ന്യൂസ് ഡെസ്ക് മലയാളം യുകെ

യുകെ മലയാളികൾക്ക് ദുഃഖം സമ്മാനിച്ച് രണ്ടു മലയാളികൾ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ഗ്ലോസ്റ്ററിന് സമീപം ചെൽറ്റൻഹാമിലെ റൗണ്ട് എബൗട്ടിലുണ്ടായ അതിദാരുണമായ അപകടത്തിലാണ് മലയാളികൾ കൊല്ലപ്പെട്ടത്. കാറും ലോറിയും തമ്മിൽ ആണ് അപകടം ഉണ്ടായിരിക്കുന്നത്. അപകടത്തിൽ എറണാകുളം മൂവാറ്റുപുഴയ്ക്ക് സമീപം കുന്നയ്ക്കാൽ സ്വദേശി ബിൻസ് രാജൻ (32), കൊല്ലം സ്വദേശി അർച്ചന നിർമ്മൽ എന്നിവരാണ് മരണമടഞ്ഞത്.

 

ബിൻസ് രാജനും ഭാര്യ അനഘയും ഇവരുടെ കുട്ടിയും, സുഹൃത്ത് നിർമ്മൽ രമേഷ് ഭാര്യ അർച്ചനയും ലൂട്ടനിൽ നിന്നും ഗ്ലോസ്റ്റർഷെയറിലേക്കുള്ള യാത്രാമധ്യേയാണ് അപകടം നടന്നത്. സംഭവസ്ഥലത്ത് വച്ച് തന്നെ ബിൻസ് രാജൻ മരണമടഞ്ഞു. ഭാര്യ അനഘയും കുട്ടിയും ഓക്സ്ഫോർഡ് ഹോസ്പിറ്റലിൽ ചികിത്സയിലാണ്. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.

കൂടെയുണ്ടായിരുന്ന അർച്ചനയെ ബ്രിസ്റ്റോൾ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അർച്ചന കൊല്ലം സ്വദേശിയാണ്. ഭർത്താവ് നിർമ്മൽ രമേഷ് പത്തനംതിട്ട വല്ലച്ചിറ സ്വദേശിയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിലാണ് ബിൻസ് രാജനും ഭാര്യ അനഘയും തങ്ങളുടെ ഒരു വയസുള്ള കുട്ടിയുമൊത്ത് യുകെയിലെത്തിയത്. അനഘ ലൂട്ടൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുവാനാണ് കുടുംബസമേതം യുകെയിൽ എത്തിയത്.

ഈ അപകടത്തിന്റെ കാരണങ്ങൾ പോലീസ് അന്വേഷിക്കുന്നു. അപകടം ആർക്കും എവിടെ വച്ചും നടക്കാം എന്നിരുന്നാലും നമ്മുടെ അറിവില്ലായ്മകൊണ്ടും അശ്രദ്ധകൊണ്ടും വരുന്നത് ഒഴിവാക്കാൻ സാധിക്കണം. എങ്കിലും സമീപകാലത്തെ മലയാളികൾ ഉൾപ്പെട്ട അപകടങ്ങൾ നോക്കുകയാണെങ്കിൽ  എല്ലാ അപകടങ്ങളും നടന്നിരിക്കുന്നത് പുതുതായി യുകെയിൽ  എത്തിയിട്ടുള്ളവരാണ്. ദയവായി നാട്ടിലെ ഡ്രൈവിംഗ് വച്ച് യുകെയിൽ ഡ്രൈവ് ചെയ്യാതിരിക്കുക. കൃത്യമായ പരിശീലനം, നാവിഗേഷൻ സിസ്റ്റത്തെ കൂടുതലായി ആശ്രയിക്കാതെ, റോഡ് സുരക്ഷാ ബോർഡുകൾ വായിച്ചു ഡ്രൈവ് ചെയ്യാനുള്ള പരിശീലനം നേടുക. കാലാവസ്ഥ വ്യതിയാനങ്ങൾ മനസ്സിലാക്കുക. തണുപ്പ് കാലഘട്ടത്തിൽ വേണ്ട മുൻകരുതൽ എടുക്കുക. മോട്ടോർ വേ നിയമങ്ങൾ ഓരോ വർഷവും മാറുന്നു. ഇന്ത്യയിലെ ലൈസെൻസ് ഉപയോഗിച്ച് ഒരു വർഷം ഇവിടെ ഡ്രൈവ് ചെയ്യാം.

ഇപ്പോൾ യുകെയിലേക്ക് ഒരുപാട് പേർ വിദ്യാർത്ഥിയായും നഴ്സുമാരായും എത്തുന്നു. ഇത് വായിക്കുന്ന മാതാപിതാക്കൾ പഠിക്കാൻ യുകെയിലേക്ക് വരുന്ന മക്കളോട് പറയാൻ മടിക്കരുത്. ഡ്രൈവിംഗ് സ്കൂളിൽ പോയി, അല്ലെങ്കിൽ യുകെയിൽ ഡ്രൈവിംഗ് ലൈസെൻസ് ലഭിച്ച് മൂന്ന് വർഷമെങ്കിലും പരിചയമുള്ളവരോട് ഡ്രൈവിംഗ് ഉപദേശങ്ങൾ നേടുകയും ഓടിച്ചു പ്രാക്റ്റീസും ചെയ്‌തശേഷം തനിയെ ഡ്രൈവിംഗ് ചെയ്യാൻ ശ്രമിക്കുക.

ബിൻസ് രാജൻെറയും അർച്ചന നിർമ്മലിൻെറയും നിര്യാണത്തിൽ മലയാളം യുകെയുടെ അനുശോചനം ബന്ധുക്കളെയും സുഹൃത്തുക്കളെയും അറിയിക്കുന്നു.