എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് ഒഴിവാക്കപ്പെട്ടതു വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. സര്‍വീസ് നിര്‍ത്തലാക്കുന്നതിന്റെ ഭാഗമായാണ് ബുക്ക് ചെയ്തിരുന്ന മലയാളികള്‍ക്ക് അറിയിപ്പ് വന്നത്.
എയര്‍ ഇന്ത്യയുടെ കൊച്ചി -ലണ്ടന്‍ ഡയറക്ട് ഫ്ളൈറ്റ് സമ്മര്‍ ഷെഡ്യൂളില്‍ നിന്ന് അപ്രത്യക്ഷമായതിനെ കുറിച്ച് അന്വേഷിക്കാമെന്ന് എയര്‍ഇന്ത്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഉറപ്പ് നല്‍കിയിരിക്കുകയാണ്. ഏപ്രില്‍ മുതല്‍ ബുക്കിങ് സൈറ്റുകളില്‍ നിന്ന് ഈ സര്‍വീസ് അപ്രത്യക്ഷമായ കാര്യം ചൂണ്ടിക്കാട്ടി നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ കെ ഹരികൃഷ്ണന് നമ്പൂതിരി എയര്‍ഇന്ത്യ സിഇഒ കാംബെല്‍ വില്സന് ഇ മെയില്‍ സന്ദേശം അയച്ചിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം അന്വേഷിക്കാമെന്നും കൂടുതല്‍ സര്‍വീസ് അനുവദിക്കണമെന്ന ആവശ്യം നെറ്റ്വര്‍ക്ക് പ്ലാനിങ് ടീമുമായി ചര്‍ച്ച ചെയ്യാമെന്നും അദ്ദേഹം അറിയിച്ചത്.
ബ്രിട്ടനിലെ മലയാളി സമൂഹം ഏറെ ആശ്രയിക്കുന്ന സര്‍വീസ് ഇല്ലാതാകുന്നത് അസൗകര്യമാണെന്നും മലയാളി സമൂഹം കൂടുതല്‍ സര്‍വീസുകള്‍ക്കായി കാത്തിരിക്കുമ്പോള്‍ നിലവിലെ സര്‍വീസ് ഇല്ലാതാക്കുന്നത് നിരാശാ ജനകമാണെന്നും ഹരികൃഷ്ണന് നമ്പൂതിരി ഇ മെയില്‍ സന്ദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു.
എയര്‍ ഇന്ത്യയുടെ ലണ്ടന്‍ -കൊച്ചി ഡയറക്ട് വിമാന സര്‍വീസ് നിന്നുപോകുന്നതിന്റെ സൂചനകള്‍ യുകെ മലയാളികള്‍ക്ക് ആശങ്കയായിരുന്നു. ദുബായ് വഴിയും ഡല്‍ഹി വഴിയും റീ ഷെഡ്യൂള്‍ ചെയ്യാനും എയര്‍ ഇന്ത്യ ആരംഭിച്ചതാണ് എല്ലാവരിലും നിരാശയുണ്ടാക്കിയത്. പല മലയാളികള്‍ക്കും റീഷെഡ്യൂള്‍ ബുക്കിങ് സൈറ്റുകളിലൊന്നും 2023 ഏപ്രിലിന് ശേഷം ഇങ്ങനെ ഒരു സര്‍വീസ് കാണിക്കുന്നില്ല, അടുത്ത വര്‍ഷം ജൂലൈ ആഗസ്ത് മാസങ്ങളില്‍ എയര്‍ഇന്ത്യ ഡയറക്ട് ഫ്ളൈറ്റില്‍ കൊച്ചിയിലേക്ക് ബുക്ക് ചെയ്തിരുന്ന പലരുടേയും ടിക്കറ്റ് മാറ്റിയതായി ഇ മെയില്‍ കിട്ടി. ഇതെല്ലാം ഡയറക്ട് കൊച്ചി ഫ്ളൈറ്റ് ഇനിയില്ലെന്ന സൂചന നല്‍കുന്നതാണ്.
ആഴ്ചയില്‍ മൂന്നു ദിവസമുള്ള സര്‍വീസ് അഞ്ചു ദിവസമാക്കാനുള്ള ചര്‍ച്ച നടക്കുന്നുണ്ടെന്നായിരുന്നു ലോക കേരള സഭ യൂറോപ് മേഖല സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. കൊച്ചി എയര്‍പോര്‍ട്ട് ഡയറക്ടര്‍ കൂടിയായ പ്രമുഖ വ്യവസായി എം എ യൂസഫലിയും ഇക്കാര്യം ശരിവച്ചിരുന്നു. എന്നാല്‍ എയര്‍ഇന്ത്യയുടെ പുതിയ നിലപാട് ആശങ്കയുണ്ടാക്കിയിരുന്നു. കുറച്ചു കാലം മുമ്പും എയര്‍ഇന്ത്യ കൊച്ചി ഡയറക്ട് സര്‍വീസ് കുറച്ചുകാലത്തേക്ക് ബുക്കിങ് സൈറ്റുകളില്‍ നിന്ന് അപ്രത്യക്ഷമായിരുന്നു. എന്നാല്‍ ശക്തമായ ഇടപെടലിലാണ് വീണ്ടും ആരംഭിച്ചത്.
കോവിഡ് സമയത്ത് വന്ദേ ഭാരത് എന്ന പേരിലാണ് ഡയറക്ട് സര്‍വീസ് തുടങ്ങിയത്. പിന്നീട് കോവിഡിന് ശേഷവും റെഗുലര്‍ ഷെഡ്യൂളായി. ആഴ്ചയില്‍ ഒരു സര്‍വീസ് എന്നത് തിരക്കു പരിഗണിച്ച് മൂന്നായി. പത്തു മണിക്കൂറില്‍ ഒറ്റപറക്കലില്‍ നാട്ടിലെത്താമെന്നതായിരുന്നു ഇതിന്റെ ഗുണം. കുട്ടികളും പ്രായമായവരുമൊക്കെ ഈ സര്‍വീസ് പ്രയോജനപ്പെടുത്തിയിരുന്നു.
Leave a Reply