കാരൂർ സോമൻ

സാഹിത്യത്തില്‍ ക്ലാസ്സിക്കുകള്‍ ധാരാളമാണ്. വിശ്വ സാഹിത്യകാരന്‍മാരും ഒട്ടേറേപേര്‍. ഏതെങ്കിലുമൊക്കെ ക്ലാസ്സിക്കുകള്‍ വായിക്കാത്തവര്‍ കുറവായിരിക്കും. വില്യം ഷെക്‌സ്പിയറിന്റെ നാടകങ്ങള്‍ വായിക്കാത്തവരും കാണാത്തവര്‍ പോലും ആ നാമത്തിന്റെ മൂല്യം അണിഞ്ഞവരാണ്. ഇന്നും കേരളത്തില്‍ കോളേജുകളില്‍ ഇംഗ്ലീഷ് വകുപ്പുകള്‍ ഷെക്‌സ്പിയര്‍ നാടകങ്ങള്‍ വല്ലപ്പോഴും അവതരിപ്പിക്കാറുണ്ട്. ചിലതൊക്കെ പഞ്ചാബിലും ലണ്ടനിലും ഞാനും കണ്ടിട്ടുണ്ട്. കുറച്ചൊക്കെ വായിച്ചിട്ടുണ്ട്.

ഇതിനാല്‍ ഇതിഹാസ സാഹിത്യകാരന്മാരായ ബെര്‍ണാഡ് ഷാ, ചാള്‍സ് സിക്കന്‍, ഡി. എച്ച്. ലോറന്‍സ്, വിക്ടര്‍ ഹൃൂഗോ, ഷേക്‌സ്പിയര്‍, ടൊള്‍സ്റ്റോയി എന്നൊക്കെ കേള്‍ക്കുമ്പോള്‍ പ്രതേൃക ഒരു ആവേശം മനസ്സില്‍ നിറയുക സ്വാഭാവികം. അതിനൊരാള്‍ പണം കൊടുത്ത് പുസ്തകമിറക്കി സ്വയം സാഹിത്യകാരന്‍ ആകണമെന്നില്ല. സാഹിത്യത്തില്‍ താത്പ്പര്യമുളളവരും ആകണമെന്നില്ല. പക്ഷേ ഷേക്‌സ്ഫിയര്‍ നിങ്ങളുടെ മനസ്സില്‍ എവിടേയോ കുടിയേറിയിട്ടുണ്ട്. പണ്ട് കേട്ട അറിവ് വെച്ചെങ്കിലും നിങ്ങളുടെ മനസ്സില്‍ ഒരു ആരാധന മൊട്ടിട്ടുണ്ടായിരിക്കും. ആ ആരാധന വേഷങ്ങള്‍ കെട്ടിയാടുന്ന നടീ നടന്‍മാരോടുളള ആരാധനയെക്കാള്‍ സാഹിത്യകാരന്മാര്‍ മനുഷ്യ ജീവിതത്തില്‍ ചെലുത്തിയ സ്വാധീനവും ആ സൃഷ്ടീകര്‍ത്താക്കളോടുള്ള ആദരവും ആരാധനയുമാണ്.

വില്ല്യം ഷേക്‌സ്പിയറുടെ വീട് സന്ദര്‍ശിക്കുക ആരും ആഗ്രഹിക്കുന്ന കാര്യമാണ്. ലണ്ടനില്‍ കാലുകുത്തിയ നാള്‍ മുതല്‍ മനസ്സില്‍ വെമ്പല്‍ കൊണ്ടിരുന്നതാണീ ആഗ്രഹം. അതിന് തെല്ലും കാലതാമസം വരുത്തിയില്ല. ഒരു ദിനം ഈസ്റ്റ് ഹാമില്‍ നിന്ന് 238-ാം നമ്പര്‍ ബസ്സില്‍ ഞാന്‍ സ്റ്റാറ്റ്‌ഫോര്‍ഡ്‌ലെ വില്യം ഷേക്‌സ്പിയറിന്റെ ജന്മഗൃഹവും അദ്ദേഹത്തെ അടക്കിയ ദേവാലയം കാണാനും യാത്ര തിരിച്ചു. രാവിലെ ബസ്സില്‍ കുട്ടികളുടെ തിരക്കാണ്. ബസ്സില്‍ കയറിയാലും അവരുടെ കുസൃതിത്തരങ്ങള്‍ മാറില്ല. എന്റെ സീറ്റീനടുത്ത് ഒരു മുതിര്‍ന്ന സുന്ദരിയായ പാകിസ്താനി പെണ്‍കുട്ടി ഉര്‍ദൂ ഭാഷയില്‍ ശബ്ദം കുറച്ച് അനുരാഗ പുഞ്ചിരികളുയര്‍ത്തി ശബ്ദം കുറച്ച് സംസാരിച്ചത് അടുത്തിരുന്ന ഞാന്‍ ശ്രദ്ധിക്കുന്നില്ലന്നും എനിക്ക് ഉര്‍ദു ഭാഷ അറിയില്ലെന്നും അവള്‍ തെറ്റിദ്ധരിച്ചു. പ്രണയം അവളുടെ കണ്ണുകളില്‍ തിളച്ചുമറിയുന്നുണ്ട്. അനുരാഗം മൊട്ടിട്ട് വിടരുന്ന ഈ പ്രായത്തില്‍ സ്‌നേഹത്തിന്റെ നിര്‍മ്മലത അവള്‍ക്കറിയില്ലെന്നും പ്രണയലഹരിയില്‍ ഭ്രാന്തിയെന്നും ഞാന്‍ മനസ്സിലാക്കി. ബസ്സ് സ്റ്റാറ്റ്‌ഫോര്‍ഡിലെ ജോബ് സെന്ററിന്റെ മുന്നിലെ ബസ്സ് സ്റ്റോപ്പിലെത്തി. യാത്രക്കാര്‍ ഇറങ്ങി ആ കൂട്ടത്തില്‍ എന്റെ അടുത്ത് സീറ്റിലിരുന്ന സുന്ദരിക്കുട്ടിയുമിറങ്ങി. അവളെ കാത്തു ഒരു യുവകോമളന്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പരസ്പരം ചുംബിച്ചിട്ട് നടന്നുപോയി. സ്റ്റാറ്റ്‌ഫോര്‍ഡിലെ ട്രിനിറ്റി ദേവാലയം തേടിയാണ് എന്റെ യാത്ര. അതിനുശേഷം ജന്മഗൃഹത്തില്‍ പോകണം. വഴിയില്‍ കണ്ട