ഇരുപത് വർഷങ്ങൾക്ക് മുന്പ് പാരീസിനടുത്തുള്ള സെന്റ് ഡെനിസിലെ ലോകകപ്പ് ഫുട്ബോൾ വേദി. ആതിഥേയരായ ഫ്രാൻസും കറുത്ത കുതിരകളായ ക്രൊയേഷ്യയും 1998 ലോകകപ്പ് സെമിയിൽ ഏറ്റുമുട്ടുന്നു. ചരിത്രത്തിലാദ്യമായാണ് ക്രൊയേഷ്യ ലോകകപ്പ് വേദിയിൽ എത്തിയത്. ഡാവർ സൂക്കറിന്റെ ചിറകിലേറി സെമിയിലെത്തിയ ക്രൊയേഷ്യ ചരിത്രം കുറിക്കാനുള്ള തയാറെടുപ്പിൽ. 46-ാം മിനിറ്റിൽ സൂക്കർ ഗോളടിച്ചു.
ക്രൊയേഷ്യ 1-0നു മുന്നിൽ. എന്നാൽ, തൊട്ടടുത്ത മിനിറ്റിൽ ലിലിയ തുറാമിലൂടെ ഫ്രാൻസ് ഒപ്പം. 69-ാം മിനിറ്റിൽ തുറാം വീണ്ടും ഗോൾ നേടിയപ്പോൾ ക്രൊയേഷ്യയുടെ ഫൈനൽ മോഹം പൊലിഞ്ഞു. ഫ്രാൻസിനായി ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ പ്രതിരോധ താരമായി തുറാം. 142 മത്സരം കളിച്ച തുറാമിന്റെ പേരിലുള്ള രണ്ടു ഗോളുകളും അതായിരുന്നു.
20വർഷങ്ങൾക്കിപ്പുറം വീണ്ടും ക്രൊയേഷ്യയും ഫ്രാൻസും ലോകകപ്പ് വേദിയിൽ ഏറ്റുമുട്ടുന്നു. ഇത്തവണ ഫൈനലിലാണെന്നതാണ് സവിശേഷത. 1998ൽ ഫ്രാൻസ് ഇറങ്ങിയത് ഇന്നത്തെ അവരുടെ പരിശീലകനായ ദിദിയെ ദേഷാംപിന്റെ നായകത്വത്തിനു കീഴിൽ. അന്ന് ക്രൊയേഷ്യക്കായി ഗോളടിച്ച സൂക്കർ ഇന്ന് ഗാലറിയിലിരുന്ന് ടീമിനെ പ്രോത്സാഹിപ്പിക്കുന്നു.
ക്രൊയേഷ്യയെ സെമിയിൽ കീഴടക്കിയ ഫ്രാൻസ് കന്നി ലോകകപ്പ് ഉയർത്തി. ലൂസേഴ്സ് ഫൈനലിൽ ഹോളണ്ടിനെ 2-1നു കീഴടക്കി ക്രൊയേഷ്യ അന്ന് മൂന്നാം സ്ഥാനക്കാരായി മടങ്ങി. ഹോളണ്ടിനെതിരായ വിജയഗോളും സൂക്കറിന്റെ വകയായിരുന്നു. ദേഷാംപിന്റെ മുന്നിൽ തലകുനിക്കേണ്ടിവന്നതിനു പ്രതികാരം ചെയ്യുകയായിരിക്കും പിൻതലമുറക്കാരായ ലൂക്ക മോഡ്രിച്ചിന്റെയും സംഘത്തിന്റെയും ലക്ഷ്യം. അതിനായി അവർക്ക് തന്ത്രങ്ങളൊരുക്കുന്നത് സ്ലാട്കോ ഡാലിച്ചും. പത്ത് മാസംകൊണ്ടാണ് ഡാലിച്ച് ഈ അദ്ഭുത ടീമിനെ വാർത്തെടുത്തത്.
Leave a Reply