പിതാവ് ശക്തമായി കുലുക്കിയതിനെത്തുടര്‍ന്ന് കുഞ്ഞ് മരിച്ചു. അലെജാന്ദ്രോ റൂബിം എന്ന ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞാണ് മരിച്ചത്. മസ്തിഷ്‌കത്തിനും കണ്ണുകള്‍ക്കും തലക്കുമേറ്റ പരിക്കുകളായിരുന്നു മരണകാരണം. സംഭവത്തില്‍ പിതാവായ പെഡ്രോ റൂബിമിനെ എട്ടര വര്‍ഷം തടവിന് ശിക്ഷിച്ചു. നാല് ദിവസം ചികിത്സയില്‍ കഴിഞ്ഞ ശേഷമാണ് കുഞ്ഞ് മരിച്ചത്. സംഭവം ഹൃദയഭേദകമാണെന്നായിരുന്നു മെറ്റ് പോലീസ് ഡിറ്റക്ടീവ് കോണ്‍സ്റ്റബിള്‍ ഡേവിഡ് വെസ്റ്റ് പറഞ്ഞത്. നവജാതശിശുക്കള്‍ക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ സഹായത്തിന് അഭ്യര്‍ത്ഥിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. പിതാവിന്റെ പക്കല്‍ കുട്ടി സുരക്ഷിതനാകേണ്ടതായിരുന്നു. പക്ഷേ സംഭവിച്ചത് മറിച്ചാണെന്നും വെസ്റ്റ് വ്യക്തമാക്കി.
ബൗണ്‍സറില്‍ നിന്ന് കുഞ്ഞ് താഴെ വീണുവെന്നാണ് എന്‍ഫീല്‍ഡില്‍ താമസിക്കുന്ന റൂബിം ആദ്യം പോലീസിനോട് പറഞ്ഞത്. കുഞ്ഞിനെ എടുത്ത താന്‍ അവന് ബോധം വരുത്താനായി കുലുക്കിയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ശക്തമായ കുലുക്കത്തിലുണ്ടായ മസ്തിഷ്‌ക ക്ഷതവും കണ്ണിനുണ്ടായ ക്ഷതവും മറ്റും പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. കുഞ്ഞിന്റെ ജീവന്‍ പിതാവ് കവരുകയായിരുന്നുവെന്ന് എന്‍എസ്പിസിസി വക്താവും പ്രതികരിച്ചു. കുട്ടികള്‍ക്കുണ്ടാകുന്ന വീഴ്ചകള്‍ക്കും പരിക്കുകള്‍ക്കും സഹായം തേടുകയാണ് വേണ്ടത്. അതിന് എന്‍എസ്പിസിസി ഉപദേശങ്ങളും പിന്തുണയും മാതാപിതാക്കള്‍ക്ക് നല്‍കാറുണ്ടെന്നും വക്താവ് പറഞ്ഞു.
കുട്ടിയുടെ അമ്മ ഡെന്റിസ്റ്റിനെ കാണാന്‍ പോയ സമയത്താണ് അപകടമുണ്ടായത്. പാല്‍ എടുക്കുന്നതിനായി താന്‍ പോയ സമയത്താണ് കുഞ്ഞ് താഴെ വീണതെന്ന് റൂബിം പറഞ്ഞെങ്കിലും മരണകാരണമായത് വീഴ്ചയിലുണ്ടായ ക്ഷതങ്ങളല്ലെന്ന് തെളിഞ്ഞതോടെ ഇയാള്‍ക്ക് കോടതി ശിക്ഷ നല്‍കുകയായിരുന്നു.
Leave a Reply