ഒരു കറുത്തവര്‍ഗ്ഗക്കാരനോട് ട്രിനിറ്റി ദേവാലയം എവിടെയെന്ന് ചോദിച്ചു. അയാള്‍ ദൂരേക്ക് കൈചൂണ്ടി ദേവാലയം കാണിച്ചു തന്നു. നഗര മദ്ധ്യത്തില്‍ നില്‍ക്കുന്ന ദേവാലയമായതിനാല്‍ എനിക്കതില്‍ സംശയങ്ങള്‍ ഒട്ടുമില്ല. നടന്നു നടന്നു ദേവാലയത്തിനരികില്‍ എത്തി. മരങ്ങളുടെ മദ്ധ്യത്തില്‍ മനോഹരമായ ഒരു പുരാതന ദേവാലയം. ദേവാലയത്തിന്റെ രണ്ടു ഭാഗങ്ങളും റോഡുകളാണ്. എന്റെ മനസ്സില്‍ ഒരു ചോദ്യം ഉയര്‍ന്നത് തൂലിക പടവാളാക്കിയ ഒരു വിശ്വോത്തര സാഹിത്യകാരന്‍ എങ്ങനെയാണ് പളളിക്കുളളിലടക്കം ചെയ്യുക. ഇദ്ദേഹം ക്രിസ്തീയ മതത്തിന് അടിമയായിരുന്നോ? സ്വയം പൊരുതി ജയിക്കാന്‍ രാജ്ഞീരാജാക്കന്‍മാര്‍ അനുവദിച്ചുകാണില്ലായിരിക്കും. ഒന്നാം എലിസബത്ത് രാജ്ഞിയുടെ കാലത്ത് രാജകുടുംബവുമായി ബന്ധപ്പെട്ട ഏതോ നാടകം രാജ്ഞി ഇടപെട്ട് തിരുത്തി എഴുതിച്ചു ഗ്ലോബ് തീയേറ്ററില്‍ അഭിനയിച്ചതായി വായിച്ചിട്ടുണ്ട്. അന്നത്തെ മതപുരോഹിതര്‍ ആത്മാവില്‍ വിശുദ്ധ ജീവിതെ നയിച്ചവരായിരുന്നു എന്നത് എടുത്തുപറയേണ്ട കാര്യമാണ്. പളളിക്ക് ചുറ്റും കമ്പിവേലികളാണ്. ദേവാലയത്തിലെത്തി. പേര് വായിച്ചു. സെന്റ് ജോണ്‍സ്. പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നതും ഇംഗ്ലീഷ് കവിയായിരുന്നു. ജറാര്‍ഡ് ഹോപ്കിന്‍സാണ്. 1844 ല്‍ അദ്ദേഹത്തെ ഈ ദേവാലയത്തില്‍ വെച്ചാണ് മാമ്മോദീസ മുക്കിയതെന്ന് ഞാന്‍ എങ്ങോ വായിച്ചിട്ടുണ്ട്. പള്ളിക്കു മുന്നില്‍ 1899 ല്‍ അടക്കം ചെയ്ത കരോളിന്‍ ആന്‍ അവരുടെ ഭര്‍ത്താവ് ജോസഫ് സ്‌ക്കോട്ടിന്റയും അതിനടുത്തായി 1888 ല്‍ അടക്കം ചെയ്ത റിച്ചാര്‍ഡ് പിക്കിന്റെയും ഭാര്യ ഡോര്‍ത്തിയുടേയും കല്ലറകള്‍ കണ്ടു.

പളളിയോട് ചേര്‍ന്ന് വളരെ ഉയരത്തില്‍ ഒരു ക്ലോക്കും അതിനുമുകളില്‍ മണിയുമുണ്ട്. കല്ലറക്കടുത്ത് ചുറ്റുവട്ടത്തിലിരിക്കാവുന്ന ഒരു മണ്ഡപംപോലുണ്ട്. അതിന്റ ചവിട്ടുപടിയില്‍ ഒരു പുരുഷനും ഒരു സ്ത്രീയും രാവിലത്തെ കുളിരിളം കാറ്റിലിരുന്ന് പുസ്തക വായനയിലാണ്്. മരങ്ങളുടേയും മദ്ധ്യത്തില്‍ രാവിലത്തെ കുളിരുളള കാറ്റില്‍ അവര്‍ അക്ഷരങ്ങളുടെ മാധ്യര്യം നുകര്‍ന്നുകൊണ്ടിരിക്കുന്നു. പളളി തുറക്കാനായി ഞാന്‍ കാത്തിരുന്നു. ഒന്‍പത് മണികഴിഞ്ഞിട്ടും പളളി തുറക്കുന്നില്ല. സന്ദര്‍ശകരും ഇല്ല. എന്നില്‍ സംശയങ്ങള്‍ ഏറിവന്നു. വില്യമിനെ അടക്കിയ പളളിയുടെ പേര് ഹോളീ ട്രിനിറ്റി എന്നാണ്. ഇത് സെന്റ് ജോണ്‍സ്. ഗേറ്റിനടുത്തേക്ക് നടന്നു. ആരോടാണ് ചോദിക്കുക ആ നടപ്പാതയിലൂടെ ഒരു മദാമ്മ ഇളകിയാടിവരുന്നു. ക്ഷമിക്കണമെന്ന് പറഞ്ഞുകൊണ്ട് ചോദിച്ചു. വില്യം ഷേക്‌സ്പിയറെ അടക്കിയ ദേവാലയം ഇതാണോ? അവര്‍ ആശ്ചര്യത്തോടെ എന്നെ നോക്കി പറഞ്ഞു. അത് ഇവിടെയല്ല. വികോടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്ന് നാലരമണിക്കൂര്‍ യാത്ര ചെയ്താലേ സ്റ്റാറ്റ്‌ഫോര്‍ഡ്് അപ്പോണ്‍ അയോണിലെത്തൂ. ഇത് വെറും സ്റ്റാറ്റ്‌ഫോര്‍ഡ്് ആണ്. നല്ലൊരു ദിനം ആശംസിച്ചിട്ട് ആ സ്ത്രീ നടന്നുപോയി. നിമിഷങ്ങള്‍ മഞ്ഞുരുകുന്നതുപോലെ എന്റെ മനസ്സുരുകി. തിളങ്ങി നിന്ന കണ്ണുകള്‍ മങ്ങി. തെല്ലൊരു അപമാനഭാരത്തോടെ ആ ദേവാലയത്തേയും ഏകാഗ്രതയിലായിരിക്കുന്ന വായനക്കാരേയും നോക്കി. രണ്ടാം ലോകമഹായുദ്ധകാലത്ത് ഈ ദേവാലയത്തിന്റെ അടിഭാഗത്തുളള മുറിക്കുളളില്‍ ജര്‍മ്മന്‍ ബോംബിഗ് ഭയന്ന് അതിനുള്ളില്‍ അഭയം പ്രാപിച്ചവരെ ഒരു നിമിഷം ഓര്‍ത്തു. 