കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത ഗ്രാമര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇന്ത്യന്‍ വംശജയെ ആരോ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് മാതാപിതാക്കള്‍. ഹാംപ്‌സ്റ്റെഡിലെ ഹെന്റീറ്റ ബാര്‍നെറ്റ് സ്‌കൂളില്‍ വിദ്യാര്‍ത്ഥിയായിരുന്ന പതിനാലുകാരി എലേന മോന്‍ഡാലിനെ കഴിഞ്ഞ വര്‍ഷമാണ് തൂങ്ങി മരിക്കാന്‍ ശ്രമിക്കുന്നതിനിടെയില്‍ കണ്ടെത്തിയത്. സ്‌കൂളിന്റെ സമീപത്തുള്ള മരങ്ങള്‍ നിറഞ്ഞ പ്രദേശത്ത് വെച്ചായിരുന്നു സ്‌കൂളിലെ അധ്യാപകന്മാരിലൊരാള്‍ എലേനയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. എലേനയെ കാണാതായതോടെ പോലീസും സ്‌കൂള്‍ അധികൃതരും സമീപ പ്രദേശങ്ങളില്‍ അന്വേഷണം നടത്തിയിരുന്നു. എന്നാല്‍ കുട്ടിയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന ഈ അന്വേഷണങ്ങള്‍ പോലീസിനെ തെറ്റായ സ്ഥലത്ത് കൊണ്ടെത്തിക്കുകയായിരുന്നു. കൃത്യസമയത്ത് സ്ഥലം കണ്ടുപിടിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അവളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നു.
പഠന കാര്യത്തില്‍ വളരെയധികം മികവ് പുലര്‍ത്തിയിരുന്ന വിദ്യാര്‍ത്ഥിനികളില്‍ ഒരാളായിരുന്നു മരിച്ച എലേന മോന്‍ഡാല്‍. മകളുടെ മരണത്തില്‍ അതീവ ദു:ഖിതരാണ് എലേനയുടെ മാതാപിതാക്കളായ ശ്യാമലും മൗഷുമി മോന്‍ഡാലും. തങ്ങളുടെ മകള്‍ മരണപ്പെടുന്നതിന് മുന്‍പ് ആരുടെയെങ്കിലും ഭീഷണിക്കിരയായതായി സംശയമുണ്ടെന്ന് ബാര്‍നെറ്റ് കോറോണേഴ്‌സ് കോടതിയില്‍ നടന്ന വിചാരണയില്‍ ഇവര്‍ വ്യക്തമാക്കി. ദുരന്തം നടന്ന ദിവസം എലേനയുടെ ഫോണ്‍ ആക്ടിവിറ്റികളുമായി ബന്ധപ്പെട്ട് നടന്ന സംഭവങ്ങളെക്കുറിച്ച് വിവരിക്കാന്‍ കേസ് അന്വേഷിച്ച പോലീസ് കോണ്‍സ്റ്റബിള്‍ സൈമണ്‍ നോര്‍ത്തിനോട് ഫാമിലി ബാരിസ്റ്റര്‍ ആവശ്യപ്പെട്ടിരുന്നു. വിദ്യാര്‍ത്ഥിനി മരിക്കുന്ന ദിവസം ഫോണ്‍ വളരെ കുറച്ചു മാത്രമെ ഉപയോഗിച്ചിരുന്നുള്ളുവെന്ന് സൈമണ്‍ നോര്‍ത്ത് കോടതിയെ ബോധിപ്പിച്ചു.
എലേനയുടെ ഫോണില്‍ നിന്ന് മായ്ച്ചു കളഞ്ഞിരിക്കുന്ന സന്ദേശങ്ങള്‍ കണ്ടെത്തുക അസാധ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫോണില്‍ നിന്ന് ഡാറ്റകള്‍ ഡിലീറ്റ് ചെയ്തിരുന്നതായി കണ്ടെത്തിയിരുന്നു. വിവിധ മാനസിക പ്രശ്‌നങ്ങള്‍ മൂലം എലേന ബുദ്ധിമുട്ടിയിരുന്നതായി കുട്ടിയ ചികിത്സിച്ച സൈക്യാട്രിസ്റ്റ് കോടതിയില്‍ അറിയിച്ചു. ഭക്ഷണത്തോട് വിരക്തിയുണ്ടാവുക സ്വയം ദേഹോപദ്രവം ഏല്‍പ്പിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ മൂലം എലേന ബാര്‍നെറ്റ്‌സ് ചൈല്‍ഡ് ആന്റ് അഡോളസെന്റ് മെന്റല്‍ ഹെല്‍ത്ത് സര്‍വീസില്‍ നിന്ന് കൗണ്‍സലിംഗ് തേടിയിരുന്നു. ഹാംപ്‌സ്റ്റെഡിലെ റോയല്‍ ഫ്രീ ഹോസ്പിറ്റലിലും എലേന ചികിത്സ നേടിയിരുന്നു. മറ്റു കുട്ടികളപ്പോലെ ഭാവിയെക്കുറിച്ച് വലിയ ആഗ്രഹങ്ങള്‍ സൂക്ഷിച്ചിരുന്ന മനസ്സായിരുന്നു എലേനയുടേതും. പഠിച്ച് ഡോക്ടറാകണമെന്നായിരുന്നു എലേന സ്വപ്‌നം കണ്ടിരുന്നത്.
Leave a Reply