ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ മാതൃകയിലുള്ള ബസുകൾ ഇംഗ്ലണ്ടിൽ ഉടനീളം വ്യാപിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. പദ്ധതി വിജയകരമായി നടപ്പിലാക്കാൻ ഏകദേശം 1 ബില്യൺ പൗണ്ട് നൽകാനാണ് നിലവിൽ സർക്കാർ തലത്തിൽ തീരുമാനം എടുത്തിരിക്കുന്നത്. ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) ന് സാമ്പത്തിക സഹായം പ്രഖ്യാപിച്ചതിനുശേഷം പദ്ധതിയുടെ കൂടുതൽ വിവരങ്ങൾ പുറത്തു വന്നു.
ലണ്ടൻ മാതൃകയിലുള്ള ബസ് സർവീസുകൾ രാജ്യത്തിന്റെ എല്ലാ ഭാഗത്തും നടപ്പിലാക്കുന്നത് വികസനത്തിന് പുതിയ മാതൃക സൃഷ്ടിക്കുമെന്നാണ് ഡിപ്പാർട്ട്‌മെൻ്റ് ഫോർ ട്രാൻസ്‌പോർട്ട് (ഡിഎഫ്‌ടി) വിലയിരുത്തുന്നത്. പദ്ധതി നടപ്പിലാക്കുമ്പോൾ ഓരോ പ്രദേശത്തിന്റെയും ജനസംഖ്യയുടെയും ദാരിദ്ര്യത്തിന്റെയും നിലവാരത്തെ അടിസ്ഥാനമാക്കി ഫണ്ട് അനുവദിക്കാനാണ് തീരുമാനം എടുത്തിരിക്കുന്നത്. ഇതിന്റെ അടിസ്‌ഥാനത്തിൽ ലെസ്റ്റർ, ഐൽ ഓഫ് വൈറ്റ്, ടോർബേ, സൗത്ത്ഹെൻഡ്, കേംബ്രിഡ്ജ്ഷയർ, പീറ്റർബറോ എന്നിവയ്ക്ക് കൂടുതൽ തുക ലഭിക്കുമെന്ന് ഡിഎഫ്‌ടി അറിയിച്ചു . നഗരപ്രദേശങ്ങളിൽ, സൗത്ത് യോർക്ക്ഷെയറിനെയും ലിവർപൂൾ സിറ്റി റീജിയണിനെയും പ്രതിനിധീകരിക്കുന്ന കൗൺസിലുകൾക്കും കൂടിയ തോതിൽ തുക ലഭിക്കും.പ്രാദേശിക കൗൺസിലുകൾക്ക് സേവനങ്ങൾ മെച്ചപ്പെടുത്താൻ 712 മില്യൺ പൗണ്ടും ബസ് ഓപ്പറേറ്റർമാർക്ക് 243 മില്യൺ പൗണ്ടും ലഭിക്കും എന്നാണ് പുറത്തുവരുന്ന റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇംഗ്ലണ്ടിൽ ഏകദേശം 3.4 ദശലക്ഷം ആളുകളാണ് ബസിൽ സ്ഥിരമായി യാത്ര ചെയ്യുന്നത് . നിലവിലെ പദ്ധതി പൂർത്തിയാകുന്നതോടെ ബസ് സർവീസ് ഇംഗ്ലണ്ടിൽ ഏറ്റവും സാധാരണമായി ഉപയോഗിക്കുന്ന പൊതു ഗതാഗത മാർഗമായി മാറും. പദ്ധതിയുടെ ഭാഗമായി ഇംഗ്ലണ്ടിൽ ഉടനീളമുള്ള പ്രാദേശിക കൗൺസിലുകൾക്ക് ബസ് സർവീസുകളുടെ നിയന്ത്രണം കാര്യക്ഷമമായി നടത്തുന്നതിന് അധികാരം നൽകാൻ ലക്ഷ്യമിടുന്ന ബസ് ബിൽ നടപ്പിലാക്കുമെന്ന് ട്രാൻസ്‌പോർട്ട് സെക്രട്ടറി ലൂയിസ് ഹെയ് പറഞ്ഞു. പദ്ധതിക്കായി യാത്രക്കാരിൽ നിന്നുള്ള ടിക്കറ്റ് ചാർജിൻ്റെ ഒരു വിഹിതം നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ കഴിഞ്ഞ മാസം നിരക്കുകൾ വർദ്ധിപ്പിക്കാൻ ലേബർ പാർട്ടി എടുത്ത തീരുമാനത്തിനോട് കടുത്ത വിയോജിപ്പാണ് കൺസർവേറ്റീവ് ഷാഡോ ട്രാൻസ്‌പോർട്ട് സെക്രട്ടറി ഗാരെത് ബേക്കൺ രേഖപ്പെടുത്തിയത്. ഗ്രാമീണ സമൂഹങ്ങളും തൊഴിലാളികളും പെൻഷൻകാരുമാണ് ഇത്തരം നടപടികളുടെ തിക്തഫലങ്ങൾ അനുഭവിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
Leave a Reply