2012 ല്‍ ഇതിനടുത്താണ് ഒളിമ്പിക്‌സ് നടന്നത്. എന്റെ മനസ്സിലേക്ക് ഞാന്‍ ദേവാലയം ചോദിച്ച ആഫ്രിക്കന്‍ കടന്നു വന്നു. അയാളുടെ തിരക്ക് പിടിച്ച യാത്രയില്‍ ഒരു ദേവാലയം കാണിച്ചുതന്നു. ബ്രിട്ടീഷുകാരി അങ്ങനെയല്ല പറഞ്ഞത്. ഏത് പളളിയെന്നും അതിന് പരിഹാരവും നിര്‍ദ്ദേശിച്ചാട്ടാണ് പോയത്. ഇംഗ്ലണ്ടിലെ വാര്‍വിച്ച് ഷെയറില്‍ കാണേണ്ടതും ന്യൂഹാ ബോറോയിലെ സ്റ്റാറ്റ്‌ഫോര്‍ഡ്് കാണാന്‍ പറ്റുമോ? ഞാനും ആ കറുത്തവര്‍ഗ്ഗക്കാരനും തമ്മില്‍ എങ്ങോ ഒളിഞ്ഞുകിടക്കുന്ന ഒരു ബന്ധമുണ്ട്. രണ്ട് പേരും ഒരേ നുകത്തിലെ കാളകള്‍. ഇതിലൂടെ ഞാനൊരു പാഠം പഠിച്ചു. പോകേണ്ട സ്ഥലത്തിനേപ്പറ്റി ശരിയായ ധാരണയുണ്ടായിരിക്കണം. വെറുതേ ചാടി പുറപ്പെടരുത്. കേരളത്തില്‍ തെക്കും വടക്കുമുളള ജില്ലകളില്‍ പോലും ഒരേ സ്ഥലപേരില്ലേ? അതുപോലെ ഇവിടയും സംഭവിച്ചു. എന്റെ ചിരഭിലാക്ഷം പൊളിഞ്ഞ ഭാരവുമായി സ്റ്റാറ്റ്‌ഫോര്‍ഡ് പാര്‍ക്കിലേക്ക് നടന്നു. വര്‍ണ്ണഭംഗിയാര്‍ന്ന പൂക്കളും വെളളം ചീറിപ്പായുന്ന ഫൗണ്ടനുകളും പാര്‍ക്കിന്റെ പലഭാഗങ്ങളായി ടെന്നീസ്, വോളീബോള്‍, ബാസ്‌ക്കറ്റ് ബോള്‍ കളിക്കുന്നവരെ വിവിധ കോര്‍ട്ടുകളിലായി കണ്ടു. അവധി ദിവസമായതിനാല്‍ കുട്ടികളുടെ എണ്ണം വളരെ കൂടുതലാണ്. കായിക പരിശീലനത്തിലാണവര്‍. അവരുടെ ആരവവും പ്രോത്സാഹനവും കാളിക്കാര്‍ക്ക് ഉന്മേഷം പകരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അവിടെ നിന്നുമിറങ്ങി ഈസ്റ്റ് ഹാമിലേക്ക് നടന്നു. റോഡില്‍ വാഹനങ്ങളുടെ തിരക്കാണ്. ഈസ്റ്റ് ഹാമിന്റെയും സ്റ്റാറ്റ്‌ഫോര്‍ഡിന്റെയും ഇടയ്ക്കുളള വെസ്‌ററ് ഹാം പാര്‍ക്കിലും, പ്‌ളാഷെറ്‌റ് പാര്‍ക്കിലും കയറി. എല്ലാ പാര്‍ക്കിലും കണ്ട കാഴ്ചകള്‍ കുട്ടികള്‍ കളിക്കുന്നതും മുതിര്‍ന്നവര്‍ നടക്കുന്നതുമാണ്. ചിലര്‍ക്കൊപ്പം നായും നടക്കുന്നു. ആ കൂട്ടത്തില്‍ ഇന്‍ഡ്യന്‍- പാകിസ്താനി-ബംഗ്ലാദേശ്-ശ്രീലങ്കന്‍ സിത്രീകളുമുണ്ട്. ഇവിടെയെല്ലാം കൊച്ചു കുട്ടികള്‍ക്ക് കളിക്കാനുളള ഉപകരണങ്ങളും സജ്ജീകരണങ്ങളുമുണ്ട്. ആയതിനാല്‍ ചെറുപ്പം മുതലേ അവര്‍ കായികരംഗത്ത് വേണ്ടുന്ന പരിശീലനം നേടുന്നു. എല്ലാ പാര്‍ക്കിലും നിരനിരയായി നില്‍ക്കുന്ന മരങ്ങളുണ്ട്. ഈസ്റ്റ് ഹാം ഹൈ സ്ട്രീറ്റില്‍ കണ്ടത് ഇന്‍ഡ്യന്‍ സ്ത്രീകളും വിദേശികളും ഹരേ റാം സംഘടനയുടെ നേതൃത്വത്തില്‍ ഹരിനാമ കീര്‍ത്തനം മദ്ദളവും മറ്റ് ഉപകരണങ്ങളുമുപയോഗിച്ച് പാടുന്നതാണ്. ഉറങ്ങി കിടക്കുന്ന ടൗണിനെ ഇവരുടെ ഭക്തിഗാനങ്ങള്‍ തട്ടിയുണര്‍ത്തുന്നു. ഞാനും അല്പനേരം അവിടെ നിന്ന് ആ ഭക്തിഗാനങ്ങള്‍ കേട്ടു. ഈശ്വരചൈതന്യമടങ്ങുന്ന ഗാനങ്ങള്‍. മാനവരാശിക്ക് ഭക്തിഗാനങ്ങളെന്നും വെളിച്ചമാണ് നല്‍കിയിട്ടുളളത്. ഈ ഭക്തി ലഹരി