ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടനിലെ ഒരു നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന ജീവനക്കാരൻ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നേരത്തെ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ, ഇയാൾക്കെതിരെ 15 പുതിയ കുറ്റങ്ങൾ കൂടി ചുമത്തിയതായി ബ്രിട്ടീഷ് പൊലീസ് അറിയിച്ചു. വെസ്റ്റ് ഹാംപ്സ്റ്റെഡിലെ ബ്രൈറ്റ് ഹൊറൈസൺസ് നേഴ്‌സറിയിൽ ജോലി ചെയ്തിരുന്ന വിൻസെന്റ് ചാൻ (45) ആണ് പ്രതി . ഈ നേഴ്സറി പിന്നീട് അടച്ചു പൂട്ടിയിരുന്നു. 2022 മുതൽ 2024 വരെയുള്ള കാലയളവിൽ രണ്ടുമുതൽ നാലുവയസുവരെയുള്ള നാല് പെൺകുട്ടികളെ ലൈംഗികമായി ആക്രമിച്ചതടക്കം 26 കുറ്റങ്ങൾ ഇയാൾ നേരത്തെ സമ്മതിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പുതുതായി ചുമത്തിയിരിക്കുന്ന 15 കുറ്റങ്ങൾ, മുൻ കേസുകളേക്കാൾ മുമ്പ് നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ടതാണ്. കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈവശം വെച്ചതും പൊതു മര്യാദ ലംഘിച്ചതുമായി ബന്ധപ്പെട്ടതാണ് പുതിയ കുറ്റങ്ങൾ. ഇതിൽ ഒമ്പത് കേസുകൾ കുട്ടികളുടെ അശ്ലീല ചിത്രം അല്ലെങ്കിൽ വ്യാജ ചിത്രം എടുത്തതുമായി ബന്ധപ്പെട്ടതും, ആറ് കേസുകൾ പൊതു സ്ഥലങ്ങളിൽ അശ്ലീല പ്രവർത്തനം നടത്തിയതുമായി ബന്ധപ്പെട്ടതുമാണ്. ഈ കുറ്റങ്ങൾ ഒമ്പത് പെൺകുട്ടികളുമായി ബന്ധപ്പെട്ടതാണെന്ന് പൊലീസ് വ്യക്തമാക്കി.

ഫിൻച്ലിയിൽ താമസിക്കുന്ന വിൻസെന്റ് ചാൻ മുൻ കേസുകളിൽ ശിക്ഷ വിധി കാത്ത് കസ്റ്റഡിയിൽ തുടരുകയാണ്. മുൻ കുറ്റങ്ങളിൽ കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഗുരുതര കേസുകളും, ആയിരക്കണക്കിന് അശ്ലീല ചിത്രങ്ങൾ നിർമ്മിക്കുകയും സൂക്ഷിക്കുകയും ചെയ്തതും ഉൾപ്പെടുന്നു. കേസിൽ അന്വേഷണം തുടരുകയാണെന്നും, കൂടുതൽ വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്നും പൊലീസ് അറിയിച്ചു.