ലണ്ടന്‍: നഗരത്തില്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം അഞ്ച് കൊല്ലത്തിനിടെ നൂറ് ശതമാനം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. 2015ല്‍ തെരുവില്‍ക്കഴിയുന്നവരുടെ എണ്ണം 7500 ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ 2009-10ല്‍ ഇത് 3673 പേര്‍ മാത്രമായിരുന്നു. കമ്പൈന്‍ഡ് ഹോംലെസ്‌നെസ് ഇന്‍ഫര്‍മേഷന്റെ കണക്കുകളാണിത്. ഈ സംഖ്യ ഏറെ ദുഃഖകരമാണെന്നാണ് സന്നദ്ധ സംഘടനയായ സെന്റ് മുംഗോസ് ബ്രോഡ്‌വേയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഹോവാര്‍ഡ് സിന്‍ക്ലയര്‍ പറയുന്നത്. ഇവര്‍ക്കായി എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് തങ്ങള്‍ ചോദിക്കുന്നത്. വീടുകള്‍ നഷ്ടപ്പെടുന്നത് തടയാന്‍ എന്ത് ചെയ്യാനാകുമെന്നും അദ്ദേഹം ചോദിക്കുന്നു.
പ്രാദേശിക ഭരണകൂടങ്ങളുടെ ഫണ്ട് വിഹിതം വെട്ടിക്കുറച്ചതാണ് ഇത്തരത്തില്‍ തെരുവിലുറങ്ങുന്നവരുടെ എണ്ണം കൂട്ടിയത്. വീടില്ലാത്ത ചിലര്‍ക്കെങ്കിലും വീട് നിര്‍മിച്ച് നല്‍കാന്‍ ഇപ്പോള്‍ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് കഴിയുന്നില്ല. ഇതിന് പുറമെ വീടുകളുടെ വില കുതിച്ചുയര്‍ന്നതും ഇത്തരക്കാരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നുളള കുടിയേറ്റക്കാരോട് അവരുടെ തൊഴിലുടമകളുടെ സമീപനവും ഇവരെ തെരുവിലേക്ക് തളളി വിടുന്നു. സര്‍ക്കാരിന്റെ പരാജയമാണ് തെരുവില്‍ കഴിയുന്നവരുടെ എണ്ണം കൂട്ടിയതെന്ന് ലണ്ടനിലെ ലേബര്‍ മേയര്‍ സ്ഥാനാര്‍ത്ഥി സാദിഖ് ഖാന്‍ പറയുന്നു. എല്ലാ കൊല്ലവും വീടുകളുടെ വില കുതിച്ചുയരുകയാണ്. ഇത് സാധാരണക്കാര്‍ക്ക് താങ്ങാനാകുന്നതിലും അപ്പുറമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ വെട്ടിക്കുറച്ചതും ഇതിന്റെ ആക്കം കൂട്ടി. വീടില്ലാതാകുന്നവരെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ യാതൊരു പദ്ധതിയും ആവിഷ്‌ക്കരിക്കുന്നില്ല. ഈ സാഹചര്യം അതീവ ഗൗരവമായി പരിഗണിക്കുമെന്നാണ് ലണ്ടനിലെ മേയറുടെ ഓഫീസ് പ്രതികരിച്ചത്. സര്‍ക്കാരും പ്രാദേശിക ഭരണകൂടവുമായി സഹകരിച്ച് വേണ്ട നടപടികള്‍ കൈക്കൊളളും. തലസ്ഥാന നഗരിയിലെ പാതയോരങ്ങളില്‍ ഇനി ആര്‍ക്കും അന്തിയുറങ്ങാനുളള സാഹചര്യമുണ്ടാക്കില്ലെന്നും മേയറോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.