ഇവിടെയാരും മതലഹരിയായി കാണുന്നില്ല. ഇംഗ്ലീഷിലുളള ലഘുലേഖകള്‍ വിതരണം ചെയ്യുന്നത് കാവി വസ്ത്രം ധരിച്ച ഒരു മദാമ്മയാണ്. കഴുത്തില്‍ രുദ്രാക്ഷ മാലയുണ്ട്. മദാമ്മ ‘ഓം നമശിവായ’ ഉരുവിടുന്നു. ഇരുളിലാണ്ട് കിടക്കുന്ന ജനത്തിന് പരമേശ്വരനേ കാട്ടികൊടുക്കുന്ന മദാമ്മ ഏതൊരു ഭാരതീയനും അഭിമാനമാണ്. വെളിച്ചം മാറി പ്രകൃതി ഇരുണ്ട് വന്നു. മഴ ചാറി തുടങ്ങി. അവിടെ മനസ്സിനെ ഏകാഗ്രമാക്കി നിന്നവരെല്ലാം വേഗത്തില്‍ നടന്നകന്നു. ഞാനും വീട്ടിലേക്കു നടന്നു.

അന്നത്തെ രാത്രി എന്റെ മനസ്സു വിളറി വെളുത്തു നില്‍ക്കുന്ന ആകാശം പോലെയായിരുന്നു. സ്റ്റാറ്റ്‌ഫോര്‍ഡ് എന്നെ അലട്ടികൊണ്ടിരുന്നു. ആ ഇടയ്ക്കാണ് ഡോ. ജോര്‍ജ്ജ് ഓണക്കൂര്‍ ഷേക്‌സ്പിയര്‍ ജന്മഗൃഹം കാണാന്‍ എന്റെ ഭവനത്തില്‍ എത്തിയത്. ഞങ്ങള്‍ വിക്‌ടോറിയ ബസ്സ് സ്റ്റേഷനില്‍ നിന്നും ഇംഗ്ലണ്ടിലെ വാര്‍വിക് ഷെയറിലേക്ക് യാത്ര തിരിച്ചു. ഇവിടെ നിന്ന് ബ്രിട്ടന്റെ ഏതു ഭാഗത്തേക്കും ബസ്സില്‍ യാത്ര ചെയ്യാം. നിരന്ന് നിരന്ന് കിടക്കുന്ന വര്‍ണ്ണാഭമായ വാഹനങ്ങള്‍ കാണാന്‍ തന്നെ അഴകാണ്. ഇത് കണ്ടപ്പോള്‍ ന്യൂഡല്‍ഹിയിലെ പ്രമുഖ ബസ്സ് ടെര്‍മിനല്‍ ഓര്‍ത്തു. അവിടെ നിന്ന് ചണ്‍ഡീഗഡ്, അമൃത്സര്‍, ജലന്തര്‍. ലുധിയാന ആഗ്ര, മധുര തുടങ്ങീ പല സ്ഥലങ്ങളിലേക്ക് ഞാന്‍ പോയിട്ടുണ്ട്. ഞങ്ങളുടെ യാത്ര ഏകദേശം നാലര മണിക്കൂര്‍. ബസ്സില്‍ ആര്‍ക്കും നില്‍ക്കാന്‍ അനുവാദമില്ല, പ്രൗഡിയാര്‍ന്ന ഇരിപ്പിടങ്ങള്‍. യാത്രികന്റെ പെട്ടിയും മറ്റും വെക്കാനുളള ഇടം ബസ്സിനടിയിലും ബസ്സിനുളളില്‍ ഇരിക്കുന്നതിന്റെ മുകളിലുമാണ്. ബസ്സിലിരുന്ന് റോഡിന്റെ ഇരുഭാഗത്തുളള കാടുകളുടെ പൂത്തുലഞ്ഞു കിടക്കുന്ന വയലോലകളുടെ സൗന്ദര്യം ഞാന്‍ ആസ്വദിച്ചു. ബസ്സില്‍ നിന്നും ഹോണ്‍ ശബ്ദം കേട്ടില്ല. ശബ്ദമലിനീകരണം പോലെ വായുവിനെ മലിനമാക്കാമന്‍ ആരും ഒരു വിധത്തിലും ശ്രമിക്കുന്നില്ല. ബസ്സിലെ ടി.വി യില്‍ നിന്നു വരുന്നത് ഹൃദയഹാരിയായ ഇംഗ്ലീഷ് ഗാനങ്ങളാണ്. സിനിമയല്ല. ഇതിലൂടെ സംഗീതത്തോടുളള ഇവരോടുളള സൗന്ദര്യ ബോധം വെളിപ്പെടുന്നു. യാത്രക്കാരെല്ലാം ഗാനത്തില്‍ ലയിച്ചിരിക്കുന്നു. ഞങ്ങള്‍ കൃഷിപാടങ്ങളില്‍ മേഞ്ഞു നടക്കുന്ന പശുക്കള്‍, കുതിരകള്‍. താഴ്‌വാരങ്ങള്‍, കുന്നുകള്‍, ഗ്രാമങ്ങളിലെ വീടുകള്‍ കണ്ടിരുന്നു. ചില ഭാഗങ്ങള്‍ മൂടല്‍ മഞ്ഞുപോലെ കിടക്കുന്നു. ഞങ്ങള്‍ സ്റ്റാറ്റ്‌ഫോര്‍ഡിലെത്തി. ബസ്സ് സ്റ്റേഷന്‍ ചെറുതാണ്. ചുറ്റുപാടുകള്‍ മനസ്സിന് കുളിര്‍മ പകരുന്ന നീണ്ടുകിടക്കുന്ന പാടങ്ങളും ഗ്രാമങ്ങളുമാണ്. കുറച്ചുപേര്‍ വില്യമിന്റെ ഭവനത്തിലേക്കുളളവരാണ്. മരങ്ങളുടെ ഇടയിലൂടെ റോഡുകള്‍ മുറിച്ച് ഞങ്ങളും നടന്നു. റോഡില്‍ കുതിരവണ്ടികള്‍ ഓടുന്നുണ്ട്. നടന്നൊരിടത്ത് ടൂറിസത്തിന്റ ഒരു ഓഫീസ് കണ്ടു. നടപ്പാതയില്‍ സ്വദേശികളേക്കാള്‍ വിദേശികളാണ്. അതില്‍ കൂടുതലും വിദ്യാര്‍ത്ഥികള്‍. രാജ്യങ്ങള്‍ക്ക് അതിര്‍ വരമ്പുണ്ടെങ്കിലും ഭാഷകള്‍ക്ക് അതിരില്ല. പത്ത് പതിനഞ്ച് മിനിറ്റ് നടന്നു ഞങ്ങള്‍ ഭവനത്തിനു മുന്നിലെത്തി.

