സ്വന്തം ലേഖകൻ
ലണ്ടൻ :- ലണ്ടനിലെ ഹൈഡെ പാർക്കിൽ ലോക്ക് ഡൗണിനെതിരെ പ്രതിഷേധിച്ച 19 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് പത്തു പേർക്ക് കൂട്ടം കൂടിയതിനു പിഴയും ചെലുത്തി വിട്ടയച്ചു. ശനിയാഴ്ചയാണ് സെൻട്രൽ ലണ്ടൻ പാർക്കിൽ ആളുകൾ കൂട്ടമായി എത്തി പ്രതിഷേധിച്ചത്. അറസ്റ്റ് ചെയ്തവരിൽ മുൻ ലേബർ പാർട്ടി നേതാവ് ജെർമി കോർബിന്റെ സഹോദരൻ പിയേഴ്സ് കോർബിനും ഉൾപ്പെടും. 5ജിയും കൊറോണ ബാധയും തമ്മിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അദ്ദേഹം പ്രതിഷേധത്തിൽ പങ്കെടുത്തത്. ഇതോടൊപ്പം തന്നെ ലോക്ക് ഡൗൺ തികച്ചും കള്ളത്തരം ആണെന്നും അദ്ദേഹം ആരോപിച്ചു. അദ്ദേഹത്തോട് പിരിഞ്ഞുപോകാൻ ആവശ്യപ്പെട്ടെങ്കിലും, പിരിഞ്ഞുപോകാതെ വന്നതിനെ തുടർന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്.

ഗവൺമെന്റ് ഏർപ്പെടുത്തിയ സാമൂഹിക അകലം പാലിക്കണമെന്ന് നിർദ്ദേശത്തിനെതിരെ ആണ് പലരും പ്രതിഷേധിച്ചതെന്ന് ഡെപ്യൂട്ടി അസിസ്റ്റന്റ് കമ്മീഷണർ ലോറെൻസ് ടെയ്ലർ പറഞ്ഞു. ജനങ്ങൾ ഇത്തരത്തിൽ പെരുമാറിയാൽ രോഗബാധ വ്യാപിക്കുന്നതിന് ഇടയാകുമെന്നും അവർ പറഞ്ഞു. വൈറസിന്റെ പേരിൽ ജനങ്ങളുടെ അവകാശങ്ങൾ നഷ്ടപ്പെടുത്തുന്നതിനെതിരെയാണ് പ്രധിഷേധിച്ചത് എന്ന് പങ്കെടുത്തവരിൽ ഒരാളായ ഡേവിഡ് സാംസൺ പറഞ്ഞു. ലോക്ക് ഡൗൺ മൂലം ഉണ്ടാകുന്ന നഷ്ടങ്ങളെ മറ്റൊരു പ്രതിഷേധകയായ കാതറിൻ ഹാർവെ ചൂണ്ടി കാട്ടി.

ബ്രിട്ടനിൽ ഇതുവരെ കൊറോണ ബാധമൂലം 34,000 ത്തോളം മരണങ്ങളാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ ഒന്നുമുതൽ സ്കൂളുകൾ തുറക്കാനുള്ള തീരുമാനങ്ങളും ചിലപ്പോൾ ഉണ്ടാകും എന്നാണ് നിഗമനം. പലയിടത്തും അടച്ചിടലിനെതിരെ പ്രതിഷേധങ്ങളും ശക്തമാണ്. ഇത്തരം സാഹചര്യത്തിൽ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ജനങ്ങൾ.











Leave a Reply