ലണ്ടന്‍: ലണ്ടന്‍ ഭീകരാക്രമണത്തിനു ശേഷം അറസ്റ്റ് ചെയ്ത 12 പേരെ ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചു. ഇവര്‍ക്കെതിരെ കുറ്റങ്ങളൊന്നും ചുമത്തിയിട്ടില്ലെന്ന് സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് അറിയിച്ചു. ഏഴ് സ്ത്രീകളും അഞ്ച് പുരുഷന്‍മാരുമാണ് ബാര്‍ക്കിംഗില്‍ നിന്ന് ഞായറാഴ്ച അറസ്റ്റിലായിരുന്നത്. ആക്രമണത്തില്‍ ഏഴ് പേര്‍ മരിക്കുകയും 48 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 55 വയസുള്ള പുരുഷനും 53കാരിയായ സ്ത്രീയുമാണ് ആദ്യം പുറത്തു വന്നത്. ബാക്കിയുള്ളവരെ പിന്നീട് മോചിപ്പിച്ചു.

ബാര്‍ക്കിംഗിലും ന്യൂഹാമിലുമായി പോലീസ് നടത്തി റെയ്ഡുകളിലാണ് ഇവര്‍ അറസ്റ്റിലായത്. ലണ്ടനില്‍ ആക്രമണം നടത്തിയവരില്‍ രണ്ടുപേരെ തിരിച്ചറിഞ്ഞ ശേഷമാണ് ഇവരെ മോചിപ്പിച്ചത്. പാകിസ്ഥാന്‍ വംശജനായ ബ്രിട്ടീഷ് പൗരന്‍ ഖുറം ഷസാദ് ബട്ട് എന്ന 27കാരനും മൊറോക്കന്‍ ലിബിയനായ റഷീദ റെദോവാനുമാണ് തിരിച്ചറിയപ്പെട്ടവര്‍. ആക്രമണത്തിനിടെ പോലീസിന്റെ വെടിയേറ്റ് ഇവര്‍ കൊല്ലപ്പെട്ടിരുന്നു. ബട്ടിനേക്കുറിച്ച് പോലീസിന് നേരത്തേ അറിയാമായിരുന്നെങ്കിലും ഒരു ഭീകരാക്രമണത്തിന് ഇയാള്‍ പദ്ധതിയിടുന്നതായി സൂചനകള്‍ ഇല്ലായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM

മാഞ്ചസ്റ്റര്‍ അറീനയില്‍ സ്‌ഫോടനം നടത്തിയ ചാവേര്‍ സല്‍മാന്‍ അബേദിയുടെ സഹോദരന്‍ ഇസ്മയില്‍ അബേദിയും കഴിഞ്ഞ ദിവസം മോചിതനായി. 22 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിനു ശേഷം പിടിയിലായിരുന്ന ഇയാള്‍ക്കെതിരെയും പോലീസ് കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ല.