അവിടെയൊക്കെ കുട്ടികളെക്കൊണ്ട് നിറഞ്ഞിരുന്നു. ഞങ്ങള്‍ ക്യൂവില്‍നിന്നു. ജപ്പാനില്‍ നിന്ന് വന്ന യുവതി-യുവാക്കളാണ് ഞങ്ങളുടെ മുന്നില്‍. അകത്തു കടന്നു. ഭവനത്തിന് ഉള്‍ഭാഗത്തൊരു പൂന്തോപ്പാണ്. സഞ്ചാരികളെ ആദ്യം കാണിക്കുന്നത് വലിയൊരു സ്‌ക്രീനിലെ വീഡിയോയാണ്. അത് വില്യമിന്റെ ചെറുപ്പം മുതല്‍ മരണം വരെയുളള ചരിത്രമാണ്. സഞ്ചാരികളെ സ്വാഗതം ചെയ്തുകൊണ്ട് ഒരു യുവതി വാതില്‍ക്കല്‍ നിന്ന് വേണ്ടുന്ന നിര്‍ദേശങ്ങള്‍ കൊടുക്കുന്നു. 1564 ഏപ്രില്‍ 23 ന് ജനിച്ച് 1616 ഏപ്രില്‍ 23 മരണപ്പെട്ട ദിവസം വരെയുളളതെല്ലാം ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു. അദേഹത്തിന്റെ കിടപ്പറ, എഴുതാനുപയോഗിച്ച പേനകള്‍, മേശ, കസേര, വസ്ത്രങ്ങള്‍, കാപ്പികുടിച്ച കപ്പുകള്‍, തണുപ്പിനെ പ്രതിരോധിക്കുവാന്‍ വിറക് കത്തിച്ച് അതിന്റെ പുക മുകളിലേക്ക് പോകാനുളള പുകകുഴല്‍, അടുക്കള, അടുക്കളയില്‍ ഉപയോഗിച്ചിരുന്ന പാത്രങ്ങള്‍, തീന്‍മേശ, തൊട്ടില്‍, തണുപ്പിനുപയോഗിക്കുന്ന കൗയ്യുറ, വിവിധ നിറത്തിലുളള തൊപ്പികള്‍, അന്നത്തെ തുണികള്‍ ഇവയെല്ലാം കൗതുകമുണര്‍ത്തുന്ന കാഴ്ചകളാണ്. ഒരു മുറിയില്‍ അദ്ദേഹം എഴുതിയ കവിതകള്‍ കാണാം. മറ്റു ചില കൈയ്യക്ഷര പ്രതികളുമുണ്ട്. ഞങ്ങള്‍ക്ക് മുന്നില്‍ നടക്കുന്ന കുട്ടികള്‍ ഓരോ ഭാഗങ്ങളിലും സൂക്ഷ്മ നിരീക്ഷണം നടത്തിയാണ് നീങ്ങുന്നത്. ഫോട്ടോകളും എടുക്കുന്നു. അക്ഷര സ്‌നേഹികള്‍ക്ക് ആനന്ദം പകരുന്ന കാഴചകള്‍, ഇവിടുത്തെ വിശ്വ പ്രസിദ്ധരല്ലാത്ത മിക്ക എഴുത്തുകാരുടേയും വീടുകള്‍ മ്യൂസിയങ്ങളാണ്. ഞാനും ഓണക്കൂറും കാഴ്ചകള്‍കണ്ട് നടക്കുമ്പോള്‍ ഞങ്ങള്‍ സംസാരിച്ച വിഷയം സാഹിത്യമായിരുന്നു. പുറത്തേക്കിറങ്ങി. അവിടുത്തെ പൂന്തോപ്പില്‍ ബംഗാള്‍ മുന്‍ മുഖ്യമന്ത്രി ജ്യോതി ബാസു സ്ഥാപിച്ച രവീന്ദ്രനാഥ ടാഗോറിന്റെ പ്രതിമയും കണ്ടു. ഒരു ബംഗാളി മുഖ്യമന്ത്രി തന്റെ ഭാഷയ്ക്ക് നല്‍കാവുന്ന ഏറ്റവും വലിയ ബഹുമതിയാണ്. ബ്രിട്ടണ്‍ ഭരിച്ചവരെല്ലാം ഇംഗ്ലീഷ് ഭാഷ ലോകമെങ്ങുമെത്തിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചവരാണ്. ജ്യോതി ബാസുവിനെ മനസ്സില്‍ നമിച്ചുകൊണ്ട് നടക്കുമ്പോള്‍ തോന്നിയത് ഇതുപോലെയുളള ഭരണാധിപന്‍മാര്‍ ഇന്‍ഡ്യയില്‍ എന്തുകൊണ്ട് ജനിച്ചില്ല. ആ തെറ്റിന് വരുന്ന തലമുറ പ്രായശ്ചിതം ചെയ്യുമോ? മറ്റൊരു ഭാഗത്തായി ഷെക്‌സ്പിയറിനൊപ്പം നില്‍ക്കുന്ന ചൈനയിലെ ഷേക്‌സ്പിയര്‍ എന്നറിയപ്പെടുന്ന നാടകകൃത്ത് റ്റാങ്. സി.