ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ :- കനത്ത മഴയും കൊടുങ്കാറ്റും കാരണം ബ്രിട്ടനിലെ പല നഗരങ്ങളും ഗ്രാമങ്ങളും വെള്ളത്തിനടിയിലായിരിക്കുകയാണ്. ലണ്ടൻ നഗരത്തിലെ ഭൂരിഭാഗം സ്ട്രീറ്റുകളും വെള്ളത്തിനടിയിലാണെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യപ്പെട്ട വീഡിയോകൾ വ്യക്തമാക്കുന്നു. ഈസ്റ്റ് ലണ്ടനിലെ വാൽത്താംസ്റ്റോവിലും, സൗത്ത് ലണ്ടനിലെ ബാറ്റർസീയിലും മാത്രമായി ഏകദേശം അൻപതോളം ഇടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിരിക്കുകയാണ് എന്ന് അഗ്നിശമനസേനാംഗങ്ങൾ അറിയിച്ചു. ഇതേത്തുടർന്ന് കഴിഞ്ഞ ദിവസം നോർത്തേൺ അയർലൻഡ്, നോർത്ത് വെയിൽസ്, നോർത്തേൺ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നു. പലയിടങ്ങളിലും കാറുകളും മറ്റും വെള്ളത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ഒരാഴ്ച കൂടി ഈ സാഹചര്യം നിലനിൽക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകൻ ഡോക്ടർ ഗ്രഗ് ഡ്യുഹർസ്റ്റ് അറിയിച്ചത്.
കനത്ത വെള്ളപ്പൊക്കം മൂലം പൊതുഗതാഗതവും താറുമാറായ അവസ്ഥയിലാണ്. ലണ്ടനിലെ അണ്ടർഗ്രൗണ്ട് സ്റ്റേഷനുകളായ സ്റ്റെപ്നി ഗ്രീൻ, ഹോൾബോൺ എന്നിവിടങ്ങൾ അടച്ചു. ഇതോടൊപ്പംതന്നെ ലിവർപൂൾ സ്ട്രീറ്റ് സ്റ്റേഷനിലെ ഒരു പ്ലാറ്റ് ഫോമും വെള്ളപ്പൊക്കം മൂലം അടച്ചിട്ടിരിക്കുകയാണ്. അഗ്നിശമനസേനാംഗങ്ങൾ സാഹചര്യത്തെ തരണം ചെയ്യുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ടെന്ന് ലണ്ടൻ മേയർ സാജിദ് ഖാൻ അറിയിച്ചു. കാലാവസ്ഥ വ്യതിയാനം ആണ് ഇത്തരത്തിൽ അപ്രതീക്ഷിതമായ വെള്ളപ്പൊക്കങ്ങൾ ഉണ്ടാക്കുന്നതെന്നാണ് വിദഗ് ധരുടെ നിഗമനം. ഈ മാസം അവസാനത്തോടെ ചൂടു കൂടും എന്നാണ് കാലാവസ്ഥാ നിരീക്ഷകർ വ്യക്തമാക്കുന്നത്. ജനങ്ങൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന കനത്ത നിർദേശം നൽകിയിട്ടുണ്ട്.
Leave a Reply