ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇസ്രയേൽ വിരുദ്ധ പ്രതിഷേധത്തിൽ ജിഹാദിന് ആഹ്വാനം ചെയ്ത തീവ്ര ഇസ്ലാമിക് ഗ്രൂപ്പിൽ നേതാവ് എൻഎച്ച്എസിൽ ഡോക്ടർ ആണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ പുറത്തുവന്നു. യുകെയിലെ ഹിസ്ബുത്തഹ്‌രീർ എന്ന തീവ്രവാദ സംഘടനയുടെ നേതാവ് ആയി പ്രവർത്തിക്കുന്ന അബ്ദുൾ വാഹിദ് ഈ മാസം ആദ്യം ഇസ്രയേലിൽ 1400 പേർ മരിക്കാനിടയായ ഭീകരാക്രമണത്തിൽ സന്തോഷം പ്രകടിപ്പിക്കുന്ന ആളാണ്. 20 വർഷത്തിലേറെയായി ഇയാൾ തൻറെ യഥാർത്ഥ പേരായ ഡോ വാഹിദ് ആസിഫ് ഷൈദയിൽ എന്നപേരിൽ ഡോക്ടറായി പ്രാക്ടീസ് ചെയ്തിരുന്നു എന്ന് മെയിൽ ഓൺ സൺഡേ പത്രത്തിൻ്റെ വെളിപ്പെടുത്തലാണ് വിവാദങ്ങൾ തുടക്കമിട്ടത്.
എന്നാൽ വിവരങ്ങൾ പുറത്തുവന്നപ്പോൾ അദ്ദേഹത്തിൽനിന്ന് ചികിത്സ സ്വീകരിച്ച രോഗികൾ കടുത്ത ഞെട്ടലിലാണ്. നന്നായി സംസാരിക്കുന്ന ചികിത്സ വൈദഗ്ദ്യമുള്ള ജി.പിയുടെ ഇരട്ട മുഖത്തെ കുറിച്ച് അറിയില്ലായിരുന്നു എന്നാണ് രോഗികൾ പലരും പ്രതികരിച്ചത്. കഴിഞ്ഞ വാരാന്ത്യത്തിൽ ലണ്ടനിലെ ഈജിപ്ത്, തുർക്കി എംബസികൾക്ക് പുറത്ത് നടന്ന റാലിയിലാണ് വിവാദമായ ജിഹാദ് ആഹ്വാനം നടന്നത് .റാലിയിൽ പങ്കെടുത്തവർ വിളിച്ച പ്രകോപനപരമായ മുദ്രാവാക്യങ്ങളെ തുടർന്ന് പോലീസ് നടപടി സ്വീകരിക്കാതിരുന്നത് കടുത്ത വിമർശനങ്ങൾ വിളിച്ചു വരുത്തിയിരുന്നു. ഇതിനെ തുടർന്ന് പോലീസ് മേധാവികളോട് ആഭ്യന്തര സെക്രട്ടറി സുല്ലാ ബ്രാവർമാൻ വിശദീകരണം ആരാഞ്ഞിരുന്നു.
സംഭവത്തിനു ശേഷവും വിവാദ ഡോക്ടർ ജോലിയിൽ പ്രവേശിച്ചതായാണ് റിപ്പോർട്ടുകൾ. ഡോക്ടറുടെ ഇരട്ട മുഖത്തെ കുറിച്ചുള്ള വെളിപ്പെടുത്തൽ യുകെയിലെ ആരോഗ്യമേഖലയിൽ കടുത്ത ചലനങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇത്രമാത്രം തീവ്ര നിലപാടുകൾ ഉള്ള ഒരു ഡോക്ടർ എങ്ങനെ ജൂത വംശജനായ ഒരാൾക്ക് ശരിയായി ചികിത്സ നൽകും എന്ന കാര്യത്തിൽ പ്രതികരിച്ച പലരും സംശയം പ്രകടിപ്പിച്ചു
Leave a Reply