അന്‍സുവിന്റെ പ്രതിമയുമുണ്ട്. ; ചൈനക്കാരും സാഹിത്യത്തെ അധികം ആദരിക്കുന്നു എന്നതിന്റെ തെളിവാണത്. സാഹിത്യത്തിന് ദേശകാലഭേദങ്ങളില്ല. മതമില്ല, രാഷ്ട്രീയമില്ല, അതിനടുത്ത് ഷേക്‌സ്പിയറ് മ്യൂസിയവും ലൈബ്രറിയും കണ്ടു. ഇവിടെയെല്ലാം ഷേക്‌സ്പിയര്‍ കൃതികള്‍ ലഭ്യമാണ്. വാങ്ങുന്ന പേന, ബുക്ക്, പാത്രങ്ങള്‍, കീ ചെയിന്‍ തുടങ്ങി കുട്ടികളുടെ കളിപാത്രങ്ങള്‍ വരെ ഷേക്‌സ്പിയറിന്റെ പേരു ഉളളതാണ്. വരുന്നവരാരും വെറഉം കൈയ്യുമായി മടങ്ങാറില്ല. അത് ആ എഴുത്തുകാരനോടുളള ആദരവാണ്. ഞങ്ങള്‍ ഓരോ പേന വാങ്ങി.

ഇംഗ്ലണ്ടിലെ സ്റ്റാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ ഏവോണില്‍ ജനിച്ച വില്യം ഷെക്‌സ്പിയര്‍ 38 നാടകങ്ങളും 150 ല്‍ അധികം കാവ്യ സൃഷ്ടികളും രചിച്ചിട്ടുണ്ട്. ഒരു സാധാരണ കൂട്ടുകുടുംബത്തിലെ തുകല്‍ വ്യാപാരിയായ ജോണ്‍ ഷെക്‌സിപിയര്‍ അമ്മ മേരി ആര്‍ദന്റെ 8 മക്കളില്‍ മൂന്നാമനായിട്ടാണ് ജനിച്ചത്. വിദ്യാഭ്യാസ രംഗത്ത് വലിയ പാണ്ഡിത്യമൊന്നുമില്ല. വില്യം വിവാഹം കഴിക്കുന്നത് 18-ാം മത്തെ വയസ്സില്‍. ഭാര്യ ആനി ഹാത്തവേയ്ക് പ്രായം 26. ഇന്‍ഡ്യക്കാരന്‍ ഇത് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വെച്ച് പോകും, സ്ത്രീകള്‍ പുരുഷന്‍മാരേക്കാള്‍ ശക്തരല്ലന്നുളള തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇതുപോലെ പല വിഷയങ്ങളിലും അറിവുളളവരേക്കാള്‍ തിരിച്ചറിവ് ഉളളവരാണ് ഇംഗ്ലീഷുകാര്‍, ആ തിരിച്ചറിവ് സ്ത്രീകളുടെ കാര്യത്തില്‍ മാത്രമല്ല സമസ്ത മേഖലകളിലും പ്രകടമാണ്. ഷെക്‌സ്പിയറിന്റെ ബാലൃം, കൗമാരത്തെപറ്റി പല കഥകളുമുണ്ട്. സ്റ്റാറ്റ്‌ഫോര്‍ഡിലെ ദേവാലയ രേഖ അനുസരിച്ച് 26 ഏപ്രില്‍ 1564 ല്‍ ഇദ്ദേഹത്തെ മാമ്മോദീസ മുക്കിയിട്ടുണ്ട്. ആ ദിനം ഇംഗ്ലണ്ടിന്റെ വിശുദ്ധനായ സെന്റ് ജോര്‍ജ്ജിന്റെ ഓര്‍മ്മദിനം കൂടിയാണ്. അദ്ദേഹം പഠിച്ച എഡ്‌വേഡ്് സ്‌ക്കൂളിന്റെ രേഖയും ലഭ്യമാണ്. 1585 മുതല്‍ 1592 വരെയുളള വില്യമിന്റെ നാള്‍വഴികളാണ് പലരും സംശയത്തോടെ കാണുന്നത്. എനിക്കുണ്ടായ സംശയം ഇദ്ദേഹം ലണ്ടനില്‍ ഗ്ലോബ് തീയേറ്ററില്‍ ഉണ്ടായിരുന്ന കാലം കുടുംബത്തിലേക്ക് പലപ്പോഴും നടന്നുവന്നതായിട്ടാണ്. ബസ്സില്‍ നാലഞ്ചുമണിക്കൂര്‍ എടുക്കുമ്പോള്‍ ഒരു പകല്‍ മുഴുവന്‍ ഒരാള്‍ നടക്കുമോ? അതോ കുതിരപ്പുറത്തോ കുതിരവണ്ടിയിലോ അദ്ദേഹത്തിന്റെ ജീവ ചരിത്രകാരന്‍ നിക്കോളാസ് റോവ്വ് എഴുതിയത് മാന്‍വേട്ട നടത്തിയതിന്റെ ശിക്ഷയില്‍ നിന്ന് രക്ഷപെടാന്‍ ലണ്ടനിലേക്ക് ഒളിവില്‍ പോയി അവുടുത്തെ ചേംബര്‍ ലയിന്‍സിന്റെ നാടകകമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവെന്നാണ്. മാത്രവുമല്ല അദ്ദേഹത്തിന് പേരും പ്രശസ്തിയുമുണ്ടായപ്പോള്‍ ലോകമെങ്ങും ആരാധിക്കുന്ന കൃതികള്‍ സ്വന്തമായി എഴുതിയതല്ല അങ്ങനെ പല കിംവദന്തികള്‍ അസുയയുള്ളവര്‍ പ്രചരിപ്പിച്ചു. ഇന്നത്തെ സോഷ്യല്‍ മീഡിയ അന്ന് ഇല്ലാതിരുന്നത് അദ്ദേഹത്തിന്റ ഭാഗ്യം. ഒന്നുമേറ്റില്ല. ഷെക്‌സ്പിയറിന്റെ കാലത്ത് ജീവിച്ചിരുന്ന പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ക്രിസ്റ്റഫര്‍ മാര്‍ലോവിയുടെ ജനനവും വില്യമിന്റെ വര്‍ഷമാണ്. 1564 ഫെബ്രുവരി 6 ന് കേംബ്രിജ് വിദ്യാര്‍ത്ഥിയായിരുന്ന ആ നവോത്ഥാന വിപ്ലവകാരി മത-രാഷ്ട്രീയ കാരണങ്ങളാല്‍ 29-ാം മത്തെ വയസ്സില്‍ കത്തികുത്തേറ്റു കൊല്ലപ്പെട്ടു. ഷെക്‌സ്പിയറെ മാനസികമായി തളര്‍ത്തിയ ഒരു സംഭവമായിരുന്നു അത്. ഷെക്‌സ്പിയറുമായി ഇണങ്ങിയും പിണങ്ങിയും ജീവിച്ച് മറ്റൊരു പ്രമുഖ നാടകകൃത്തും കവിയുമായിരുന്ന ബഞ്ചമിന്‍ ജോണ്‍സണ്‍. ഷെക്‌സ്പിയറിന്റെ കാലത്തു് ജീവിച്ചിരിന്ന എല്ലാം എഴുത്തുകാരും അദ്ദേഹത്തെ ആദരവോടെയാണ് കണ്ടത്. പേരിനും പ്രശസ്തിക്കുമായി നടക്കുന്നവരായിരിന്നു അദ്ദേഹത്തെ ശത്രുതയോടെ കണ്ടത്. ഇന്നും ഇതുപോലുള്ള അഭിനവ എഴുത്തുകാരും കൂട്ടങ്ങളും നമ്മുടെ മുന്നിലുണ്ട്.. ‘ദി പിറ്റ്കിന്‍ ഹിസ്റ്ററി ഓഫ് ബ്രിട്ടന്‍ ‘ എന്ന പുസ്തകം വായിച്ചാല്‍ കുറച്ചൊക്കെ മനസ്സിലാക്കാം.
ഷേക്‌സ്പിയറിന് മൂന്നു മക്കളാണ്. സൂസന്ന, ഹാമനെറ്റ്, ജൂഡിത്ത് . പിതാവിന്റെ തുകല്‍ വ്യാപാരം തകര്‍ച്ചയിലായപ്പൊഴൊക്കെ വില്യമാണ് വലിയൊരു കുടുംബത്തെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. ലണ്ടനിലെ നാടകജീവിതത്തില്‍ ലഭിച്ച സമ്പാദ്യമെല്ലാം ഇവിടെ ധാരാളം വസ്തുക്കള്‍ വാങ്ങി കൂട്ടി സമ്പന്ന പ്രഭുവായി മാറി. ലോകമെങ്ങും ധാരാളം സാഹിത്യകാരന്‍മാരും കവികളും എഴുത്തുകാരുമുണ്ട്. ഇതില്‍ ഇംഗ്ലീഷ് ഭാഷയാണ് ലോകമെമ്പാടും ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടത്. ഷെക്‌സ്പിയറിന്റെ പുസ്തകങ്ങള്‍ നാല് ബില്യന്‍, അഗത ക്രിസ്റ്റിയുടെ നാല് ബില്യന്‍, ബാര്‍ബര കാര്‍റ്റ്‌ലാന്റിന്റെ ഒരു ബില്യന്‍, അമേരിക്കന്‍ എഴുത്തുകാരി ഡാനിയേലീ സ്റ്റീലിന്റെത് എണ്ണൂറ് മില്യനുമാണ്. നമ്മള്‍ ആയിരങ്ങളുടെ കണക്ക് ആഘോഷിക്കുമ്പോള്‍ ഇംഗ്ലീഷ് ഭാഷയില്‍ വായിക്കപ്പെടുന്നത് ബില്യനും മില്യനുമാണ്.

