സൂപ്പർമാർക്കറ്റുകളിൽ ഭക്ഷ്യവസ്തുക്കളിൽ സിറിഞ്ച് ഉപയോഗിച്ച് വിഷം കുത്തിവച്ചുവെന്ന് സംശയിക്കുന്ന ഒരാൾ പിടിയിൽ. പടിഞ്ഞാറൻ ലണ്ടനിലെ ഫുൾഹാം പാലസ് റോഡിലുള്ള ടെസ്കോ, വെയിറ്ററോസ്‌, സെയ്ൻസ്ബറി എന്നീ മൂന്ന് സൂപ്പർ മാർക്കറ്റുകൾ സന്ദർശിച്ച പ്രതിയെന്ന് സംശയിക്കുന്നയാൾ നിരവധി സിറിഞ്ചുകൾ ഉപയോഗിച്ച് ഭക്ഷ്യവസ്തുക്കളിൽ വിഷം കുത്തിവയ്ക്കുകയായിരുന്നു.

ഇയാൾ ഇതിനുശേഷം തെരുവിൽ ആളുകൾക്ക് നേരെ അധിക്ഷേപവും ആക്രോശങ്ങളും നടത്തിയതിനെ തുടർന്ന് പരിസരവാസികൾ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസെത്തി ഇയ്യാളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് ഹാമർസ്മിത്ത് & ഫുൾഹാം കൗൺസിൽ അധികൃതർ പറഞ്ഞു. പൊതുസ്ഥലത്ത് ബഹളമുണ്ടാക്കുകയും പൊതുജനങ്ങളുടെ ജീവൻ അപകടപ്പെടുത്തുന്ന പ്രവർത്തി ചെയ്തുവെന്ന് ആരോപിച്ചാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സംഭവത്തെത്തുടർന്ന് മൂന്ന് സൂപ്പർ മാർക്കറ്റുകളും അടച്ചു, ബുധനാഴ്ച വൈകുന്നേരം കൗൺസിൽ സോഷ്യൽ മീഡിയയിലൂടെ “എമർജൻസി അലർട്ട്” പുറപ്പെടുവിച്ചു. സംഭവം നടന്ന സൂപ്പർ മാർക്കറ്റുകളിൽ നിന്ന് വാങ്ങിയ ഭക്ഷ്യവസ്തുക്കൾ ഉപയോഗിക്കരുതെന്ന മുന്നറിയിപ്പാണ് കൗൺസിൽ അധികൃതർ നൽകിയിരിക്കുന്നത്. എച്ച് & എഫ് കൗൺസിലിന്റെ പരിസ്ഥിതി ആരോഗ്യ സംഘം സൂപ്പർമാർക്കറ്റ് ശാഖകളിൽ കൂടുതൽ പരിശോധനകൾ നടത്തുന്നുണ്ട്.

സംസ്കരിച്ച മാംസവും മൈക്രോവേവ് ചെയ്യാവുന്ന ഉൽപ്പന്നങ്ങളുമാണ് വിഷ ബാധയേറ്റതായി സംശയിക്കുന്നതെന്നും കൗൺസിൽ വൃത്തങ്ങൾ വ്യക്തമാക്കി. എന്നാൽ ഏതെല്ലാം ഉൽപ്പന്നങ്ങളിലാണ് വിഷാംശം കണ്ടെത്തിയതെന്ന് കൗൺസിൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. അറസ്റ്റിലായ ആളെ കൂടുതൽ ചോദ്യം ചെയ്തതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പുറത്തുവിടൂ എന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കൗൺസിൽ അധികൃതർ അഭ്യർത്ഥിച്ചു.