഡിഎഫിനുള്ളിലും പല അഭിപ്രായങ്ങളുണ്ട്. ബിജെപി ശക്തരായ നേതാക്കളെ ഇറക്കിയാല്‍ വോട്ട് പിടിക്കാമെന്ന പ്രതീക്ഷയിലുമാണ്.കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്ന കെ പി ശ്രീശന്‍ 1,02,681 വോട്ടുകള്‍ നേടിയിരുന്നു. കെ. സുരേന്ദ്രന്റെ പേര് ഇവിടെയും ഒരു വിഭാഗം ബിജെപിക്കാര്‍ ഉയര്‍ത്തിക്കാട്ടുന്നുണ്ട്.
ശബരിമലയും ഉള്‍പ്പെട്ട മണ്ഡലമായതിനാല്‍ പത്തനംതിട്ട മണ്ഡലം മൂന്ന് മുന്നണിക്കും വളരെ പ്രധാനപ്പെട്ടതാവും. കഴിഞ്ഞ തവണ ആന്റോ ആന്റണി 3,58,842-ഉും, പീലിപ്പോസ് തോമസ് 3,02,651 വോട്ടും, എം ടി രമേശ് 1,38,954 വോട്ടും നേടി. ക്രിസ്ത്യന്‍ സമുദായ വോട്ടുകള്‍ വലിയ തോതില്‍ സ്വാധീനിക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. നായര്‍ സമുദായത്തിനും മേല്‍ക്കൈ ഉണ്ട്. ശബരിമല വിഷയത്തില്‍ നാമജപ പ്രതിഷേധങ്ങളും നാമജപ ഘോഷയാത്രയ്ക്കുമെല്ലാം അണിനിരന്ന സംഘപരിവാര്‍-എന്‍എസ്എസ് കൂട്ടുകെട്ടിലൂടെ വലിയ വിജയം നേടാനാവുമെന്ന പ്രതീക്ഷയാണ് ബിജെപി പ്രവര്‍ത്തകര്‍ പങ്കുവക്കുന്നത്. ശബരിമല പ്രതിഷേധങ്ങളില്‍ ഇടപെട്ട് സജീവമായി നിന്ന എം ടി രമേശിന് വിജയമൊരുക്കാന്‍ കഴിയുക എന്നത് ബിജെപിയുടെ പ്രസ്റ്റീജ് പ്രശ്‌നം കൂടിയായാണ് പ്രവര്‍ത്തകര്‍ കണക്കാക്കുന്നത്. രമേശ് തന്നെ മത്സരിക്കാനുള്ള സാധ്യതകളാണ് ഇതിലൂടെ വ്യക്തമാവുന്നത്.
ബിഡിജെഎസ് രൂപീകരണവും ബിഡിജെഎസ് എന്‍ഡിഎയില്‍ കക്ഷി ചേര്‍ന്നതുമെല്ലാമാണ് വോട്ടിങ് ശതമാനത്തില്‍ വര്‍ധനവുണ്ടാക്കിയതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ ഇത്തവണ ശബരിമല വിഷയം മുന്നില്‍ നിര്‍ത്തി ബിഡിജെഎസിന്റെ സഹായമില്ലാതെ തന്നെ പതിനഞ്ച് ശതമാനം വോട്ട് സ്വന്തം നിലയ്ക്ക് ഉണ്ടാക്കിയെടുക്കാനാണ് ബിജെപി നീക്കം. ബിഡിജെഎസിനെ ഒപ്പം നിര്‍ത്തി കൂടുതല്‍ രാഷ്ട്രീയ ലാഭം ഉണ്ടാക്കാനാവും എന്നുമാണ് നേതാക്കളുടെ പ്രതീക്ഷ. വാഗ്ദാനം ചെയ്തിരുന്ന സ്ഥാനങ്ങളൊന്നും നല്‍കാതിരുന്നതോടെ ബിഡിജെഎസ്-എന്‍ഡിഎ ബന്ധത്തില്‍ വിള്ളലുകള്‍ വന്നിരുന്നു. എന്നാല്‍ ശബരിമല വിഷയവുമായി ബന്ധപ്പെട്ട് തുഷാര്‍ വെള്ളാപ്പള്ളിയേയും ബിഡിജെഎസിനേയും കൂടെ നിര്‍ത്തി പോരാട്ടത്തിനിറങ്ങിയതോടെ അകല്‍ച്ച ഏറെക്കുറെ പരിഹരിക്കാനായിട്ടുണ്ടെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. തുഷാര്‍ വെള്ളാപ്പള്ളിയും ശ്രീധരന്‍ പിള്ളയുമായിരുന്നു എന്‍ഡിഎയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര നയിച്ചത്. രാഷ്ട്രീയ പാര്‍ട്ടികളോട് സമദൂരം പ്രഖ്യാപിച്ചിരുന്ന എന്‍എസ്എസ് മുമ്പെങ്ങുമില്ലാത്ത വിധം ബിജെപിയോട് ഐക്യപ്പെട്ടത് ഗുണം ചെയ്യുമെന്ന് തന്നെയാണ് ബിജെപിയുടെ കണക്കുകൂട്ടല്‍. ബിഡിജെഎസ് വഴി ഈഴവ വോട്ടുകളും, എന്‍എസ്എസുമായി സഹകരിച്ച് നായര്‍ വോട്ടുകളും ലഭിച്ചാല്‍ പലയിടത്തും വലിയ തോതില്‍ മുന്നേറ്റം നടത്താനാവും എന്ന് തന്നെയാണ് പ്രവര്‍ത്തകര്‍ പങ്കുവക്കുന്ന പ്രതീക്ഷ. ശബരിമല വിഷയം ചൂടോടെ തന്നെ നിര്‍ത്തി, ‘ഹിന്ദു വികാരം’ ഉണര്‍ത്തി, അത് വോട്ടാക്കാനായിരിക്കും ബിജെപിയുടെ ശ്രമം. അങ്ങനെയെങ്കില്‍ ബിജെപിക്ക് സ്വാധീനമുള്ള മേഖലകളിലെല്ലാം ശക്തമായ ത്രികോണ മത്സരത്തിനായിരിക്കും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേദിയാവുക.
Leave a Reply