കൂടത്തായി കൂട്ടക്കൊലപാതക കേസില്‍ മുഖ്യപ്രതിയായ ജോളിക്ക് വേണ്ടി താന്‍ ഹാജരാകുമെന്ന് പ്രമുഖ ക്രിമിനല്‍ അഭിഭാഷകന്‍ ബി.എ ആളൂര്‍. ജോളിയുമായി അടുത്ത ബന്ധമുള്ളവരും ജോളിയും കേസ് ഏറ്റെടുക്കണമെന്ന് തന്നോട് ആവശ്യപ്പെട്ടതായും അഡ്വ. ആളൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. ആരാണ് കേസുമായി സമീപിച്ചത് എന്ന് പറയാനാകില്ല. സാഹചര്യ തെളിവുകൾ മാത്രം കൂട്ടിയിണക്കി ജോളിക്കെതിരായ കുറ്റം തെളിയിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
ജൂനിയര്‍ അഭിഭാഷകന്‍ ജോളിയെ കണ്ടിരുന്നു. കേസിന് വലിയ വ്യാപ്തിയില്ലന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. കുറ്റപത്രം സമയത്തിനു നല്‍കാന്‍ പ്രോസിക്യൂഷന് സാധിക്കില്ല. ജോളിയോട് കേസുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും നടത്തിയിട്ടില്ല. നരഹത്യയാണെന്ന് തെളിയിക്കേണ്ടത് പ്രോസിക്യൂഷനാണ്. ചെറിയ കുട്ടിയൊഴികെ ബാക്കി എല്ലാവരും ആത്മഹത്യ ചെയ്തതാകുമെന്നാണ് വാര്‍ത്തകളില്‍നിന്ന് മനസിലാകുന്നത്. സയനൈഡ് സ്വയം കഴിച്ചതാണോ പ്രതി കൊടുത്തതാണോ എന്നത് തെളിയേണ്ട കാര്യമാണ്. വിദേശത്ത് രാസ പരിശോധന നടത്തിയാൽ ആറു മാസത്തിനുള്ളിൽ ഫലം ലഭിക്കില്ല. അതുകൊണ്ട് സമയത്ത് കുറ്റപത്രം സമർപ്പിക്കാൻ കഴിയില്ലെന്നും ആളൂര്‍ പ്രതികരിച്ചു.
ജോളി കുറ്റാരോപിത മാത്രമാണ്. കുറ്റവാളിയാണെന്ന് കോടതിയില്‍ തെളിയിക്കുന്നത് വരെ ജോളി നിരപരാധിയായിരിക്കും. താന്‍ പ്രതികള്‍ക്ക് വേണ്ടി മാത്രം കേസെടുക്കുന്ന അഭിഭാഷകനല്ലെന്നും ഇരകള്‍ സമീപിച്ചാല്‍ അവര്‍ക്ക് വേണ്ടിയും ഹാജരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Reply