ലണ്ടന്‍: ലണ്ടനില്‍ ഇന്നലെയുണ്ടായ ഭീകരാക്രമണത്തിന് കാരണം ഇന്റലിജന്‍സ് പിഴവാണെന്ന് ആരോപണം ഉയരുന്നു. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം ഏര്‍പ്പെടുത്തിയിരുന്ന കനത്ത സുരക്ഷ കുറയ്ക്കാന്‍ തെരേസ മേയ് സര്‍ക്കാര്‍ എടുത്ത തീരുമാനമാണ് ഇപ്പോള്‍ പ്രതിക്കൂട്ടിലായിരിക്കുന്നത്. മാഞ്ചസ്റ്റര്‍ ആക്രമണത്തിനു ശേഷം രാജ്യത്തിന്റെ സുരക്ഷ ക്രിട്ടിക്കല്‍ ആയി പ്രഖ്യാപിച്ചിരുന്നു. ഇത് സീവിയര്‍ ആയി പ്രഖ്യാപിക്കുകയും തെരുവുകളില്‍ വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിക്കുകയും ചെയ്തതാണ് ഇപ്പോള്‍ ചോദ്യം ചെയ്യപ്പെടുന്നത്.
ഇന്റലിജന്‍സ് പിഴവാണ് സുരക്ഷ വിലയിരുത്തുന്നതില്‍ പരാജയമുണ്ടാകാന്‍ കാരണമെന്ന് വിമര്‍ശനം ഉയരുന്നു. ആക്രമണം ഉണ്ടായ സ്ഥലത്ത് സായുധ പോലീസ് എത്തിയത് 10-15 മിനിറ്റിനു ശേഷമാണെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. സായുധരല്ലാത്ത കമ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥര്‍ നിസഹായരായിരുന്നു. ആദ്യത്തെ എമര്‍ജന്‍സി കോള്‍ എത്തി 8 മിനിറ്റിനുള്ളില്‍ മൂന്ന് അക്രമികളെയും വെടിവെച്ച് വീഴ്ത്തിയെന്നാണ് മെട്രോപോളിറ്റന്‍ പോലീസ് അവകാശപ്പെടുന്നത്.
സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡിന്റെ ഭീകരവിരുദ്ധ വിഭാഗമാണ് ഇപ്പോള്‍ സംഭവം അന്വേഷിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ വരും ദിവസങ്ങളില്‍ അറിയാനാകും. ആക്രമണ സ്ഥലത്ത് കേട്ട വെടിയൊച്ചകള്‍ പോലീസിന്റേതാണെന്നും സ്‌ഫോടനം അക്രമികളില്‍ നിന്ന് കണ്ടെത്തിയ സ്‌ഫോടകവസ്തുക്കള്‍ നിയന്ത്രിത സ്‌ഫോടനം നടത്തിയതാണെന്നും പോലീസ് അറിയിക്കുന്നു. സംഭവത്തേത്തുടര്‍ന്ന് ഇന്ന് ക്യാബിനറ്റിന്റെ കോബ്ര മീറ്റിംഗ് ചേരും.
Leave a Reply