റജി നന്തിക്കാട്ട്
ലണ്ടന്‍: ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ‘വര്‍ണനിലാവ്’ ഷോയ്ക്ക് പ്രൗഢോജ്വല സമാപനം. ശനിയാഴ്ച (മാര്‍ച്ച് 18) വൈകിട്ട് ആറിന് ഈസ്റ്റ് ഹാമിലെ ശ്രീനാരായണ ഗുരുമിഷന്‍ ഹാളിലാണ് സംഗീത നൃത്ത സന്ധ്യ സംഘടിപ്പിച്ചത്. ചടങ്ങില്‍ അന്തരിച്ച നടന്‍ കലാഭവന്‍ മണിയെ അനുസ്മരിക്കുകയും യുകെയിലെ വിവിധ മേഖലകളിലെ കലാപ്രതിഭകളെ ആദരിക്കുകയും ചെയ്തു.

2

യുകെയിലെ പ്രമുഖ സംഘാടകനും സാമൂഹ്യപ്രവര്‍ത്തകനുമായ ടോണി ചെറിയാനാണ് ചടങ്ങ് ഉദ്ഘാടനം ചെയ്തത്. തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കി പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച ചടങ്ങിലേക്ക് സാഹിത്യവേദി കോര്‍ഡിനേറ്റര്‍ റജി നന്തിക്കാട്ട് ഏവരെയും സ്വാഗതം ചെയ്തു. തുടര്‍ന്ന് ഈസ്റ്റ് ഹാമില്‍നിന്നുള്ള മനിഷാ ഷാജന്‍, ആഞ്ചലിന ആന്റോ, മരിയ ടോണി, നിതീഷ് സജി, ചഞ്ചല്‍ ജോസഫ്, ജൊവാന പ്രകാശ്, ശ്രുതി ശ്രീകുമാര്‍, എന്‍ഫീല്‍ഡില്‍ നിന്നുള്ള ലിന്‍ ജിജോ, ഹീര സതീഷ്, മറിയ എന്നിവര്‍ ചടുലമായ നൃത്തച്ചുവടുകളുമായി വേദിയിലെത്തി. പ്രമുഖ ഗായകരായ മനോജ് പണിക്കര്‍, ജയ്ന്‍ കെ. ജോണ്‍, ജിജോ, ശാന്തമ്മ സുകുമാരന്‍, മനിഷാ ഷാജന്‍ എന്നിവരുടെ ചലച്ചിത്ര ഗാനാലാപനം, പ്രമുഖ നാടക നടനും സംഘാടകനുമായ ജയ്‌സണ്‍ ജോര്‍ജിന്റെ കവിതാ ആലാപനം എന്നിവയും തുടര്‍ന്നുനടന്നു. പ്രമുഖ പ്രഭാഷകരായ സി.എ. ജോസഫ്, മീര കമല എന്നിവര്‍ സ്വതസിദ്ധമായ ശൈലിയില്‍ കാണികളെ കീഴടക്കി.

3

യുകെയിലെ നാടക രംഗത്തിന് പുത്തനുണര്‍വ് നല്‍കിയ ദൃശ്യകല അവതരിപ്പിച്ച ‘നിറ നിറയോ നിറ’ എന്ന നാടകത്തിലെ അഭിനേതാക്കളെയും പിന്നണപ്രവര്‍ത്തകരെയും പ്രമുഖ നൃത്താധ്യാപകരും കൊറിയോഗ്രാഫേഴ്സുമാരുമായ കലാഭവന്‍ നൈസ്, കലാമണ്ഡലം ശ്രുതി, ശ്രീധന്യ രാമന്‍ എന്നിവരെ വേദിയില്‍ പൊന്നാടയണിയിച്ച് ആദരിച്ചു. നാടകത്തിന്റെ സംവിധായകന്‍ ശശി എസ്. കുളമട ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചു. 2016 ലെ സാഹിത്യ വേദി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹരായ പ്രമുഖ എഴുത്തുകാരായ ജോയിപ്പാനും ജിന്‍സണ്‍ ഇരിട്ടിയും യുകെയിലെ അറിയപ്പെടുന്ന കലാകാരന്‍ മനോജ് ശിവയില്‍ നിന്നും പുരസ്‌കാരങ്ങള്‍ സ്വീകരിച്ചു.

4

സാംസ്‌കാരിക പ്രവര്‍ത്തകരായ കെ.കെ. മോഹന്‍ദാസ്, ബേബിക്കുട്ടി, സുഗതന്‍ തെക്കെപ്പുര, നേഴ്‌സസ് ഫോറം മുന്‍ പ്രസിഡന്റ് ഏബ്രഹാം പൊന്നുംപുരയിടം, എബി സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ ആഘോഷത്തില്‍ അതിഥികളായി.

5
യോഗത്തില്‍ ജയ്‌സണ്‍ ജോര്‍ജ് കൃതജ്ഞതയും സീന മികവാര്‍ന്ന അവതരണവും നടത്തി. ജീസന്‍ ശബ്ദവും പ്രകാശവും നിയന്ത്രിച്ചു. എന്‍ഫീല്‍ഡിലെ ബിനു ആഘോഷത്തിന്റെ മികവുറ്റ ചിത്രങ്ങള്‍ കാമറയില്‍ പകര്‍ത്തി. ഷാജന്‍ ജോസഫിന്റെ നേതൃത്വത്തില്‍ കമ്മറ്റി ആഘോഷത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു.

6

7