വഴിയോരങ്ങളില്‍ പുസ്തക കടകള്‍ മാത്രമല്ല പൂക്കള്‍ വില്‍ക്കുന്ന കടകളടക്കം പലതുമുണ്ട്. ഇവിടെയെല്ലാം കുട്ടികള്‍ പൂമ്പാറ്റകളേപ്പോലെ ഉല്ലസിക്കുന്നു. ഞങ്ങള്‍ ഷെക്‌സ്പിയറെ അടക്കം ചെയ്ത ഹോളി ട്രിനിറ്റി ദേവാലയത്തിലേക്ക് നടന്നു. റോഡിന്റെ ഒരു ഭാഗത്തുകൂടി ടൂര്‍ ബസ്സുകള്‍ കടന്നു പോകുന്നു. അതില്‍ ചിലത് ഇവിടെ ആളുകളെ ഇറക്കിവിടുന്നു. അവോന്‍ നദിക്കടുത്തുകൂടിയാണ് ദേവാലയത്തിലേക്ക് പോകുന്നത്. നദിയുടെ തീരത്തുളള പച്ചപുല്ലില്‍ ധാരാളം പേര്‍ ഇരിക്കുന്നു. അഞ്ചു മിനിറ്റ് നടന്ന് ദേവാലയത്തിലെത്തി. ഒരു പുരാതന ദേവാലയം. 1210 ല്‍ തീര്‍ത്ത ദേവാലയം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ അധീനതയിലാണ്. വൃക്ഷങ്ങള്‍ മുളച്ചു തഴച്ചു നില്‍ക്കുന്നു. ചില ഭാഗത്ത് നിറചാര്‍ത്തുളള പൂക്കള്‍. ദേവാലയത്തിനു അകവും പുറവും സംഗീത സാന്ദ്രമാണ്. ചൈനക്കാരായ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പുറത്തേക്കു വന്നു. ഞങ്ങള്‍ അകത്തേക്കു കയറി. പഴക്കമാര്‍ന്ന കുറേ ഇരിപ്പിടങ്ങള്‍. ഇതില്‍ ഇതില്‍ ഇരുന്ന് പ്രാര്‍ത്ഥിച്ചവരെല്ലാം മണ്ണോട് മണ്ണായി തീര്‍ന്നു കാണും. മെഴുകുതിരികളെരിയുന്നു. ഒരു ഭാഗത്ത് സംഗീതജ്ഞരും വാദ്യോപകരണങ്ങളുമുണ്ട്. സുന്ദരികളായ ഏതാനും പെണ്‍കുട്ടികളാണ് വരുന്നവരെ സ്വീകരിക്കുന്നതും അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം കൊടുക്കുന്നത്. ഒരിടത്ത് പണം നിക്ഷേപിക്കുവാനുളള പെട്ടിയുമുണ്ട് . ഷെക്‌സ്പിയര്‍ ദേവാലയത്തിന്റെ അള്‍ത്താരയില്‍ അന്ത്യവിശ്രമെ കൊളളുന്നു. അതിനുമുകളില്‍ വിവിധ നിറത്തിലുളള പൂക്കള്‍ .അതിനടുത്തായി മെഴുകുതിരികള്‍ എരിയുന്നു. ഇദ്ദേഹത്തിന്റെ അടുത്തായിട്ടാണ് ഭാര്യ ആനി ഹാത്തവേയും അടക്കം ചെയ്തിരിക്കുന്നത്. സാധാരണ ആരാധനക്ക് യോഗ്യരായവരെയാണ് ദേവാലയങ്ങളില്‍ പ്രതിഷ്ഠിക്കുന്നത്. ക്രിസ്തീയ വിശ്വാസികളുടെ രാജാധിരാജനായ യേശു ക്രിസ്തുവിന്റെ ദേവാലയത്തില്‍ ആക്ഷരങ്ങളുടെ രാജാവും ഇടം പിടിച്ചിരിക്കുന്നു. അവിടേക്ക് ആരാധകര്‍ അനസ്യുതം വരുന്നുണ്ട്. ഈ അക്ഷരങ്ങളുടെ രാജാവ് സൃഷ്ടിച്ച കാഥാപാത്രമായ മാക് ബത്തിനേപ്പോലെ അക്ഷരരാജാവും ഒരു ബിംബമായി ശവകല്ലറയിലുറങ്ങുന്നു. ഈ ശ്മശാനത്തിലേക്ക് എല്ലാ വര്‍ഷവുമെത്തുന്നത് മൂന്ന് ലക്ഷത്തിലധികം സഞ്ചാരികളാണ്. പുറത്തിറങ്ങിയപ്പോഴും ഹൃദ്യമായ ഇംഗ്ലീഷ് ഭക്തി ഗാനം കാതുകളില്‍ മുഴങ്ങികൊണ്ടിരുന്നു. ഞങ്ങള്‍ നടന്നെത്തിയത് പുഞ്ചിരിച്ചുകൊണ്ട് ഒഴുകുന്ന ആവോന്‍ നദിക്കരികിലാണ്. നദിയില്‍ മന്ദം മന്ദം നീന്തുന്ന വെളുത്ത അരയന്നങ്ങളേ നോക്കി കുട്ടികള്‍ സന്തോഷം കൊണ്ട് തുളളിച്ചാടുന്നു. അവര്‍ ഉറക്കെ എന്തോ പറയുന്നു. നദിയിലൂടെ ചെറിയ ബോട്ടുകളും പോകുന്നു. ഞങ്ങളും അല്പനേരം പച്ചപ്പുല്ലിലിരുന്ന് വിശ്രമിച്ചു. കൈകളില്‍ കരുതിയിരുന്ന ശീതള പാനീയം കുടിച്ചു. അടുത്തിരിക്കുന്ന കുട്ടികള്‍ പ്രാവുകളുമായി ചങ്ങാത്തത്തിലാണ്. അവര്‍ കൊറിച്ചുകൊണ്ടിരുന്നത് പ്രാവുകള്‍ക്കും കൊടുക്കുന്നുണ്ട്. മിണ്ടാപ്രാണികളോടുളള ഇവിടുത്തുകാരുടെ സ്‌നേഹവും സൗഹൃദവും കുട്ടികള്‍ ചെറുപ്പത്തല്‍ ശീലിക്കുന്നത് പ്രാവുകളില്‍ നിന്നായിരിക്കുമെന്ന് ഞാന്‍ ഓണക്കൂറിനോട് പറഞ്ഞു. ഏതാനം കുട്ടികള്‍ പ്രാവുകളെ കയ്യിലെടുത്തു താലോലിക്കുന്നു. ഞങ്ങളുടെ സംസാരത്തില്‍ നിഴലിച്ചു നിന്നതും ഇവര്‍ മിണ്ടാപ്രാണികളോടെ കാട്ടുന്ന കാരുണ്യത്തെപ്പറ്റിയായിരിന്നു. അതിനാല്‍ കരുത്തില്ലാത്ത ജീവികളോടും അവര്‍ കരുണ കാട്ടുന്നു. ഞങ്ങള്‍ എഴുന്നേറ്റ് നടന്നു. പാലത്തില്‍ കയറി താഴേക്ക് നോക്കി. മനോഹര കാഴ്ചകള്‍. അരയന്നങ്ങളാണ് അതില്‍ പ്രധാനം. പലരും ഫോട്ടോകള്‍ എടുക്കുന്നു. ഒരു റെസ്റ്റോറന്റെില്‍ നിന്ന് ഭക്ഷണം കഴിച്ചിട്ട് ലണ്ടനിലേക്ക് മടങ്ങി.