ന്യൂസ് ഡെസ്ക് മലയാളം യുകെ
യുകെയും ചൈനയും തമ്മിൽ ശക്തമായ സാമ്പത്തിക വ്യാപാര ബന്ധങ്ങൾ ഉണ്ടെങ്കിലും രണ്ടു രാജ്യങ്ങളും തമ്മിൽ നായതന്ത്ര തലത്തിലുള്ള പിരിമുറുക്കങ്ങൾ പതിവാണ്. പ്രത്യേകിച്ച് മനുഷ്യാവകാശ പ്രശ്നങ്ങൾ ,ഹോങ്കോങ് തുടങ്ങിയ വിഷയങ്ങളിൽ രണ്ട് രാഷ്ട്രങ്ങളും തമ്മിൽ അകൽച്ച ഉടലെടുത്തിരുന്നു. ടിബറ്റിലെ ചൈനയുടെ ഇടപെടലും മറ്റ് മനുഷ്യാവകാശ പ്രശ്നങ്ങളെയും ശക്തമായി യുകെ അപലപിച്ചിട്ടുണ്ട്. ഹോങ്കോങ്ങിൽ ചൈന പുതിയ ദേശീയ സുരക്ഷാ നിയമം നടപ്പിലാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കുന്നതിന് കാരണമായിട്ടുണ്ട്. ബ്രിട്ടീഷ് നാഷണൽ ഓവർസീസ് (ബി എന്‍ ഒ) പാസ്പോർട്ടുകൾ കൈവശമുള്ള ഹോങ്കോങ് നിവാസികൾക്ക് പിആർ നൽകാനുള്ള യുകെയുടെ തീരുമാനത്തോട് ചൈന ശക്തമായാണ് പ്രതികരിച്ചത്.
എന്നാൽ ഡേവിഡ് കാമറൂണ്‍ പുതിയ ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റത്തോടുകൂടി ചൈനയുമായുള്ള യുകെയുടെ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ സൂചനകൾ പുറത്തുവന്നു. കാലാവസ്ഥാ വ്യതിയാനം പോലുള്ള പ്രശ്നങ്ങൾ ആഗോളതലത്തിൽ പരിഹരിക്കുന്നതിൽ ചൈനയ്ക്ക് സുപ്രധാന പങ്കുണ്ടെന്ന് വിദേശകാര്യ സെക്രട്ടറിയായതിനുശേഷമുള്ള തന്റെ ആദ്യ സമ്പൂർണ്ണ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു . യുകെയുടെ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയുമായി സൗഹൃദം കാത്തുസൂക്ഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ ചെലുത്തിയ ആളാണ് ഡേവിഡ് കാമറൂൺ. 1 ബില്യൺ പൗണ്ട് ചൈന ഇൻവെസ്റ്റ്മെന്റ് ഫണ്ട് സ്ഥാപിക്കാൻ താൻ 6 വർഷം പ്രധാനമന്ത്രിയായിരുന്ന കാലഘട്ടത്ത് അദ്ദേഹം ശ്രമിച്ചിരുന്നു. പ്രധാനമന്ത്രിയായ സമയത്ത് മുതിർന്ന ചൈനീസ് നേതാക്കളെ അദ്ദേഹം കണ്ടത് അന്ന് വൻ വാർത്താ പ്രാധാന്യം നേടിയിരുന്നു.
കാമറൂൺ വിദേശകാര്യ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് ചൈനയോടുള്ള മനോഭാവം മയപ്പെടുത്തുവാൻ യുകെ ശ്രമിക്കുമോ എന്ന ആശങ്ക ഭരണപക്ഷത്തെ തന്നെ പല എംപിമാർക്കും ഉണ്ട് . വിദേശ പ്രതിരോധ സുരക്ഷാ നയങ്ങളിൽ ബ്രിട്ടൻ യൂറോപ്യൻ യൂണിനുമായി കൂടുതൽ അടുത്തിടപഴകണമെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞത് ബ്രേക്സിറ്റ് അനുകൂല ടോറി എംപിമാരെ രോക്ഷാകുലരാക്കിയിട്ടുണ്ട് . ചൈനയുമായുള്ള ബന്ധങ്ങളിൽ അമേരിക്ക ഉൾപ്പെടെയുള്ള സഖ്യകക്ഷികളുടെ സമാനമായ നയങ്ങളായിരിക്കും ഡേവിഡ് കാമറൂണും പിന്തുടരുകയെന്നാണ് പൊതുവെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്
Leave a Reply