അപ്പച്ചന്‍ കണ്ണഞ്ചിറ

ലണ്ടന്‍: ലണ്ടനിലെ സെന്റ് ജോണ്‍ ബോസ്‌കോ കോളേജില്‍ മണിക്കൂറുകള്‍ നീണ്ടു നിന്ന ബൈബിള്‍ കലോത്സവം തിരുവചന അക്ഷരാഖ്യാനങ്ങളുടെ മികവുറ്റ സംഗീത, നൃത്ത, നടന ആവിഷ്‌കാരങ്ങളിലൂടെ അനുഗ്രഹ സാന്ദ്രമായി. അതുല്യമായ കലാവൈഭവ പ്രകടനങ്ങള്‍ അരങ്ങുവാണ വേദി അക്ഷരാര്‍ത്ഥത്തില്‍ വിശ്വാസ പ്രഘോഷണങ്ങളുടെ വിളനിലം തീര്‍ക്കുകയായിരുന്നു.

വിശുദ്ധ ഗ്രന്ഥം പ്രതിഷ്ഠിച്ചു കൊണ്ട് നിലവിളക്കു കൊളുത്തി ശുഭാരംഭം കുറിച്ച ലണ്ടന്‍ റീജിയണല്‍ ബൈബിള്‍ കലോത്സവത്തില്‍ ഫാ.തോമസ് പാറയടി, റീജിയണല്‍ സഹകാരി ഫാ.ജോസ് അന്ത്യാംകുളം, ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, ആതിഥേയ കോളേജിന്റെ പ്രതിനിധിയും സലേഷ്യന്‍ വൈദികനുമായ ഫാ.സാജു മുല്ലശ്ശേരി, ഡീക്കന്‍ ജോയ്സ് ജെയിംസ് എന്നിവര്‍ നേതൃത്വം നല്‍കി. ലണ്ടന്‍ റീജിയണിലെ വെസ്റ്റ്മിന്‍സ്റ്റര്‍, ബ്രെന്‍ഡ്വുഡ്, സൗത്താര്‍ക്ക് തുടങ്ങിയ ചാപ്ലിന്‍സികളുടെ കീഴിലുള്ള 22 കുര്‍ബ്ബാന കേന്ദ്രങ്ങളില്‍ നിന്നായി വിജയിച്ചെത്തിയ മത്സരാര്‍ത്ഥികള്‍ അതുല്യമായ കലാ നൈപുണ്യം ആണ് വേദിയില്‍ പുറത്തെടുത്തത്.

പാട്ട്, ഡാന്‍സ്, ടാബ്ലോ, പ്രശ്ചന്ന വേഷം, സ്‌കിറ്റ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ റീഡിങ്, ഉപന്യാസം, പ്രസംഗം, പെയിന്റിങ്, ചിത്രരചന അടക്കം പ്രായാടിസ്ഥാനത്തില്‍ നടത്തപ്പെട്ട നിരവധി മത്സരങ്ങള്‍ അത്യന്തം ആവേശവും വാശിയും നിറഞ്ഞതായി. മികവുറ്റ സംഘാടകത്വവും,സമയ നിഷ്ഠമായ ഒരുക്കങ്ങളും സുഗമമായ ക്രമീകരണങ്ങളും ഏറെ പ്രശംസനീയമായി.

മതാദ്ധ്യാപകരുടെയും പള്ളിക്കമ്മിറ്റിക്കാരുടെയും നിസ്സീമമായ സഹകരണവും നേതൃത്വവും പ്രൊഫഷണല്‍ വിധികര്‍ത്താക്കളുടെ സ്തുത്യര്‍ഹമായ സേവനവും മാതാപിതാക്കളുടെ അതീവ താല്‍പ്പര്യവും, സഭാ സമൂഹത്തിന്റെ പ്രോത്സാഹനവും കോളേജിന്റെ
വിശാലമായ സൗകര്യങ്ങളും ലണ്ടന്‍ റീജിയണല്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ക്കുകയായിരുന്നു.

സ്റ്റീവനേജ്, വാല്‍ത്തംസ്റ്റോ, ഈസ്റ്റ്ഹാം തുടങ്ങിയ പാരീഷ് സമൂഹങ്ങള്‍ മത്സരങ്ങളില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൊയ്തപ്പോളും എല്ലാ കുര്‍ബ്ബാന കേന്ദ്രങ്ങളും തന്നെ ശക്തമായ മത്സരങ്ങളും വിജയങ്ങളും പുറത്തെടുത്താണ് പിരിഞ്ഞത്. ‘അബ്രാഹത്തിന്റെ ബലി’ എന്ന ബൈബിള്‍ സ്‌കിറ്റ് കലോത്സവത്തിലെ ഏറ്റവും ശ്രദ്ധേയവും ഹൈലൈറ്റുമായി.

കലോത്സവ സമാപനത്തില്‍ വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കേറ്റ് വിതരണവും നടത്തപ്പെട്ടു. ഉപന്യാസം,ചിത്ര രചന, പെയിന്റിങ് അടക്കം ചില മത്സരങ്ങളുടെ ഫലം പിന്നീട് അറിയിക്കും. അതിനു ശേഷമേ റീജിയണല്‍ കലോത്സവത്തിലെ ഓവറോള്‍ ജേതാക്കളെയും,കലാ തിലകത്തെയും പ്രഖ്യാപിക്കാനാവൂ.

റീജിയണല്‍ ബൈബിള്‍ കലോത്സവത്തെ വന്‍ വിജയമാക്കി തീര്‍ത്ത ഏവര്‍ക്കും ഫാ.ജോസ് അകൈതവമായ നന്ദി പ്രകാശിപ്പിച്ചു. ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബൈബിള്‍ കലോത്സവ ഗ്രാന്‍ഡ് ഫിനാലെ നവംബര്‍ നാലിന് ബ്രിസ്റ്റോളില്‍ വെച്ച് നടത്തപ്പെടും.