ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ : ലണ്ടനിൽ നടക്കുന്ന ജി-7 യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയ ഇന്ത്യന്‍ സംഘത്തിലെ രണ്ടു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിനെ തുടര്‍ന്ന് സംഘത്തിലെ മറ്റു പ്രതിനിധികള്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. ബ്രിട്ടീഷ് ഗവണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ ജി 7 ന്റെ ഭാഗമല്ലെങ്കിലും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് ആശങ്ക ഉയർന്നത്തോടെ പകർച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിനുശേഷം മുഖാമുഖം നടക്കുന്ന ആദ്യത്തെ പ്രധാന യോഗവും പ്രതിസന്ധിയിലായിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കുകയും മാസ്കുകൾ ധരിക്കുകയും ചെയ്യുന്നതിനാൽ യുകെ പ്രതിനിധി സംഘത്തെ ഒറ്റപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് പിഎച്ച്ഇ ഉപദേശിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
നാലുദിവസങ്ങളിലായി ലണ്ടനിലെ ലങ്കാസ്റ്റർ ഹൗസിലാണ് ജി-7 രാജ്യങ്ങളിലെ വിദേശകാര്യ-വികസന മന്ത്രിമാരുടെ യോഗം നടക്കുക. തിങ്കളാഴ്ച ലണ്ടനിലെത്തിയ എസ് ജയശങ്കര്‍ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആന്റണി ബ്ലിങ്കനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രീതി പട്ടേലും ഇന്നലെ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. വ്യാഴാഴ്ച ബ്രിട്ടന്റെ വിദേശകാര്യ സെക്രട്ടറി ഡൊമനിക് റാബുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്താനിരിക്കെയാണ് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. എന്നാൽ കൂടിക്കാഴ്ച ഓൺലൈനായി നടത്തുമെന്ന് അവർ അറിയിച്ചു.
“വിദേശകാര്യ മന്ത്രി ഡോ. ജയശങ്കറിന് ഇന്ന് യോഗത്തിൽ നേരിട്ട് പങ്കെടുക്കാൻ കഴിയാത്തതിൽ ഞങ്ങൾ ഖേദിക്കുന്നു. ഈ രോഗപ്രതിസന്ധി മുന്നിൽ കണ്ടാണ് ഞങ്ങൾ കർശനമായ കോവിഡ് പ്രോട്ടോക്കോളുകളും ദൈനംദിന പരിശോധനയും ഏർപ്പെടുത്തിയത്.” യുകെയിലെ മുതിർന്ന നയതന്ത്രജ്ഞൻ വിശദമാക്കി. രോഗവ്യാപനം എങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഉത്തരം നൽകണമെന്ന് കെയർ സ്റ്റാർമർ ഇന്ന് രാവിലെ ആവശ്യപ്പെട്ടു. സ്വയംനിരീക്ഷണത്തിൽ പ്രവേശിച്ച സാഹചര്യത്തിൽ ഇന്ത്യൻസംഘം വെർച്വൽ ആയാണ് യോഗത്തിൽ പങ്കെടുക്കുക. ഇന്ത്യയിലെ കോവിഡ് കേസുകൾ കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് ഈ ആശങ്കയും ഉടലെടുത്തിരിക്കുന്നത്.
Leave a Reply